പുതിയ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനും, പാകിസ്താനും
FB Notification
പുതിയ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനും, പാകിസ്താനും
നാസിറുദ്ദീന്‍
Friday, 27th July 2018, 10:54 am

പാകിസ്താന്‍ തിരഞ്ഞെടുപ്പ് ഫലം ആ രാജ്യം തുടക്കം തൊട്ട് നേരിട്ടു കൊണ്ടിരിക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നുവെന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. അത് കൊണ്ട് തന്നെ ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്നവര്‍ ഈ ഫലത്തില്‍ സന്തോഷിക്കുന്നതും പാകിസ്താന്‍ എന്ന രാജ്യത്തിന്റെ നാശം മാത്രം ആഗ്രഹിക്കുന്നവര്‍ ബേജാറാവുന്നതും സ്വാഭാവികം.

ഒരു പാട് പോരായ്മകള്‍ ആരോപിക്കാമെങ്കിലും തങ്ങളുടെ രാജ്യങ്ങളെ ഏത് രീതിയില്‍ മുന്നോട്ട് കൊണ്ട് പോകണമെന്നതില്‍ കൃത്യമായൊരു കാഴ്ചപ്പാട് പുലര്‍ത്തിയവരായിരുന്നു നെഹ്‌റുവും ജിന്നയും. ഇവര്‍ രണ്ട് പേരുടേയും റോള്‍ ഇതില്‍ അതീവ നിര്‍ണായകവുമായിരുന്നു നെഹ്‌റുവിന് തന്റെ കാഴ്ചപ്പാടിനനുസരിച്ച് രാജ്യം മുന്നോട്ട് കൊണ്ട് പോവാന്‍ പറ്റിയെങ്കിലും ജിന്നയുടെ വളരെ പെട്ടെന്നുള്ള മരണവും അത്ര തന്നെ മികവുറ്റതല്ലാത്ത ഭരണഘടനയും പാകിസ്താനെ പ്രതികൂലമായി ബാധിച്ചു.

1947 – 58 വരെയുള്ള ചെറിയ കാലത്തിനിടക്ക് 4 ഭരണത്തലവന്‍മാരും 7 പ്രധാനമന്ത്രിമാരും രാജ്യം ഭരിച്ചു. അസ്ഥിരതയും അരാജകത്വവും തക്കം പാര്‍ത്തിരുന്ന സൈന്യത്തിന് അവസരം നല്‍കി. ജനറല്‍ അയൂബ് ഖാന്‍ പിന്നീടുള്ള പത്ത് വര്‍ഷം സര്‍വ്വാധിപത്യത്തോടെ നാട് ഭരിച്ചു. അതി ഭീകരമായ സാമ്പത്തിക അസമത്വവും വിദേശ മൂലധന ശക്തികളുടെ നിര്‍ബാധ ഇടപെടലും മുഖമുദ്രയാക്കിയ അസന്തുലിത “വികസനം” അയൂബ് ഖാനെ പാശ്ചാത്യരുടെ പ്രിയങ്കരനാക്കി മാറ്റി.

 

അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ലിന്റണ്‍ ജോണ്‍സണും ഫ്രഞ്ച് പ്രസിഡന്റ് ഷാള്‍ ഡി ഗ്വിലും ലോക ബാങ്ക് പ്രസിഡന്റായിരുന്ന റോബര്‍ട്ട് മാക് നാമറയുമെല്ലാം അയൂബ് ഖാനെ വികസന നായകനാക്കാന്‍ മല്‍സരിച്ചു. വിദേശ മൂലധനത്തെ മാത്രം ആശ്രയിച്ചുള്ള അയ്യൂബ് ഖാന്റെ വികസനം അതിസമ്പന്നരെ ആകാശത്തോളം ഉയര്‍ത്തി, ദരിദ്രരെ പടുകുഴിയിലാക്കി. രാജ്യത്തെ വ്യവസായ മേഖലയുടെ മുന്നില്‍ രണ്ട് ഭാഗവും ബാങ്കിംഗ് മേഖലയുടെ നാലില്‍ മൂന്ന് ഭാഗവും വെറും 20 കുടുംബങ്ങളുടെ കയ്യിലായി!

ഈ അസന്തുലിത വികസനത്തിന്റെ ഇരയായ ബംഗ്ലാദേശ് അവസരം മുതലെടുത്ത ഇന്ത്യയുടെ പിന്തുണയോടെ വേറിട്ട് പോയി. (തല്‍ക്കാലത്തേക്ക് വിജയിച്ചെങ്കിലും പിന്നീട് ഇതിന് ഇന്ത്യ നല്‍കേണ്ടി വന്ന വിന കനത്തതായിരുന്നു, പ്രത്യേകിച്ചും കാശ്മീര്‍, പഞ്ചാബ് വിഷയങ്ങളില്‍). മതകാര്യത്തില്‍ അയ്യൂബ് ഖാന്‍ ചില പരിഷ്‌കരണങ്ങള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും മൌദൂദിയെ പോലുള്ളവരുടെ ഹിംസാത്മകമായ എതിര്‍പ്പും അസഹിഷ്ണുതയും പ്രതികൂല സാഹചര്യങ്ങളും മൂലം ഉപേക്ഷിക്കേണ്ടി വന്നു.

