ഞങ്ങള്‍ ഉക്രൈനല്ലല്ലോ, അതിനാല്‍ മാധ്യമങ്ങള്‍ ഞങ്ങളുടെ രക്തസാക്ഷികളെ പ്രകീര്‍ത്തിക്കില്ല; ഹോളിവുഡ് താരങ്ങളും പ്രധാനമന്ത്രിമാരും ഗാസ സന്ദര്‍ശിക്കില്ല: ഫലസ്തീന് നേരെയുള്ള ഇരട്ടത്താപ്പില്‍ നിരീക്ഷക യാര ഹവാരി
World News
ഞങ്ങള്‍ ഉക്രൈനല്ലല്ലോ, അതിനാല്‍ മാധ്യമങ്ങള്‍ ഞങ്ങളുടെ രക്തസാക്ഷികളെ പ്രകീര്‍ത്തിക്കില്ല; ഹോളിവുഡ് താരങ്ങളും പ്രധാനമന്ത്രിമാരും ഗാസ സന്ദര്‍ശിക്കില്ല: ഫലസ്തീന് നേരെയുള്ള ഇരട്ടത്താപ്പില്‍ നിരീക്ഷക യാര ഹവാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 10:39 pm

ടെല്‍ അവീവ്: ഫലസ്തീനെതിരെയുള്ള ഇസ്രഈല്‍ അധിനിവേശത്തിനും അക്രമങ്ങള്‍ക്കും നേരെ ലോകം സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് ഫലസ്തീന്‍ നിരീക്ഷക.

ഫലസ്തീനിയന്‍ അക്കാഡമീഷ്യനും എഴുത്തുകാരിയും പോളിസി അനലിസ്റ്റുമായ ഡോ. യാര ഹവാരി അല്‍ ജസീറയിലെഴുതിയ ലേഖനത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളടക്കം ഫലസ്തീനോട് കാണിക്കുന്ന അവഗണനയെ കുറിച്ച് സംസാരിക്കുന്നത്.

‘ഞങ്ങള്‍ ഉക്രൈനല്ല, അതുകൊണ്ട് ഞങ്ങളുടെ പ്രതിരോധത്തെ അവര്‍ പിന്തുണക്കില്ല’ എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയിരിക്കുന്നത്.

ഗാസ മുനമ്പില്‍ ഇസ്രഈല്‍ സൈന്യം മൂന്ന് ദിവസത്തോളം നീണ്ടുനിന്ന വ്യോമാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യാര ഹവാരിയുടെ ലേഖനം. ഗാസയില്‍ നടന്ന ആക്രമണത്തില്‍ 15 കുട്ടികളുള്‍പ്പെടെ 44 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെങ്കിലും ഉക്രൈനെ പിന്തുണച്ചത് പോലെ ഫലസ്തീന് പിന്തുണയുമായി ആരും വന്നില്ലെന്നും ഹവാരി ചൂണ്ടിക്കാണിക്കുന്നു.

ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഇസ്രഈലിനെ പിന്തുണച്ചുകൊണ്ട് നടത്തിയ പ്രസ്താവനയും ഹവാരി എടുത്തുപറഞ്ഞു. ”ഡസന്‍ കണക്കിന് ഫലസ്തീനികളെ കൊല്ലുന്നതിനെക്കുറിച്ച് പരാമര്‍ശിക്കാതെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, ഇസ്രഈല്‍ ഭരണകൂടത്തെ പിന്തുണച്ച് ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

‘യു.കെ ഇസ്രഈലിനൊപ്പം നില്‍ക്കുന്നു, സ്വയം പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്,’ എന്ന് ലിസ് ട്രസ് പറഞ്ഞു. ഇസ്രഈല്‍ ഭരണകൂടത്തിന് തുടക്കം മുതല്‍ യു.കെ നല്‍കിയ അചഞ്ചലമായ പിന്തുണ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അതിശയിക്കാനില്ല. ഗാസയില്‍ ബോംബിടാന്‍ യു.കെ ഇസ്രഈല്‍ ഭരണകൂടത്തിന് മിലിറ്ററി ഹാര്‍ഡ്വെയര്‍ നല്‍കുന്നതിലും അതിശയമില്ല,” യാര ഹവാരി പറഞ്ഞു.

