സിയാല്‍കോട്ട് 'ദൈവനിന്ദാ കൊലപാതകം'; കൊല്ലപ്പെട്ട മാനേജര്‍ക്ക് പകരക്കാരന്‍ ശ്രീലങ്കയില്‍ നിന്നുതന്നെ
World News
സിയാല്‍കോട്ട് 'ദൈവനിന്ദാ കൊലപാതകം'; കൊല്ലപ്പെട്ട മാനേജര്‍ക്ക് പകരക്കാരന്‍ ശ്രീലങ്കയില്‍ നിന്നുതന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd December 2021, 11:08 am

ലാഹോര്‍: പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ഫാക്ടറിയില്‍ മാനേജരായിരുന്ന ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിരിക്കെ, പകരം ജീവനക്കാരനെ നിയമിച്ച് സ്ഥാപനം.

പ്രിയന്ത കുമാര ദിയവദനയെന്ന കൊല്ലപ്പെട്ടയാള്‍ക്ക് പകരക്കാരനായി മറ്റൊരു ശ്രീലങ്കന്‍ പൗരനെ തന്നെ മാനേജര്‍ സ്ഥാനത്ത് നിയമിച്ചുകൊണ്ട് ശക്തമായ നീക്കമാണ് ഫാക്ടറി നടത്തിയിരിക്കുന്നത്.

മതസൗഹാര്‍ദ വിഷയത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക പ്രതിനിധിയായ ഹാഫിസ് മുഹമ്മദ് താഹിര്‍ അഷ്‌റഫി ആണ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.

”ഇത്തരത്തിലുള്ള ഭയത്തിന്റെ സാഹചര്യത്തിലും അവരിലൊരാള്‍ ഇവിടെ ജോലി ചെയ്യാന്‍ തെരഞ്ഞെടുത്തു എന്നതില്‍ ശ്രീലങ്കക്കാരോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്,” അഷ്‌റഫി പറഞ്ഞു.

സിയാല്‍കോട്ട് വിഷയത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച സമയത്തായിരുന്നു ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പുതിയ മാനേജരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

പ്രിയന്ത കുമാരയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ അദ്ദേഹം ജോലി ചെയ്തിരുന്ന ഫാക്ടറിയുടെ ഉടമസ്ഥന്‍ വഹിക്കുമെന്നും സന്ദര്‍ശനശേഷം മാധ്യമങ്ങളെ കണ്ട അഷ്‌റഫി കൂട്ടിച്ചേര്‍ത്തു.

തീവ്രവലത് സംഘടനയായ തെഹ്രീക്-ഇ-ലബ്ബെയ്ക് പാകിസ്ഥാനിലെ (ടി.എല്‍.പി) അംഗങ്ങളടങ്ങിയ ആളുകളായിരുന്നു പ്രിയന്തയെ കൊലപ്പെടുത്തിയത്.

സിയാല്‍ക്കോട്ടിലെ ഒരു ഫാക്ടറിയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു 40കാരനായ പ്രിയന്ത. ‘ദൈവനിന്ദ’ ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് എത്തുന്നതിന് മുന്‍പെ പ്രതികള്‍ പ്രിയന്തയുടെ മൃതദേഹം കത്തിച്ച് കളയുകയായിരുന്നു.

ഖുര്‍ആന്‍ വചനങ്ങള്‍ ആലേഖനം ചെയ്തിരുന്ന ടി.എല്‍.പിയുടെ പോസ്റ്റര്‍ കീറിക്കളഞ്ഞെന്ന് ആരോപിച്ചായിരുന്നു പ്രിയന്തയെ ഫാക്ടറിയില്‍ കയറി കൈയേറ്റം ചെയ്തതും കൊലപ്പെടുത്തിയതുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pakistan’s Sialkot factory hires Sri Lankan national in place of his lynched compatriot