വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യപ്രവര്‍ത്തകന്റെ വധക്കേസില്‍ കോടതി വെറുതെ വിട്ട നാലു പേരെയും വീണ്ടും അറസ്റ്റ് ചെയ്ത് പാകിസ്താന്‍, കോടതി വിധിക്കെതിരെ ഹരജി നല്‍കും
World News
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യപ്രവര്‍ത്തകന്റെ വധക്കേസില്‍ കോടതി വെറുതെ വിട്ട നാലു പേരെയും വീണ്ടും അറസ്റ്റ് ചെയ്ത് പാകിസ്താന്‍, കോടതി വിധിക്കെതിരെ ഹരജി നല്‍കും
ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 4:00 pm

കറാച്ചി: വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ട നാലു പ്രതികളെയും വീണ്ടും അറസ്റ്റ് ചെയ്ത് പാകിസ്താന്‍. വധശിക്ഷയില്‍ നിന്നും നിന്നും ഒഴിവാക്കിയ മുഖ്യപ്രതി അഹമ്മദ് ഒമര്‍ സയീദ് ശൈഖിനെയും ജീവപരന്ത്യം ശിക്ഷ ഒഴിവാക്കി വെറുതെ വിട്ട മൂന്ന് കൂട്ടു പ്രതികളെയുമാണ് പാകിസ്താന്‍ സര്‍ക്കാര്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അതുവരെ മൂന്നു മാസത്തേക്ക് നാലു പേരെയും വീണ്ടും തടവിലിടുകയാണെന്നുമാണ് പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.

കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഒമര്‍ സയീദ് ശൈഖിന്റെ വധശിക്ഷ വെട്ടിക്കുറച്ച് 7 വര്‍ഷം തടവാക്കിയതും ബാക്കിമൂന്നു പേരെ വെറുതെ വിടുകയും ചെയ്തത്. എന്നാല്‍ ഒമര്‍ സയീദ് ശൈഖ് കഴിഞ്ഞ 18 വര്‍ഷമായി ഈ കേസില്‍ തടവിലായതിനാല്‍ 7 വര്‍ഷം തടവ് ഇയാള്‍ അനുഭവിച്ചു എന്ന വാദമുയരുകയും ഇദ്ദേഹം പുറത്തിറങ്ങുകയുമായിരുന്നു. പുറത്തിറങ്ങി ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും അറസ്റ്റ് നടന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2002 ലാണ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ അഹമ്മദ് ഒമര്‍ ശൈഖ് ഉള്‍പ്പെടുന്ന നാലംഗ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുന്നത്. 2001 ല്‍ അമേരിക്കയിലേക്ക് നടന്ന തീവ്രവാദ ആക്രമണത്തിന് പിന്നാലെ കറാച്ചിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു ഡാനിയേല്‍ പേള്‍.

സിന്ധ് പ്രവിശ്യയില്‍ കറാച്ചിയിലെ രണ്ടംഗ ഹൈക്കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച ഒമര്‍ സയീദ് ശൈഖ് 1990 ല്‍ വിദേശികളെ തട്ടിക്കൊണ്ടു പോയതിന്റെ പേരില്‍ ഇന്ത്യയില്‍ തടവിലായിരുന്നു. എന്നാല്‍ 1999 ല്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനറെ അഫ്ഘാനിസ്താനിലേക്ക് തീവ്രവാദ സംഘം തട്ടിക്കൊണ്ടു പോയതിനാല്‍ ഒമറിനെ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ ഇന്ത്യ വിട്ടയക്കുകയുമായിരുന്നു. ലണ്ടനിലാണ് ഒമര്‍ സയീദ് ശൈഖ് ജനിച്ചതും വളര്‍ന്നതും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