റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍; ഇന്ത്യയുടെത് 'സ്വതന്ത്ര വിദേശ നയം'
World News
റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍; ഇന്ത്യയുടെത് 'സ്വതന്ത്ര വിദേശ നയം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st March 2022, 7:48 am

ഇസ്‌ലാമാബാദ്: റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ പരസ്യമായി റഷ്യാ അനുകൂല നിലപാടെടുക്കുന്ന പാകിസ്ഥാന്‍ ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്.

ഈ സാഹചര്യത്തില്‍ കൂടിയാണ് റഷ്യക്ക് മേലുള്ള അമേരിക്കന്‍ ഉപരോധങ്ങളെ മറികടന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നയത്തെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയുടെത് ‘സ്വതന്ത്ര വിദേശനയ’മാണന്നും അതിനെ പ്രശംസിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് പാകിസ്ഥാനില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് ഖാന്‍ പറഞ്ഞത്.

നേരത്തെ, സബ്‌സിഡിയോടു കൂടി എണ്ണ വാങ്ങാനുള്ള റഷ്യന്‍ ഓഫര്‍ ഇന്ത്യ സ്വീകരിക്കാനൊരുങ്ങുന്നു എന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ യു.എസ് വിഷയത്തില്‍ നീരസം പ്രകടിപ്പിച്ചിരുന്നു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങണമെന്ന് ഇന്ത്യ ആലോചിക്കുന്നുണ്ടെങ്കില്‍ അത് പുനപരിശോധിക്കണം എന്ന രീതിയിലായിരുന്നു യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രതികരിച്ചത്.

യു.എസും യൂറോപ്യന്‍- നാറ്റോ അംഗരാജ്യങ്ങളും റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഏതൊരു രാജ്യത്തിനും നല്‍കാനുള്ള സന്ദേശമെന്നും ചരിത്രപുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ എവിടെയാണ് നില്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്നുമായിരുന്നു ജെന്‍ സാകി പറഞ്ഞത്.

റഷ്യന്‍ നേതൃത്വത്തിന് പിന്തുണ നല്‍കുന്നത്, അധിനിവേശത്തിന് പിന്തുണ നല്‍കുന്നതിന് തുല്യമാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണെന്നും ഇന്ത്യക്കുള്ള സന്ദേശമെന്നോണം അവര്‍ പറഞ്ഞിരുന്നു.
നിലവില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും വാങ്ങുന്നത്.


Content Highlight: Pak PM Imran Khan praises India’s ‘independent foreign policy’, on Russia oil imports