ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ വിയര്‍ക്കേണ്ടി വരും: ഷോയിബ് അക്തര്‍
Sports News
ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ വിയര്‍ക്കേണ്ടി വരും: ഷോയിബ് അക്തര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th July 2022, 3:18 pm

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്ഥാന് ഏറെ പാടുപടേണ്ടി വരുമെന്ന് പാക് ഇതിഹാസം ഷോയിബ് അക്തര്‍. കഴിഞ്ഞ വര്‍ഷത്തെ പോലെയല്ല ഇന്ത്യന്‍ ടീം ഏറെ ശക്തരാണെന്നും താരം പറയുന്നു.

പ്രോപ്പര്‍ പ്ലാനിങ്ങോടെ വരുന്ന ഇന്ത്യയെ തോല്‍പിക്കുന്നത് ശ്രമകരമായിരിക്കുമെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.

‘ഇത്തവണ വ്യക്തമായ ഗെയിം പ്ലാനോടെയായിരിക്കും ഇന്ത്യയെത്തുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ പോലെ ആവില്ല. പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടിവരും,’ അക്തര്‍ പറയുന്നു.

ക്രിക്കറ്റ് പാകിസ്ഥാനാണ് അക്തറിന്റെ വാക്കുകള്‍ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മെല്‍ബണില്‍ നടക്കുന്ന കളിയില്‍ ടോസ് നേടിയാല്‍ പാകിസ്ഥാനോട് ബൗളിങ് തെരഞ്ഞെടുക്കാനും താരം ഉപദേശിക്കുന്നു.

‘കളിയുടെ വിജയപരാജയങ്ങള്‍ പ്രവചിക്കുക എന്നത് ഏറെ ശ്രമകരമാണ്. എന്നിരുന്നാലും പാകിസ്ഥാനോട് രണ്ടാമത് ബൗള്‍ ചെയ്യാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. കാരണം മെല്‍ബണിലെ പിച്ച് പേസര്‍മാര്‍ക്ക് ബൗണ്‍സ് ലഭിക്കുന്നതിന് അനുകൂലമാകും,’ അക്തര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ തവണത്തേക്കാളും ആളുകള്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം കാണാനെത്തുമെന്നും അക്തര്‍ പറയുന്നു.

‘ഇത്തവണ ഒന്നര ലക്ഷത്തോളം ആളുകള്‍ മത്സരം കാണാനെത്തുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്, അതില്‍ 70,000 പേരും ഇന്ത്യയെ പിന്തുണയ്ക്കുന്നവരായിരിക്കും,’ അക്തര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചിരുന്നു. 10 വിക്കറ്റിനായിരുന്നു പാക് പടയുടെ വിജയം. ഇതോടെ ഐ.സി.സി. ലോകകപ്പില്‍ ഇന്ത്യയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേരും പാകിസ്ഥാന്‍ മാറ്റിയെടുത്തു.

കഴിഞ്ഞ തവണത്തേതിന് സമാനമായി ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം.

ലോകകപ്പിന് മുമ്പ് തന്നെ ഏഷ്യാ കപ്പിലും ഇന്ത്യയും പാകിസ്ഥാനും ഏറ്റമുട്ടും. ശ്രീലങ്കയാണ് ഇത്തവണ ഏഷ്യാ കപ്പിന് വേദിയാകുന്നത്. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

 

Content Highlight: Pakistan Legend Shoaib Akhtar says  it will not be easy for Pakistan to beat India in T20 World Cup