200 കോടിയുടെ ലാഭമുണ്ടാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ്; ഇനി കളി മാറും
Sports News
200 കോടിയുടെ ലാഭമുണ്ടാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ്; ഇനി കളി മാറും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th April 2022, 2:38 pm

ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിന് പിന്നാലെ 2 ബില്ല്യണ്‍ (200 കോടി) രൂപയുടെ ലാഭമുണ്ടാക്കിയതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജ.

പാകിസ്ഥാനില്‍ ക്രിക്കറ്റ് വളരുന്നതിന്റെ സൂചനയാണെന്നും ഇതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും റമീസ് രാജ പറഞ്ഞു.

‘പരമ്പരയെ വാണിജ്യാടിസ്ഥാനത്തില്‍ നോക്കിക്കാണുകയാണെങ്കില്‍ ഞങ്ങള്‍ എല്ലാ റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ അവസാനവിച്ച പര്യടനത്തിലൂടെ ഞങ്ങള്‍ 2 ബില്യണ്‍ രൂപ ലാഭമുണ്ടാക്കിയതായാണ് കണക്കുകൂട്ടുന്നത്’ റമീസ് രാജ പറഞ്ഞു.

എല്ലാം നേര്‍വഴിക്ക് തന്നെയാണ് നടക്കുന്നതെന്നും എന്നാല്‍ പാകിസ്ഥാനില്‍ ക്രിക്കറ്റിന് ഇനിയും അടസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്, എന്നാല്‍ രാജ്യത്തെ ക്രിക്കറ്റിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായി തന്നെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യുവതാരങ്ങളുടെ കോച്ചിംഗിലും ട്രെയിനിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കണം,’ രാജ കൂട്ടിച്ചേര്‍ത്തു.

24 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയ പാകിസ്ഥാനില്‍ ചരിത്രപരമായ പര്യടനം നടത്തിയത്. മൂന്ന് ടെസ്റ്റും അത്ര തന്നെ ഏകദിനങ്ങളും ഒരു ടി-20യും അടങ്ങുന്നതായിരുന്നു ഓസീസ് പാക് പരമ്പര.

ടെസ്റ്റ് പരമ്പര 1-0ന് ഒാസീസ് നേടിയപ്പോള്‍ ഏകദിന പരമ്പര 2-1ന് പാകിസ്ഥാന്‍ സ്വന്തമാക്കി. പര്യടനത്തിലെ ഏക ടി-20യില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയോട് തോല്‍ക്കാനായിരുന്നു പാക് പടയുടെ വിധി.

Content Highlight: Pakistan to make a profit of two billion rupees from Australia tour