Administrator
Administrator
ഇടതിനെ കൈവിട്ട് പാലക്കാട്
Administrator
Friday 13th May 2011 7:24pm

പാലക്കാട്: 12 മണ്ഡലങ്ങളില്‍ ഏഴിടത്ത് എല്‍.ഡി.എഫ് നേടിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവാത്തത് വരുംദിവസങ്ങളില്‍ ഇടതു ക്യാമ്പിനെ ഇരുത്തി ചിന്തിപ്പിക്കും. യു.ഡി എഫ് നേതൃത്വംപോലും കൈവിട്ട പാലക്കാട് ജില്ലയില്‍ അഞ്ചു സീറ്റ് നേടാനായത് അവരെത്തന്നെ അത്ഭുതപ്പെടുത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം സ്ഥിതിചെയ്യുന്ന ജില്ല എന്നതിലുപരി നിരവധി കര്‍ഷകസമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ജില്ലയാണ് പാലക്കാട്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള അതിര്‍ത്തിജില്ലയില്‍ രാഷ്ട്രീയസമവാക്യത്തില്‍ വലിയ ചലനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്

മണ്ണാര്‍ക്കാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചെങ്കിലും എല്‍.ഡി.എഫിന് മേധാവിത്വം നിലനിര്‍ത്താനായില്ല. എന്നാല്‍
ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ്് എല്‍.ഡി.എഫിന് വിജയിക്കാനായത്. ഇടതിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചുകൊണ്ട് തൃത്താല,പട്ടാമ്പി, ചിറ്റൂര്‍ എന്നീ മണ്ഡലങ്ങളില്‍ യു.ഡി.എഫ് വിജയിക്കുകയാണുണ്ടായത്.

എല്ലാവരും ഉറ്റുനോക്കിയ മലമ്പുഴയില്‍ 23440 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വിജയിച്ചത്. 2006 ല്‍ നേടിയ ഭൂരിപക്ഷത്തേക്കാളും കൂടിയ ഭൂരിപക്ഷമാണ് ലതിക സുഭാഷിനെതിരെ വി.എസ് നേടിയത്. 2006 നേക്കാളും കൂടുതല്‍ സ്വീകാര്യത വി എസ്സിനുണ്ടായിട്ടുണ്ട്. പ്രചരണകാലയളവില്‍ വിവാദപരമായ ചില പരാമര്‍ശങ്ങള്‍ ഉണ്ടായെങ്കിലും വിജയത്തെ അത് കാര്യമായി ബാധിച്ചില്ല.

2006 ല്‍ ഇടതുതരംഗത്തിലും സി.പി.ഐ യുടെ കെ.ഇ ഇസ്മായിലിനെ കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ സി.പി.മുഹമ്മദ് തന്നെയാണ് ഇത്തവണയും പട്ടാമ്പിയെ പ്രതിനിധീകരിച്ച് നിയമസഭയില്‍ ഉണ്ടാവുക. മണ്ഡലത്തിലെ ഓരോ വ്യക്തിയോടും ബന്ധം സൂക്ഷിക്കുന്ന സി.പി.മുഹമ്മദ് 12475 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥി കെ.പി.സുരേഷ് രാജിനെ തോല്‍പിച്ചത്.

എ.കെ ബാലന്റെ വിജയമാണ് പാലക്കാട് ജില്ലയില്‍ നിന്നും ആദ്യം പുറത്തുവന്ന വാര്‍ത്ത. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷങ്ങളിലൊന്നായ 25,756 വോട്ടുകള്‍ക്കാണ് ബാലന്‍ ജയിച്ചത്. തരൂര്‍ മണ്ഡലത്തില്‍ കേരളകോണ്‍ഗ്രസ് ജേക്കബ് സ്ഥാനാര്‍ത്ഥി എന്‍.വിനേഷിനെയാണ് ബാലന്‍ തോല്‍പിച്ചത്.

കോങ്ങാട് മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കെ.വി.വിജയദാസ് ജില്ലയിലെ കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നായ 3,565 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ പി.സ്വാമിനാഥനെ പരാജയപ്പെടുത്തിയത്.

സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ സമയത്ത് വിവാദമായ ഷൊര്‍ണൂരില്‍ 13493 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സി.പി.ഐ സ്ഥാനാര്‍ത്ഥി കെ.എസ് സലീഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശാന്താജയറാമിനെ തോല്‍പിച്ചു. ഇവിടെ ആദ്യം ഷൊര്‍ണൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ആര്‍ മുരളിയെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി യു ഡി എഫ് തീരുമാനിച്ചിരുന്നു.

