വന്‍മതിലല്ല ഇത് പാകിസ്ഥാന്റെ 'കൊച്ചുമതില്‍'; ബാസിബോളിലെ ഇരട്ട സെഞ്ച്വറിയും ഒപ്പം പക്കാ ടെസ്റ്റും
Sports News
വന്‍മതിലല്ല ഇത് പാകിസ്ഥാന്റെ 'കൊച്ചുമതില്‍'; ബാസിബോളിലെ ഇരട്ട സെഞ്ച്വറിയും ഒപ്പം പക്കാ ടെസ്റ്റും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th July 2023, 8:37 am

 

പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനവുമായി സന്ദര്‍ശകര്‍. ആദ്യ ഇന്നിങ്‌സില്‍ 149 റണ്‍സിന്റെ ലീഡ് നേടിയാണ് പാകിസ്ഥാന്‍ തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ സൗദ് ഷക്കീലിന്റെയും ആഘാ സല്‍മാന്റെയും തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ 461 റണ്‍സാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

ധനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിക്ക് സൗദ് ഷക്കീലിന്റെ ഇരട്ട സെഞ്ച്വറിയിലൂടെയാണ് പാകിസ്ഥാന്‍ മറുപടി നല്‍കിയത്. 361 പന്ത് നേരിട്ട് 19 ബൗണ്ടറിയുടെ അകമ്പടിയോടെ പുറത്താകാതെ 208 റണ്‍സാണ് ഷക്കീല്‍ നേടിയത്. 113 പന്തില്‍ 83 റണ്‍സ് നേടിയ ആഘാ സല്‍മാനാണ് മറ്റൊരു സ്‌കോറര്‍.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

ടോപ് ഓര്‍ഡറിന് വന്‍ സ്‌കോറോ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ മിഡില്‍ ഓര്‍ഡറിലെ അറ്റാക്കിങ് ശൈലിയാണ് പാകിസ്ഥാന് തുണയായത്. ടീം സ്‌കോര്‍ 101ല്‍ നില്‍ക്കവെ ഒന്നിച്ച സൗദ് ഷക്കീലിന്റെയും ആഘാ സല്‍മാന്റെയും കൂട്ടുകെട്ട് പൊളിയുന്നത് 278ാം റണ്‍സിലാണ്.

മധ്യനിരയില്‍ ബാസ്‌ബോള്‍ ശൈലിയായിരുന്നെങ്കില്‍ ലോവര്‍ ഓര്‍ഡറില്‍ പക്കാ ടെസ്റ്റ് കളിച്ച താരങ്ങളും പാകിസ്ഥാനൊപ്പമുണ്ടായിരുന്നു. യുവതാരം നസീം ഷാ ആണ് ഇത്തരത്തില്‍ പത്താം നമ്പറില്‍ ഇറങ്ങി ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റ് വീശിയത്.

78 പന്ത് നേരിട്ട് ആറ് റണ്‍സ് നേടിയാണ് ഷാ പുറത്തായത്. താരത്തിന്റെ ഇന്നിങ്‌സിന് പല കോണുകളില്‍ നിന്നും അഭിനന്ദനങ്ങളും ഉയരുന്നുണ്ട്.

ഒടുവില്‍ 122ാം ഓവറിലെ രണ്ടാം പന്തില്‍ അവസാന വിക്കറ്റും നഷ്ടപ്പെടുമ്പോള്‍ 149 റണ്‍സിന്റെ സോളിഡ് ലീഡുമായി 461 റണ്‍സാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

ലങ്കക്കായി രമേഷ് മെന്‍ഡിസ് ഫൈഫര്‍ നേടിയപ്പോള്‍ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ, കാസുന്‍ രജിത എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍.

 

149 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ എട്ട് റണ്‍സുമായി നിഷാന്‍ മധുശങ്ക, പത്ത് പന്തില്‍ ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ എന്നിവരാണ് ക്രീസില്‍.

 

Content Highlight: Pakistan’s tour of Sri Lanka, 1st test Day 3 updates