ഷി ചിന്‍പിങുമായി കൂടിക്കാഴ്ച നടത്തി ഇമ്രാന്‍ ഖാന്‍; ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ആര്‍.എസ്.എസ്-ബി.ജെ.പി ഭരണം വേട്ടയാടുന്നെന്ന് ഖാന്‍
World News
ഷി ചിന്‍പിങുമായി കൂടിക്കാഴ്ച നടത്തി ഇമ്രാന്‍ ഖാന്‍; ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ആര്‍.എസ്.എസ്-ബി.ജെ.പി ഭരണം വേട്ടയാടുന്നെന്ന് ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th February 2022, 5:30 pm

ബീജിങ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച.

ബീജിങ്ങിലെ ‘ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളി’ല്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 2019ന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

പാകിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രി ഫവാദ് ചൗധരിയാണ് കൂടിക്കാഴ്ചയുടെ കാര്യം അറിയിച്ചത്. ഷി ചിന്‍പിങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇമ്രാന്‍ ഖാന്‍ ചൈനയില്‍ നിന്നും ഇസ്‌ലാമാബാദിലേക്ക് തിരിച്ചെത്തുമെന്നും ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.

ചൈനക്കും പാകിസ്ഥാനുമിടയിലുള്ള സഹകരണ-നയതന്ത്ര ബന്ധങ്ങളും ഇരുരാജ്യങ്ങളേയും ബാധിക്കുന്ന മറ്റ് പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

വിന്റര്‍ ഒളിംപിക്‌സ് വിജയകരമായി നടത്തുന്നതില്‍ ചൈനീസ് നേതൃത്വത്തെയും രാജ്യത്തെ ജനങ്ങളെയും ഇമ്രാന്‍ ഖാന്‍ അനുമോദിച്ചു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയും, അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ ഭൂപ്രദേശങ്ങളിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ച് കടക്കുന്നതും അരുണാചല്‍പ്രദേശില്‍ നിന്നടക്കം യുവാക്കളെ തട്ടിക്കൊണ്ട് പോകുന്നതുമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയെ സംബന്ധിച്ചും ഈ കൂടിക്കാഴ്ച നിര്‍ണായകമാണ്.

ഇന്ത്യയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സഖ്യത്തിന്റെ ഹിന്ദുത്വ അജണ്ടകള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതായി കൂടിക്കാഴ്ചയില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇത് പ്രദേശത്തെ സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണിയാണെന്നും കൂടിക്കാഴ്ചയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

പാകിസ്ഥാന്‍ മാധ്യമമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിന്റര്‍ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ഉന്നതതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനുമായി ചൈനയിലെത്തിയതാണ് പാക് പ്രധാനമന്ത്രി. നാല് ദിവസത്തേക്കാണ് സന്ദര്‍ശനം.

കഴിഞ്ഞ ദിവസം ചൈനീസ് പ്രീമിയര്‍ ലി കെക്വ്യാങുമായും ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ചൈനയില്‍ നിന്നും ധനസഹായം പാകിസ്ഥാന് ലഭിക്കാന്‍ ഖാന്‍ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചൈനക്ക് പാകിസ്ഥാനില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ക്കും അവസരമൊരുക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

2022 ഫെബ്രുവരി നാല് മുതല്‍ ഫെബ്രുവരി 20 വരെയാണ് വിന്റര്‍ ഒളിംപിക്സ് നടക്കുന്നത്.

നേരത്തെ ചൈനയുടെ വിന്റര്‍ ഒളിംപിക്‌സ് നടത്തിപ്പിനെ അനുമോദിച്ച് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നും രംഗത്തെത്തിയിരുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനയച്ച സന്ദേശത്തിലായിരുന്നു കിം ചൈനക്ക് അഭിനന്ദനങ്ങളറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ കിം പറഞ്ഞിരുന്നു.

അതേസമയം, ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ബീജിങ് വിന്റര്‍ ഒളിംപിക്സില്‍ നിന്നും നേരത്തെ തന്നെ നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.


Content Highlight: Pakistan PM Imran Khan held meeting with Chinese President Xi Jinping