എഡിറ്റര്‍
എഡിറ്റര്‍
കോടനാട് എസ്റ്റേറ്റ് കൊലപാതകം: രണ്ടാം പ്രതിയുടെ ഭാര്യയും മകളും മരണപ്പെട്ട വാഹന അപകടം കൊലപാതകമെന്ന് സംശയം
എഡിറ്റര്‍
Saturday 29th April 2017 3:48pm

പാലക്കാട്: കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതിയുടെ ഭാര്യയും മകളും മരണപ്പെട്ട വാഹന അപകടം കൊലപാതകമെന്ന് സൂചന. അപകടത്തിനു മുമ്പേ തന്നെ കൊല്ലപ്പെട്ടതായുള്ള സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

എസ്റ്റേറ്റ് കൊലപാതകത്തിലെ രണ്ടാം പ്രതി സയന്റെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (അഞ്ച്) എന്നിവരാണ് കണ്ണാടിയില്‍ വാഹനാപകടത്തില്‍ മരിച്ചത്.

അമ്മയുടെയും മകളുടെയും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. അപകടം നടക്കുന്നതിനു മുമ്പുതന്നെ ഇവര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.

ഒരേ പോലെയുള്ള മുറിവുകളാണ് വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തിലുള്ളത്. സയന്‍ ഇപ്പോള്‍ പരുക്കുകളുമായി ആശുപത്രിയിലാണ്.

കോടനാട് എസ്റ്റേറ്റ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വാഹനങ്ങള്‍ വ്യത്യസ്ത അപകടങ്ങളില്‍ പെട്ടിരുന്നു. അപകടങ്ങളില്‍ മൂന്നു പേരാണ് മരിച്ചത്.


Dont Miss സി.പി.ഐ.എം ഓഫീസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച പാര്‍സലും ഭീഷണിക്കത്തും: ഇന്ത്യന്‍ മണ്ണില്‍ നിന്നും തീര്‍ത്തുകളയുമെന്ന് ഭീഷണി 


ഒന്നാംപ്രതിയും ജയലളിതയുടെ മുന്‍ഡ്രൈവറുമായ കനകരാജിന്റെ വാഹനം സേലത്തു വച്ചാണ് അപകടത്തില്‍പ്പെട്ടത്. രണ്ടാംപ്രതി സയനും കുടുംബവും സഞ്ചരിച്ച വാഹനം പാലക്കാട് കണ്ണാടിയിലാണ് അപകടത്തില്‍പ്പെട്ടത്.

സയന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. കോയമ്പത്തൂരില്‍ താമസിക്കുന്ന ഇവര്‍ ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

എസ്റ്റേറ്റ് കൊലപാതകത്തില്‍ ഇവര്‍ ഈ കാറുപയോഗിച്ചാണ് അവിടേക്ക് തിരിച്ചതെന്ന് പൊലീസ് പറഞ്ഞു .

കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ടത്. എസ്റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ ഓം ബഹാദൂറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ കൃഷ്ണാ ബഹാദൂറിനെ പരുക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു.

മോഷണശ്രമത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നാണ് വിവരങ്ങള്‍. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് കനകരാജിനെയും സയനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇരുവരും സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്റ്റേറ്റ്. ഏകദേശം 800 ഏക്കറുകളിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. പണവും സ്വര്‍ണവും അടക്കം രണ്ടായിരം കോടിയിലേറെ ഇവിടെയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്.

Advertisement