എഡിറ്റര്‍
എഡിറ്റര്‍
ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു
എഡിറ്റര്‍
Friday 13th October 2017 8:07am

കെയ്‌റൊ: പലസ്തീന്‍ കക്ഷികളായ ഹമാസും ഫതഹും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. കെയ്‌റോയില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവെക്കുന്നത്. 2011ല്‍ ധാരണയായതും ഇതുവരെ നടപ്പിലാക്കാന്‍ സാധിക്കാത്തതുമായ ഐക്യ സര്‍ക്കാര്‍ കരാറിലാണ് ഇരു കക്ഷികളും ഒപ്പുവെച്ചത്.

2007 മുതലാണ് ഹമാസും ഫതഹും അകല്‍ച്ചയിലായത്. പുതിയ ഉടമ്പടി പ്രകാരം ഹമാസിന്റെ നിയന്ത്രണത്തിലായിരുന്ന ഗാസ ഇനി ഫതഹിന്റേ നേതൃത്വത്തിലുള്ള ഐക്യസര്‍ക്കാര്‍ ഭരിക്കും.

ഈജിപ്തിന്റെയുംമറ്റു അറബ് രാഷ്ട്രങ്ങളുടെയും മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടത്തി പോന്നിരുന്നത്. ഉടമ്പടി കരാറില്‍ ഹമാസ് നേതാവ് ഹസന്‍ അല്‍ അരൗറിയും ഫതഹ് പ്രതിനിധി അസം അല്‍ അഹ്മദുമാണ് ഒപ്പുവെച്ചത്.

കരാര്‍ പലസ്തീന്റെ ചരിത്രത്തില്‍ പുതിയ ഏടാകുമെന്ന് ഹമാസ് വക്താവ് സലാഹ് അല്‍ ബര്‍ദാവില്‍ പറഞ്ഞു.

 

ഉടമ്പടി അനുസരിച്ച് ഗാസ-ഈജിപ്ത് അതിര്‍ത്തിയായ റഫയുടെ നീരീക്ഷണ ചുമതല ഫതഹിന് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വരുന്ന ഡിസംബറോടെ ഗാസയുടെ ചുമതല മുഴുവന്‍ ഫതഹ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് നല്‍കും. ഗാസയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള പ്രശ്‌നം , ജീവനക്കാരുടെ പുനര്‍നിയമനം എന്നിവയടക്കമുള്ള പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ലീഗല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതടക്കം ഉടമ്പടി മുന്നോട്ട് വെക്കുന്നുണ്ട്.

2006 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയതോടെയാണ് ഫതഹിന് ഹമാസ് അനഭിമതരാകുന്നത്. പ്രതിസന്ധി അവസാനിപ്പിക്കാന്‍ 2007ല്‍ ഇരുകക്ഷികളും ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഹമാസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിരിച്ചുവിട്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മെഹമൂദ് അബ്ബാസ് ഉത്തരവിട്ടതോടെ ഗാസ ഹമാസ് പിടിച്ചടക്കുകയായിരുന്നു.


Read more:   യു.എസും ഇസ്രാഈലും യുനെസ്‌കോ വിട്ടു; നടപടി പാലസ്തീന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച്


2014ല്‍ ഫതഹുമായി അനുരഞ്ജന കരാറിന് ഹമാസ് തയ്യാറായിരുന്നെങ്കിലും പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.

ഐക്യസര്‍ക്കാര്‍ രൂപം കൊള്ളുന്നതിലൂടെ ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ദുരിതപൂര്‍ണ്ണമായ ജീവിതത്തിനും അറുതിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement