ദേശീയ അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിടാന്‍ ഇമ്രാന്‍ ഖാന്‍; തെരഞ്ഞെടുപ്പിനെ നേരിടും
World News
ദേശീയ അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിടാന്‍ ഇമ്രാന്‍ ഖാന്‍; തെരഞ്ഞെടുപ്പിനെ നേരിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd April 2022, 1:37 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ദേശീയ അസംബ്ലി അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ട് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

പ്രസിഡന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇമ്രാന്‍ പറഞ്ഞത്. ശിപാര്‍ശ സംബന്ധിച്ച് പ്രസിഡന്റിന് കത്തയച്ചിട്ടുണ്ടെന്നും ഇമ്രാന്‍ വ്യക്തമാക്കി.

അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് സ്ഥാനം രാജിവെക്കേണ്ട അവസ്ഥയില്‍ നിന്നും ഇമ്രാന്‍ കഷ്ടിച്ച് രക്ഷപ്പെട്ടതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രതികരണം.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്, എന്നായിരുന്നു ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇമ്രാന്‍ പറഞ്ഞത്. വോട്ടെടുപ്പിന് ജനങ്ങള്‍ തയാറായിരിക്കണമെന്നും ഇമ്രാന്‍ പറഞ്ഞു.

ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നാഷണല്‍ അസംബ്ലിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.

കുറച്ചുസമയം മുമ്പായിരുന്നു പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

ഞായറാഴ്ചയിലെ സഭയുടെ അജണ്ടയില്‍ നാലാമതായായിരുന്നു ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നിശ്ചയിച്ചിരുന്നത്.

ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയായിരുന്നു ഇന്ന് സഭയില്‍ സ്പീക്കറുടെ ചുമതല വഹിച്ചത്. അദ്ദേഹം അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി നിഷേധിക്കുകയും സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയുമായിരുന്നു.

വിദേശരാജ്യത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അവിശ്വാസ പ്രമേയമെന്നും പ്രമേയം കൊണ്ടുവന്ന രീതി ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ വാദം. ഇമ്രാന്‍ ഖാനും സഭയില്‍ ഹാജരായിരുന്നില്ല. ഭരണഘടനയുടെ അഞ്ചാം വകുപ്പ് പ്രകാരമായിരുന്നു അവിശ്വാസ പ്രമേയം തള്ളിയത്.

എന്നാല്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി സഭയില്‍ തന്നെ തുടരുകയാണ്.

ഡെപ്യൂട്ടി സ്പീക്കറുടെ നീക്കത്തോടെ താല്‍ക്കാലികമായെങ്കിലും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള വഴിയാണ് ഇമ്രാന് മുന്നില്‍ തുറന്നിരിക്കുന്നത്.

342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

ഭരണകക്ഷിയായ ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിക്ക് 155 സീറ്റുകളാണുള്ളത്. 2018ല്‍ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് 179 അംഗങ്ങളുമായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.

സഖ്യകക്ഷികളില്‍ ചിലര്‍ പിന്തുണ പിന്‍വലിച്ചതോടെ നിലവില്‍ ഇമ്രാന്റെ സര്‍ക്കാരിന് 164 പേരുടെ പിന്തുണയാണുള്ളത്.

ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.

Content Highlight: Pakistan PM Imran Khan to call upon fresh election and disperse National assembly