ഇമ്രാന്‍ ഖാന്‍ ഒരു സൈക്കോപാത്ത്; ഇന്ത്യയെ അത്രക്കിഷ്ടമാണെങ്കില്‍ അങ്ങോട്ട് തന്നെ പോകട്ടെ: മറിയം നവാസ്
World News
ഇമ്രാന്‍ ഖാന്‍ ഒരു സൈക്കോപാത്ത്; ഇന്ത്യയെ അത്രക്കിഷ്ടമാണെങ്കില്‍ അങ്ങോട്ട് തന്നെ പോകട്ടെ: മറിയം നവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th April 2022, 4:55 pm

ലാഹോര്‍: പകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരു സൈക്കോപാത്താണെന്ന് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം ഷെരീഫ്.

പ്രധാനമന്ത്രി എന്ന നിലയിലോ മുന്‍ പ്രധാനമന്ത്രി എന്ന നിലയിലോ അല്ല ഇമ്രാനെ കൈകാര്യം ചെയ്യേണ്ടതെന്നും സ്വന്തം തൊലി സംരക്ഷിക്കുന്നതിന് വേണ്ടി മുഴുവന്‍ രാജ്യത്തെയും തടവിലിട്ടിരിക്കുന്ന ഒരു സൈക്കോപാത്താണ് ഇമ്രാനെന്നുമാണ് പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (നവാസ്) നേതാവ് മറിയം ട്വീറ്റ് ചെയ്തത്.

”സെന്‍സ് നഷ്ടപ്പെട്ട ഒരാളെ ഈ രാജ്യം തകര്‍ക്കുന്നതിന് അനുവദിക്കരുത്. ഇത് തമാശയല്ല.

പ്രധാനമന്ത്രി എന്ന നിലയിലോ മുന്‍ പ്രധാനമന്ത്രി എന്ന നിലയിലോ അല്ല ഇയാളെ കൈകാര്യം ചെയ്യേണ്ടത്, പകരം ഒരു മാനസികരോഗി, സൈക്കോപാത്ത് എന്ന നിലയിലാണ്. സ്വന്തം തൊലി സംരക്ഷിക്കുന്നതിന് വേണ്ടി മുഴുവന്‍ രാജ്യത്തെയും തടവിലിട്ടിരിക്കുന്ന ഒരു സൈക്കോപാത്ത്. Shame,” മറിയം നവാസ് ട്വിറ്ററില്‍ കുറിച്ചു.

ഇമ്രാന്‍ ഖാന് ഇന്ത്യയെ വലിയ ഇഷ്ടമാണെങ്കില്‍ അദ്ദേഹം പാകിസ്ഥാന്‍ വിട്ട് ഇന്ത്യയിലേക്ക് പൊയ്‌ക്കോട്ടെ എന്നും മറിയം മറ്റൊരു പ്രതികരണത്തില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഇന്ത്യയെ പ്രശംസിച്ച് കൊണ്ട് ഇമ്രാന്‍ സംസാരിച്ചത്. യുക്രൈന്‍- റഷ്യ വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തതിനെയാണ് ഇമ്രാന്‍ പ്രശംസിച്ചത്.

ഇന്ത്യക്ക് സ്വന്തമായി നിലയും വിലയുമുണ്ടെന്നും മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനിക്കുന്നുണ്ടെന്നും വിദേശ ശക്തികളുടെ താല്‍പര്യത്തിന് വഴങ്ങിയോ അവരുടെ ഇഷ്ടത്തിനനുസരിച്ചോ ഇന്ത്യ ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നുമായിരുന്നു ഇമ്രാന്‍ പറഞ്ഞത്.

അതേസമയം ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 10:30 ക്ക് നാഷണല്‍ അസംബ്ലി ചേര്‍ന്നിരുന്നെങ്കിലും പിന്നീട് 1 മണി വരെ പിരിയുകയായിരുന്നു. പിന്നീട് സഭ ചേര്‍ന്നെങ്കിലും വോട്ടെടുപ്പ് നടന്നില്ല.

Content Highlight: Pakistan PML-N leader Maryam Nawaz lashes out at Imran Khan, call him a psychopath