ഉജ്ജ്വല പാണ്ഡിത്യത്തിനുടമയായ ഫസലുറഹ്മാന്‍ മാലികിനെ പോലുള്ളവര്‍ നാട് തന്നെ വിട്ട് വിദേശത്തേക്ക് ചേക്കേറി. തീവ്ര മതാശയക്കാര്‍ വളരെ പെട്ടെന്ന് പാക് രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലെ നിര്‍ണായക ശക്തിയായി. അനാരോഗ്യവും എതിര്‍പ്പുകളും യുദ്ധത്തിലെ തിരിച്ചടികളും അയ്യൂബ് ഖാനെ കെട്ട് കെട്ടിച്ചു.

 

പിന്നീട് വന്ന യഹ്‌യാ ഖാന്‍ അയ്യൂബ് ഖാനേക്കാള്‍ വേഗത്തില്‍ കൂടുതല്‍ അപമാനിതനായി കളമൊഴിഞ്ഞു. രണ്ട് വര്‍ഷം മാത്രം നിന്ന യഹ്‌യാ ഖാന് ശേഷം വന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ സോഷ്യലിസവും പുരോഗമനവുമൊക്കെ പറഞ്ഞെങ്കിലും കൂടുതലൊന്നും ചെയ്യാന്‍ മിനക്കെട്ടില്ല. വൈകാതെ സിയാഹുല്‍ ഹഖ് മറ്റൊരു സൈനിക അട്ടിമറിയിലൂടെ ഭൂട്ടോയെ മറിച്ചിട്ടു , പിന്നീട് തൂക്കിലേറ്റുകയും ചെയ്തു.

10 വര്‍ഷം ഭരിച്ച സിയാ പിന്‍ഗാമികളില്‍ നിന്ന് പല കാര്യങ്ങളിലും വ്യത്യസ്തനായിരുന്നു. വ്യക്തി ജീവിതത്തിലെ മത ചിട്ടകളും അഴിമതി രഹിത ജീവിതവും മാത്രമല്ല, തീവ്ര മതാശയക്കാരോടുള്ള അടുപ്പവും സിയായെ വ്യത്യസ്തനാക്കി. പക്ഷേ അമേരിക്കയുമായുള്ള സൈനിക, സാമ്പത്തിക ബന്ധങ്ങളില്‍ മുന്‍ഗാമികളുടെ അതേ മാതൃക സിയയും കൃത്യമായി പിന്തുടര്‍ന്നു. അമേരിക്കന്‍, സൌദി താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഫ്ഗാനില്‍ നടത്തിയ സൈനിക ഇടപെടലുകള്‍ പാകിസ്താന്‍ എന്ന രാജ്യത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിച്ചു.

88 ല്‍ സിയാ കൊല്ലപ്പെടുമ്പോഴേക്കും പാക്-അഫ്ഗാന്‍ മേഖലയില്‍ മത തീവ്രവാദം ശക്തിയാര്‍ജിച്ചിരുന്നു. പിന്നീട് മാറി മാറി വന്ന മുസ്‌ലിം ലീഗ്, പി.പി.പി / നവാസ്, ബേനസീര്‍ ഭരണങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഏജന്റുമാര്‍ മാത്രമായി മാറി. ഐ.എസ്.ഐ- സി.ഐ.എ ബന്ധം ശക്തമായി. നിരന്തരമായ യുദ്ധങ്ങളും അമേരിക്കന്‍ ബോംബിങ്ങും മേഖലയെ സാമ്പത്തികമായും സാമൂഹിക പരമായും തകര്‍ത്തു. തീവ്ര മതാശയങ്ങളും ഹിംസാത്മക മത വ്യാഖ്യാനങ്ങള്‍ക്കും വന്‍ സ്വീകാര്യത കിട്ടി.

 