ഒറ്റപ്പാലത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥി എം.ഹംസ 13203 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ വി കെ ശ്രീകണ്ഠനെയാണ് ഹംസ പരാജയപ്പെടുത്തിയത്. എന്നാല്‍ മണ്ണാര്‍ക്കാട് യു.ഡി.എഫിന് 8270 വോട്ടുകളോടെ പ്രതീക്ഷിച്ച വിജയം നേടാനായി. യു.ഡി എഫിലെ അഡ്വ.എന്‍ ഷംസുദ്ദീന്‍ സി പി ഐ യിലെ ചാമുണ്ണിയെയാണ് പരാജയപ്പെടുത്തിയത്. ഇടതുപക്ഷം ഏറെ പ്രതീക്ഷ പുലര്‍ത്തിയ പാലക്കാട് 7403 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ വിജയിച്ചു. സി.പി.എമ്മിന്റെ കെ കെ ദിവാകരനെതിരായാണ് ഷാഫി മത്സരിച്ചത്.

സംസ്ഥാനം ഉറ്റുനോക്കിയ മറ്റൊരു വിധിയെഴുത്തില്‍ മാടായി മാടനെ സി പി എമ്മിന്റെ വി.ചെന്താമരാക്ഷന്‍ പരാജയപ്പെടുത്തിയപ്പോള്‍ സംസാഥാനത്തെ ഒരു പാര്‍ട്ടിയുടെ അവസാനംകൂടിയായിരുന്നു അത്. നെന്മാറയില്‍ എം.വി ആറിനെ 8694 വോട്ടുകള്‍ക്കാണ് ചെന്താമരാക്ഷന്‍ തോല്‍പിച്ചത്. സി എം പി ഇനി ചരിത്രത്തിന്റെ ഭാഗമായി മാറിയേക്കാം.

2006 ല്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് ആലത്തൂര്‍ ജനത തങ്ങളുടെ പ്രതിനിധിയെ നിയമസഭയിലേക്കയച്ചത്. എന്നാല്‍ ഇക്കുറി ചരിത്രം ആവര്‍ത്തിച്ചില്ല. ആലത്തൂരില്‍ സി.പി.ഐ.എമ്മിലെ എം ചന്ദ്രന് 24,741 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫിലെ അഡ്വ.കെ കുശലകുമാറിനെയാണ് ചന്ദ്രന്‍ പരാജയപ്പെടുത്തിയത്.

വിവാദങ്ങളടങ്ങാത്ത ചിറ്റൂര്‍ മണ്ഡലത്തില്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല. കൃഷ്ണന്‍കുട്ടിയുടെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.അച്യുതന്റെയും വിവാദപ്രസ്താവനകള്‍കൊണ്ട് അതിര്‍ത്തി മണ്ഡലം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിറ്റൂരില്‍ അച്യുതന്‍ 12330 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി.ഐ.എമ്മിലെ എസ്.സുഭാഷ് ചന്ദ്രബോസിനെ പരാജയപ്പെടുത്തിയത്.

പാലക്കാട്

മണ്ഡലം വിജയിച്ചത് വോട്ട് പാര്‍ട്ടി തൊട്ടടുത്ത് വോട്ട് പാര്‍ട്ടി ഭൂരിപക്ഷം
തൃത്താല അഡ്വ.വി.ടി.ബലറാം 56661 INC മമ്മിക്കുട്ടി 53223 CPI (M) 3438
പട്ടാമ്പി സി.പി.മുഹമ്മദ് 57728 INC കെ.പി.സുരേഷ് 45253 CPI 12475
ഷൊര്‍ണൂര്‍ കെ.എസ്.സലീഖ 59616 CPI (M) ശാന്ത ജയറാം 46123 INC 13493
ഒറ്റപ്പാലം എം.ഹംസ 65023 CPI (M) വി.ശ്രീകണ്ഠന്‍ 51820 INC 13203
കോങ്ങാട് കെ.വി.വിജയദാസ് 52920 CPI (M) പി.സ്വാമിനാഥന്‍ 49355 INC 3565
മണ്ണാര്‍ക്കാട് അഡ്വ:എന്‍ ഷംസുദ്ദീന്‍ 60191 MLKSC വി.ചാമുണ്ണി 51921 CPI 8270
മലമ്പുഴ വി.എസ് അച്യുതാനന്ദന്‍ 77752 CPI (M) ലതികാ സുഭാഷ് 54312 INC 23440
പാലക്കാട് ഷാഫി പറമ്പില്‍ 47641 INC കെ.കെ ദിവാകരന്‍ 40238 CPI (M) 7403
തരൂര്‍ എ.കെ ബാലന്‍ 64175 CPI (M) എന്‍ വിനേഷ് 38419 KC (J) 25756
ചിറ്റൂര്‍ കെ.അച്യുതന്‍ 69916 INC എസ്.സുഭാഷ് ചന്ദ്രബോസ് 57586 CPI (M) 12330
നെന്മാറ വി.ചെന്താമരാക്ഷന്‍ 64169 CPI (M) എം.വി. രാഘവന്‍ 55475 CMP 8694
ആലത്തൂര്‍ എം.ചന്ദ്രന്‍ 66977 CPI (M) അഡ്വ:കെ.കുശലകുമാര്‍ 42236 KC (M) 24741
LDF – 7 UDF – 5 BJP – 0 OTH – 0

Advertisement