വാഹനത്തിന് നേരെ അവര്‍ വെടിവെച്ചു, എന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി; ഇതാണ് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍; ആക്രമിക്കപ്പെട്ടതിനെ കുറിച്ച് മുന്‍ ഭാര്യ
World News
വാഹനത്തിന് നേരെ അവര്‍ വെടിവെച്ചു, എന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി; ഇതാണ് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍; ആക്രമിക്കപ്പെട്ടതിനെ കുറിച്ച് മുന്‍ ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd January 2022, 12:58 pm

ലാഹോര്‍: തന്നെ അജ്ഞാതസംഘം ആക്രമിച്ചതായി വെളിപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാന്‍. രണ്ട് പേരടങ്ങിയ സംഘം തന്റെ വാഹനത്തെ ആക്രമിച്ചെന്നാണ് റെഹം ഖാന്‍ പറഞ്ഞത്.

ഞായറാഴ്ച രാത്രി താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ സംഘം വെടിവെച്ചുവെന്നും കാറിലുണ്ടായിരുന്നവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നും അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇമ്രാന്‍ ഖാന്റെ മോശം ഭരണത്തിനാണെന്ന രീതിയിലായിരുന്നു അവരുടെ ട്വീറ്റ്.


”അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു ഞാന്‍. എന്റെ കാറിന് നേരെ വെടിവെപ്പുണ്ടായി.

മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ വാഹനത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി. സംഭവത്തിന് ശേഷം ഞാന്‍ ഇപ്പോള്‍ എന്റെ വാഹനം മാറ്റിയതേ ഉള്ളു.

എന്റെ പേഴ്‌സണല്‍ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു.

ഇതാണ് ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്ഥാന്‍. ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം,” റെഹം ഖാന്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു.

ബ്രിട്ടീഷ്-പാകിസ്ഥാന്‍ പൗരയായ റെഹം ഖാന്‍ മാധ്യമപ്രവര്‍ത്തകയും മുന്‍ ടി.വി അവതാരകയും കൂടിയാണ്. 2014ലായിരുന്നു ഇമ്രാന്‍ ഖാനുമൊത്തുള്ള ഇവരുടെ വിവാഹം.

എന്നാല്‍ 2015 ഒക്ടോബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇമ്രാന്‍ ഖാന്റെ ഭരണത്തെയും നിലപാടുകളെയും നിരന്തരം വിമര്‍ശിക്കാറുള്ളയാളാണ് റെഹം ഖാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pakistan PM Imran Khan’s ex-wife Reham Khan says she was attacked