ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അതിരുകള്‍ വേണം’; പദ്മാവതിക്കെതിരെ പ്രതികരണവുമായി റസ്‌കിന്‍ ബോണ്ട്
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 7:38pm

 

ന്യൂദല്‍ഹി: ബോളിവുഡ് ചിത്രമായ പദ്മാവതിക്കെതിരെ വിമര്‍ശനവുമായി എഴുത്തുകാരനായ റസ്‌കിന്‍ ബോണ്ട്. ഉപാധികളോടെയുള്ള സ്വാതന്ത്ര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.

രാജ്യത്തിന്റെ സമ്പൂര്‍ണ്ണ സമാധാനത്തിന് പരിധികള്‍ നിര്‍ണ്ണയിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യത്തിന് മാത്രമേ സാധിക്കയുള്ളു. അതുകൊണ്ടു തന്നെ പദ്മാവതി ചിത്രം സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോളിവുഡ് ചിത്രമായ പദ്മാവതി വിവാദങ്ങളെപറ്റിയുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുന്ന രീതിയിലാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കേണ്ടത്. അതുകൊണ്ടുതന്നെ പദ്മാവതി വിവാദങ്ങള്‍ എല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും റസ്‌കിന്‍ ബോണ്ട് അഭിപ്രായപ്പെട്ടു.

പരിധികള്‍ നിര്‍ണ്ണയിച്ചാല്‍ മാത്രമേ സ്വാതന്ത്രത്തിന് അര്‍ത്ഥമുണ്ടാകുകയുള്ളു. ബോളിവുഡ് ചിത്രമായ പദ്മാവതിക്കുനേരേ ഉള്ള എതിര്‍പ്പുകള്‍ ഒരു പരിധി വരെ ന്യായികരിക്കാന്‍ കഴിയുന്നവയാണെന്നാണ് ബോണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷം ഈ മാസം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രമാണ് പദ്മാവതി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക. രജപുത് റാണിയായ പദ്മാവതിയുടെ ചരിത്രം പറയുന്ന ചിത്രം ധാരാളം എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. മത വികാരം വ്രണപ്പട്ടുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Advertisement