[share]
[]ന്യൂദല്‍ഹി: പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന “പെയ്ഡ് ന്യൂസ്” പ്രവണത തടയാന്‍ പത്രപ്രവര്‍ത്തകരുടെയും പത്രസ്ഥാപനങ്ങളുടെയും ഇടയില്‍ തന്നെ സ്വയംതിരുത്തല്‍ സംവിധാനം ഉണ്ടാകണമെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പറഞ്ഞു.
ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനംജൂബിലി ആഘോഷങ്ങള്‍ വിജ്ഞാന്‍ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകപ്രശസ്തമായ പല പത്രങ്ങളും മാഗസിനുകളും പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും ഇന്ത്യയിലെ പത്രലോകം ലോകത്തിലെ ഏറ്റവും വലിയ പത്ര വ്യവസായമായി നിലനില്‍ക്കുന്നതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പത്രങ്ങള്‍ രാജ്യത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായിരിക്കണം. ജനങ്ങളുടെ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും സംരക്ഷിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള നിരന്തരമായ പ്രയത്‌നത്തില്‍ പത്രങ്ങള്‍ സജീവ പങ്കാളികളായിരിക്കണമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഉത്പാദനച്ചെലവ്, ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍, മറ്റു മാധ്യമങ്ങളുടെ കടന്നു വരവ് എന്നീ കാരണങ്ങളാല്‍ പത്ര വ്യവസായം തളരുകയാണെന്ന് ഐ.എന്‍.എസ്. പ്രസിഡന്റ് രവീന്ദര്‍കുമാര്‍ ചൂണ്ടിക്കാട്ടി.
സ്വതന്ത്ര പത്രപ്രവര്‍ത്തനമെന്ന ആശയത്തെതന്നെ ചോദ്യംചെയ്യുന്ന പെയ്ഡ് ന്യൂസ് പ്രവണതകളും പത്രവ്യവസായത്തെ തകര്‍ക്കാന്‍ പോന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂബിലി ആഘോഷത്തോടൊപ്പം പ്രസിദ്ധീകരിച്ച സ്മാരകഗ്രന്ഥം രാഷ്ട്രപതി ഏറ്റുവാങ്ങി.
1939 ഫിബ്രവരി 27ന് ബര്‍മയടക്കമുള്ള പ്രദേശത്തെക്കൂടി ഉള്‍പ്പെടുത്തി രൂപവത്കരിച്ച ഇന്ത്യന്‍ ആന്‍ഡ് ഈസ്‌റ്റേണ്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയായത്. ആയിരത്തില്‍പ്പരം അംഗങ്ങളുള്ള സൊസൈറ്റിയുള്‍പ്പെടുന്ന പത്രങ്ങള്‍ക്ക് മൊത്തം ഒന്‍പത് കോടിയില്‍പ്പരം വായനക്കാരുണ്ട്.