”ഞങ്ങള്‍ ഉക്രൈനല്ലെന്ന് ഞങ്ങള്‍ക്കറിയാം. ഉക്രൈനികള്‍ക്ക് ലഭിക്കുന്ന അതേ പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം.

അധിനിവേശ ശക്തിയെ ചെറുക്കാനുള്ള ഞങ്ങളുടെ അവകാശത്തെ ആരും സംരക്ഷിക്കില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഞങ്ങളുടെ രക്തസാക്ഷികളെ പ്രകീര്‍ത്തിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യില്ല. പോപ്പ് താരങ്ങളും ഹോളിവുഡ് അഭിനേതാക്കളും പ്രധാനമന്ത്രിമാരും ഗാസയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ വന്ന് കുടുംബങ്ങളെ സന്ദര്‍ശിക്കില്ല.

ആഗോള രാഷ്ട്രീയത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകാത്ത പക്ഷം ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനികളെ ബോംബിട്ട് കൊല്ലുന്നത് തുടരും എന്നതാണ് യാഥാര്‍ത്ഥ്യം,” യാര ഹവാരി ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ റഷ്യ ഉക്രൈനില്‍ അധിനിവേശ ശ്രമങ്ങളും ആക്രമണവുമാരംഭിച്ച സമയത്ത് അമേരിക്ക അടക്കമുള്ള നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുമടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും റഷ്യക്ക് നേരെ വിമര്‍ശനവും ഉക്രൈന് പിന്തുണയും പ്രഖ്യാപിക്കപ്പെട്ടിരുന്നു.

എന്നാല്‍ മിഡില്‍ ഈസ്റ്റിലോ ആഫ്രിക്കന്‍ രാജ്യങ്ങളിലോ ഇത്തരമൊരു പ്രതിസന്ധി വരുമ്പോള്‍ ഇവര്‍ പിന്തുണക്കാറില്ലെന്നും ഇത് യൂറോപ്പിന്റെയും ഇവിടത്തെ മാധ്യമങ്ങളുടെയും ഇരട്ടത്താപ്പാണ് ചൂണ്ടിക്കാണിക്കുന്നതെന്നും അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം ചൊവ്വാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡിനും പിന്നാലെയുണ്ടായ ആക്രമണത്തിലും മൂന്ന് പേര്‍ മരിക്കുകയും നാല്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അല്‍ അഖ്സ ബ്രിഗേഡ് സീനിയര്‍ ആംഡ് റെസിസ്റ്റന്‍സ് കമാന്‍ഡറായ 30കാരന്‍ ഇബ്രാഹിം അല്‍- നബല്‍സിയാണ് (Ibrahim al-Nabulsi) കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

വെസ്റ്റ് ബാങ്ക് നഗരമായ നാബ്ലസിലെ (Nablus) ഒരു വീട്ടിലായിരുന്നു ഇസ്രഈല്‍ സൈന്യം റെയ്ഡ് നടത്തിയത്.

ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 5 മണിക്ക് ഓള്‍ഡ് സിറ്റിയിലെ ഒരു കെട്ടിടം ഇസ്രഈല്‍ സൈന്യം വളയുകയായിരുന്നു. അല്‍-അഖ്‌സ രക്തസാക്ഷി ബ്രിഗേഡ്‌സിന്റെ കമാന്‍ഡറായ നബുള്‍സി അവിടെ കുടുങ്ങിപ്പോകുകയായിരുന്നു.

ഇസ്രഈല്‍ സൈന്യം ഗാസക്ക് നേരെ നടത്തിയ വ്യോമാക്രമണം അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു വെസ്റ്റ് ബാങ്കിലെ ഈ റെയ്ഡ്.

Content Highlight: Palestinian academic, writer and policy analyst Yara Hawari’s writes about world’s hypocricy against Palestine and Ukraine