പാകിസ്ഥാനില്‍ ബസില്‍ സ്ഫോടനം: ഒന്‍പത് ചൈനീസ് എന്‍ജിനീയര്‍മാരും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു
World News
പാകിസ്ഥാനില്‍ ബസില്‍ സ്ഫോടനം: ഒന്‍പത് ചൈനീസ് എന്‍ജിനീയര്‍മാരും രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 5:09 pm

പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു മലയിടുക്കില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും യാത്ര ചെയ്ത ബസിനെ ലക്ഷ്യമിട്ടാണ് വന്‍ ഭീകരാക്രമണം നടന്നത്. അപ്പര്‍ കോഹിസ്ഥാനില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്.

ബസിലുണ്ടായിരുന്ന ഒന്‍പത് ചൈനീസ് എഞ്ചിനീയര്‍മാരാണ് മരിച്ചത്. എഞ്ചിനീയര്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് അര്‍ധ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

സ്‌ഫോടനത്തെ തുടര്‍ന്ന് ബസ് മലക്കം മറിഞ്ഞ് നിലത്ത് പതിക്കുകയായിരുന്നു. സ്‌ഫോടക വസ്തു റോഡരികില്‍ വെച്ചതാണോ ബസിനുള്ളില്‍ വെച്ചുപിടിപ്പിച്ചതാണോ എന്നത് വ്യക്തമായില്ല.

ദാസു ഡാമില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരുമായാണ് ബസില്‍ സഞ്ചരിച്ചത്. 30 ഓളം എഞ്ചിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു സൈനികനെയും കാണാനില്ല എന്നും റിപ്പോര്‍ട്ടുണ്ട്. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

COMTENT HIGHLIGHTS:  Pakistan bus blast kills 13, including 9 Chinese nationals