എഡിറ്റര്‍
എഡിറ്റര്‍
നബി നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ കലാപം; സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സൈന്യത്തെ രംഗത്തിറക്കി പാക്ക് സര്‍ക്കാര്‍
എഡിറ്റര്‍
Sunday 26th November 2017 8:27pm


ഇസ്‌ലാമാബാദ്: നബി നിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ കലാപം ശക്തമായതോടെ തലസ്ഥാന നഗരമായ ഇസ്‌ലാമാബാദിന്റെ നിയന്ത്രണമേറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യത്തെ രംഗത്തിറക്കി. ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായതിനെ ത്തുടര്‍ന്നാണ് നടപടിയെന്നാണ് ആഭ്യന്തര മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ വ്യക്തമാക്കിയത്.

പ്രതിഷേധ പ്രകടനത്തിനിടയില്‍ രണ്ട് പോലീസുകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിരോധ നടപടിയായാണ് സൈന്യത്തെ വിന്യസിച്ചത്. ശനിയാഴ്ചയുണ്ടായ സംഘര്‍ഷങ്ങളില്‍ ആറ് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് മറ്റ് പ്രധാന നഗരങ്ങളിലേക്ക് ഇസ്‌ലാമാബാദുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പോലീസ് വക്താവ് മൊഹമ്മദ് നഈം പറഞ്ഞു

സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ മാറ്റങ്ങള്‍ വരുത്തിയ നിയമ മന്ത്രി സഈദ് ഹമീദ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം. മുഹമ്മദ് ഇസ്‌ലാമിന്റെ അവസാനത്തെ പ്രവാചകനാണെന്ന് പറഞ്ഞ ഹമീദ് മുഹമ്മദിന് ശേഷം ഒരു പ്രവാചകനിലും കൂടി വിശ്വസിക്കുന്ന ന്യൂനപക്ഷമായ അഹ്മദിയ്യാ മുസ്‌ലിംവിഭാഗത്തില്‍പ്പെട്ടവരെക്കൂടി ഉള്‍ക്കൊള്ളണമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതാണ് കലാപകാരികളെ ചൊടിപ്പിച്ചത്.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മതവിഭാഗങ്ങളില്‍നിന്നുള്ള എതിര്‍പ്പിനെ ഭയന്ന് ഇത് പിന്‍വലിച്ചെങ്കിലും രാജ്യത്തെ ന്യൂനപക്ഷക്കാരായ അഹമദി വിഭാഗത്തിന് പ്രാമുഖ്യം ലഭിക്കുന്ന തരത്തിലുളള പുതിയ സത്യപ്രതിജ്ഞ പ്രവാചക നിന്ദയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.


Also Read സ്വത്തുക്കള്‍ തട്ടിയെടുത്തു; മുന്‍ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ മറഡോണ


തെഹ്രീക്-ഇ-ലബ്ബൈക് എന്നമതസംഘടനയുടെ വിശ്വാസികളും പിന്തുണക്കാരും രണ്ടു ആഴ്ചയായി പ്രധാന ഹൈവേ തടയുകയാണ് ചെയ്യുന്നത് കാര്യമായിത്തന്നെ ഇസ്‌ലാമബാദിനെ ബാധിച്ചിട്ടുണ്ട്. വരും ആഴ്ചകളില്‍ അന്താരാഷ്ട്ര ബോണ്ടുകള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

പരമ്പരാഗതവും സക്കൂക്ക് ബോണ്ടുകളും വില്‍ക്കുന്നതില്‍ നിന്ന് പാകിസ്ഥാന് 2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ രാഷ്ട്രീയത്തിന് നിക്ഷേപകരുടെ തീരുമാനങ്ങളില്‍ സുപ്രധാന പങ്കു വഹിക്കുന്നത് കണ്ടിട്ടുണ്ടെന്നും നിലവിലുണ്ടായ പ്രത്യേക സാഹചര്യം വിചാരിച്ചത്ര ലാഭം ഉണ്ടാക്കില്ല എന്ന് സ്റ്റോക്ക്ഹോം ആസ്ഥാനമായുള്ള തുണ്ട്ര ഫോണ്ടര്‍ എ.ബിയിലെ വൈസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായ ഷാമുണ്‍ താരിക് പറയന്നു.

സംഘര്‍ഷം കനത്തതിനെ തുടര്‍ന്ന് സ്വകാര്യ ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി താത്കാലിക വിലക്കേര്‍പ്പെടുത്തി. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള സൈനിക നടപടികള്‍ പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകള്‍ തത്സമയം കാണിച്ചിരന്നു. ഇത് രാജ്യത്തെ മാധ്യമ നിയന്ത്രണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ വസതിയിലേക്കുളള വഴിയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Advertisement