കോഹ്‌ലിയുമായുള്ള താരതമ്യം സമ്മര്‍ദ്ദമല്ല, അഭിമാനം: ബാബര്‍
Cricket
കോഹ്‌ലിയുമായുള്ള താരതമ്യം സമ്മര്‍ദ്ദമല്ല, അഭിമാനം: ബാബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd June 2021, 9:09 pm

ലാഹോര്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള താരതമ്യം സമ്മര്‍ദ്ദം തരുന്നില്ലെന്ന് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. താന്‍ അത് ആസ്വദിക്കുന്നുണ്ടെന്നും കോഹ്‌ലിയുമായുള്ള താരതമ്യം അഭിമാനമാണ് നല്‍കുന്നതെന്നും ബാബര്‍ പറഞ്ഞു.

കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു.

‘ഏത് സാഹചര്യത്തിലും കളിക്കാന്‍ കഴിയുന്ന താരമാണ് കോഹ്‌ലി. അദ്ദേഹത്തെപ്പോലൊരു താരവുമായി താരതമ്യം ചെയ്യുന്നത് അഭിമാനകരമാണ്,’ ബാബര്‍ പറഞ്ഞു. കോഹ്‌ലിയുടെ ശൈലി തന്റെ കളിയെ മെച്ചപ്പെടുത്താന്‍ പ്രചോദനമായിട്ടുണ്ടെന്നും ബാബര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി കോഹ്‌ലി നേട്ടങ്ങള്‍ കൊയ്യുന്നത് പോലെ പാകിസ്താന് വേണ്ടി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരിലൊരാളെന്ന് വളരെ പെട്ടെന്ന് പേരെടുത്ത താരമാണ് ബാബര്‍. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 40 ന് മുകളിലാണ് ബാബറിന്റെ ബാറ്റിംഗ് ശരാശരി.

ടെസ്റ്റില്‍ 42.5, ഏകദിനത്തില്‍ 56.83, ടി-20യില്‍ 43.2 എന്നിങ്ങനെയാണ് ബാബറിന്റെ ശരാശരി. അടുത്തിടെ ഏറ്റവും വേഗത്തില്‍ ടി-20യില്‍ 2000 റണ്‍സ് എന്ന കോഹ്‌ലിയുടെ റെക്കോഡും ബാബര്‍ മറികടന്നിരുന്നു.

2015 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ബാബര്‍ 80 ഏകദനിങ്ങളില്‍ നിന്ന് 3808 റണ്‍സും 33 ടെസ്റ്റില്‍ നിന്ന് 2169 റണ്‍സും 54 ടി-20യില്‍ നിന്ന് 2035 റണ്‍സും നേടിയിട്ടുണ്ട്.

ആധുനിക ക്രിക്കറ്റിലെ ഫാബ് ഫൈവിലേക്ക് ബാബര്‍ വൈകാതെ എത്തുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം. നിലവില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലാന്റിന്റെ കെയ്ന്‍ വില്യംസണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരെ ഫാബ് ഫോര്‍ എന്നാണ് വിൡക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pakistan captain Babar Azam opens up on his comparisons with Virat Kohli