സാമ്പത്തിക അസമത്വം, മത തീവ്രവാദം, സാമ്രാജ്യത്വ ഇടപെടലുകള്‍ എന്നീ പരസ്പര പൂരകങ്ങളായ മൂന്ന് ഘടകങ്ങളാണ് പാകിസ്താനെ നാമാവശേഷമാക്കിയത്. ഈ മൂന്നും ചേര്‍ന്ന സാന്‍ഡ്‌വിച്ചിലെ ബട്ടര്‍ ആണ് സൈന്യം. അന്ന് തൊട്ട് ഇന്ന് വരെ ഭരിച്ചവരെല്ലാം ഇതിനുത്തരവാദികളാണ്. അതിന്റെ ദുരന്ത ഫലങ്ങള്‍ അതിഭീകരമായ രീതിയില്‍ പാക് ജനത അനുഭവിച്ചു. ഈ ഒറ്റുകാരോട് ഒന്നടങ്കമുള്ള വെറുപ്പാണ് ഈ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ അവര്‍ പുച്ചിച്ചു തള്ളി. മുസ്‌ലിം ലീഗിനെയും പി.പി.പിയെയും മാത്രമല്ല, ജമാഅത്തും മൌലാനാ ഫസലുറഹ്മാനും ഉള്‍പ്പെടുന്ന ഇസ്‌ലാമിസ്റ്റ് കൂട്ട് കെട്ടും ഹാഫിസ് സയിദിനെ പോലുള്ള തീവ്രവാദികളുമെല്ലാം വന്‍ തിരിച്ചടി നേരിട്ടു. ജനാധിപത്യത്തോടുള്ള അവരുടെ കൂറിന് അടിവരയിടുന്നത് കൂടിയാണീ ഫലം.

ഈ ജനഹിതം കൃത്യമായി മനസ്സിലാക്കാന്‍ ഇമ്രാനും കൂട്ടര്‍ക്കും സാധിക്കുന്നതിനനുസരിച്ചാവും അവരുടെ ഭാവി. ഇമ്രാന്‍ അടിസ്ഥാനപരമായി ഒരു പ്രായോഗിക വാദിയായ പോപ്പുലിസ്റ്റ് ആണ്. ഉയര്‍ന്ന സൈദ്ധാന്തികാടിത്തറയോ ദീര്‍ഘ വീക്ഷണവും ഉള്‍ക്കാഴ്ചയുമുള്ള നിലപാടുകളോ ഇത് വരെ ഇമ്രാനോ പാര്‍ട്ടിയോ കാണിച്ചിട്ടുമില്ല.

 

ആധുനിക ചിന്തകളെ ഇസ്ലാമിക മൂല്യങ്ങളുടെ കൂട്ടി യോജിപ്പിക്കാന്‍ ശ്രമിച്ച അല്ലാമാ ഇക്ബാല്‍ ആണ് തന്റെ ഗുരു എന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും പഴയ ഐ.എസ്.ഐ മേധാവിയായിരുന്ന മസ്ത് ഗുല്‍ ആയിരുന്നു രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ ഗുരു. കൃത്യതയില്ലാത്ത മോഹന വാഗ്ദാനങ്ങളാണ് പാര്‍ട്ടി മാനിഫെസ്റ്റോയിലും പ്രസംഗങ്ങളിലും കൂടുതലും കാണുന്നത്. അത് കൊണ്ട് തന്നെ പാകിസ്താന്റെ ഘടനാപരവും മൌലികവുമായ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ ഇമ്രാന് സാധിക്കുമെന്നും തോന്നുന്നില്ല, തല്‍ക്കാലത്തേക്കെങ്കിലും.

പക്ഷേ രോഗത്തെ ചികില്‍സിക്കാന്‍ സാധിച്ചില്ലെങ്കിലും രോഗലക്ഷണങ്ങള്‍ക്കെങ്കിലും മരുന്ന് നല്‍കാന്‍ സാധ്യതയുണ്ട്. കുറച്ച് കൂടി ജനാധിപത്യപരവും സുതാര്യവുമായ ഭരണം കാഴ്ച വെക്കാനും അഴിമതിയുടെ തോത് അല്‍പമെങ്കിലും കുറക്കാനും സാധ്യതയുണ്ട്. പാകിസ്താന് മാത്രമല്ല, ഇന്ത്യക്കും ഏറെ ഗുണകരമായ ഒന്നാവുമത്.

നിലവില്‍ പി.ടി.ഐ ഭരിക്കുന്ന ഖൈബര്‍ പ്രവിശ്യയിലെ ഭരണം അതിന്റെയൊരു സൂചനയും നല്‍കുന്നു. ആരോഗ്യ, വിദ്യാഭ്യാസ, സുരക്ഷാ മേഖലകളില്‍ ഭേദപ്പെട്ട ഭരണമാണവിടെ. അത്രയെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ കൂടുതല്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു അന്തരീക്ഷമെങ്കിലും പാകിസ്താനില്‍ സംജാതമാവും. രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളും മത പ്രമാണങ്ങളുമെല്ലാം കാലികമായി വായിക്കാനുള്ള സാധ്യതയെങ്കിലും തുറന്നിടും. ആത്യന്തികമായി പാകിസ്താന്‍ എന്ന രാജ്യത്തെ മാത്രമല്ല, മേഖലയെ തന്നെ രക്ഷിക്കാന്‍ അതിലൂടെ മാത്രമേ സാധിക്കൂ. പാകിസ്താന്‍ എന്നും ഒരു പരാജയപ്പെട്ട രാജ്യമായി തുടരണമെന്നാഗ്രഹിക്കുന്നവര്‍ ഇമ്രാന്റെ വിജയത്തെ ഭയപ്പെടുന്നതും അത് കൊണ്ട് തന്നെയാണ്.