ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Pakistan
പാകിസ്താനില്‍ ഏഴുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; 36 മണിക്കൂറിനുള്ളില്‍ കുറ്റക്കാരെ പിടികൂടണമെന്ന് കോടതി
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 9:33pm

ഇസ്ലാമാബാദ്: പാകിസ്താനിലെ കസൂര്‍ നഗരത്തില്‍ ഏഴുവയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ 36 മണിക്കൂറിനുള്ളില്‍ കുറ്റക്കാരെ പിടികൂടണമെന്ന് ലാഹോര്‍ ഹൈകോടതി പൊലീസിനോട് ആവശ്യപ്പെട്ടു.

മുമ്പും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടും ആരും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാത്തതില്‍ ചീഫ് ജസ്റ്റിസ് സയ്യിദ് മന്‍സൂര്‍ അലി ഷാ ആശ്ചര്യം പ്രകടിപ്പിച്ചു.

നാലു ദിവസമായി കാണാതായ സൈനബ് എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് ചവറുകൂനക്ക് സമീപത്തുനിന്ന് ചൊവ്വാഴ്ച കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നാണ് ബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. നിരവധി പരിക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

കേസില്‍ 220 പേരെ ചോദ്യം ചെയ്തതായും ഇതില്‍ 20 പേര്‍ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് ഓഫിസര്‍ സുല്‍ഫിക്കര്‍ ഹമീദ് അറിയിച്ചു. ഇവരുടെ ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവരുന്നതോടെ കുറ്റവാളികളെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനം തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

24 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന് പാകിസ്താനിലെ പഞ്ചാബ് മുഖ്യമന്ത്രി മുഹമ്മദ് ഷെഹ്ബാസും നേരത്തേ പൊലീസിന് ഉത്തരവ് നല്‍കിയിരുന്നു. ഇതിന് സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പാകിസ്താനി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement