Administrator
Administrator
ക്ഷേത്ര സ്വത്തിനൊരു കീഴാള പക്ഷ വായന
Administrator
Monday 29th August 2011 2:59pm

രാജ്യത്തെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് തിരുവന്തപ്പുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. എ. ഡി. 1325 മുതലുള്ള ചരിത്ര രേഖകളില്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ഭരണാധികാരികളായ ആയ് വംശജരുടെ ഈ ക്ഷേത്രം പിന്നീട് വേണാടിന്റെ ഭാഗമായി. തിരുവിതാംകൂറിലെ അധികാരത്തിന്റെ ഭരണകൂട കേന്ദ്രമായിരുന്നു പത്മനാഭ സ്വാമി ക്ഷേത്രം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു ശേഖരം വിവാദമാകാന്‍ കാരണം അതിന്റെ ചരിത്രമാണ്. പുറത്തറിയപ്പെട്ട സ്വത്തിലെ ഒരോ നാണയത്തിലും രക്തത്തിന്റെ കറയും അടിയാളരുടെ ചുങ്ക കാശിന്റെ കണ്ണുനീരും പതിഞ്ഞിട്ടുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലം മുതല്‍ക്കാണ് ഈ ക്രൂരകൃത്യങ്ങള്‍ ആരംഭിക്കുന്നത്. പാണന്‍മാര്‍ പാടി നടന്നതെല്ലാം രാജ കുടുംബത്തിന്റെ വാഴ്ത്തു പാട്ടുകളായിരുന്നുവെന്ന് മാത്രം.

ഇപ്പോള്‍ പുറത്തറിയപ്പെട്ട ഈ സ്വത്ത് സമാഹരിച്ചതും സമ്പാദിച്ചതും ഒട്ടേറെ നാട്ടു രാജ്യങ്ങളെ വെട്ടിപ്പിടിച്ചു കൊണ്ടാണ്. ഉദാഹരണത്തിന്; ചെമ്പകശ്ശേരി രാജ്യം, തെക്കുംകൂര്‍, വടക്ക്കൂര്‍ തുടങ്ങിയ നാട്ടുരാജ്യങ്ങളെയും നാടുവാഴി സ്ഥാനങ്ങളെയും അക്രമിച്ചു കീഴ്‌പ്പെടുത്തുകയും കൊട്ടാരങ്ങളെ കൊള്ളയടിച്ച് തീയിടുകയും സൈന്യാധിപന്മാരെ വധിക്കുകയും ചെയ്ത് സമാഹരിച്ച സ്വത്താണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ ക്ഷേത്രത്തില്‍ സമാഹരിച്ചിരിക്കുന്നത്. അടിയാളരില്‍ നിന്നും താഴ്ന്ന ജാതിക്കാരില്‍ നിന്നും ക്രൂരമായ തോതില്‍ കരം പിരിച്ചെടുത്ത സമ്പത്തും ഇപ്പോള്‍ വെളിപ്പെട്ട സ്വത്തിന്റെ അടിത്തറയാണ്.

കൂടാതെ തന്നെ പിഴയായും കാണിക്കയായും ക്ഷേത്രത്തിലേക്ക് സ്വത്ത് ഒഴുകിയിരുന്നു. സ്വര്‍ണ്ണ നാണയങ്ങള്‍ പിഴയായും വെള്ളിക്കുടങ്ങള്‍ പ്രായശ്ചിത്തമായും പഞ്ചരത്‌ന ശേഖരങ്ങള്‍ കാണിക്കയായും സമര്‍പ്പിക്കപ്പെട്ടു. കച്ചവടക്കാര്‍, പ്രഭുക്കന്മാര്‍, രാജകുടുംബാംഗങ്ങള്‍ അത്തരത്തിലുള്ള ആളുകളെല്ലാം അവര്‍ നിരന്തരമായി പോകുന്ന സമയത്ത് സ്വര്‍ണ്ണങ്ങളും മറ്റും കാഴ്ച വെച്ചിരുന്നതായി രേഖകളുണ്ട്. ഇതിനെല്ലാം പുറമെ ക്ഷേത്രത്തിന് ധാരാളം സ്വത്തുക്കളുണ്ടായിരുന്നു. കന്യാകുമാരി ജില്ല, തിരുവനന്തപ്പുരം ജില്ല, കൊല്ലം ജില്ല എന്നിങ്ങനെ മൂന്നു ജില്ലകളിലായിട്ട് പടര്‍ന്ന് കിടന്നിരുന്ന സ്വത്തായിരുന്നു അത്. ശ്രീ ഭണ്ഢാരം ഭൂമി വന്‍ തോതിലുള്ള ക്ഷേത്രം തിരുവിതാംകൂറിലെ ഏറ്റവും വലിയ ഭൂവുടമയായി. ക്ഷേത്രം ഈ പണം പലിശക്ക് കൊടുക്കുകയും വിഭവങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്നു.

ക്ഷേത്ര രേഖകളൊക്കെ പരിശോധിച്ചു നോക്കിയാല്‍ കാണാന്‍ സാധിക്കുന്നത് ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് ക്ഷേത്രങ്ങള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നതെന്നാണ്. ഈ ഭൂമികളില്‍ നിന്നൊന്നും യാതൊരു വിധത്തിലുള്ള നികുതിയും പിരിക്കാന്‍ പാടില്ലായിരുന്നു. നികുതി പിരിക്കാന്‍ പാടില്ലാത്തത് കൊണ്ട് തിരുവിതാംകൂറിന്റെ വരുമാനം നൂറ്റൊന്ന് തരത്തിലുള്ള കരങ്ങളും കുരുമുളക് പോലോത്ത് വിഭവങ്ങള്‍ വ്യാപാരം നടത്തിയുമയിരുന്നു. ഈ വ്യാപാരം മുഖേനെയാണ് ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും നാണയങ്ങളെല്ലാം ഈ മഹാനിധിയില്‍ നിറഞ്ഞത്.

ക്ഷേത്ര ഭൂമി, ശ്രീ ഭണ്ഡാര കണക്ക്, നിത്യ നടച്ചെലവ് കണക്ക് എന്നിങ്ങനെ മൂന്നായി വേര്‍തിരിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ നിത്യ പൂജകള്‍ക്കുള്ള നിത്യ നടച്ചെലവിലെ സ്വത്താണ് നിത്യാദി നിലവറയില്‍ നിന്ന് കണ്ടെടുത്തത്. സ്ഥിരാസ്ഥിയായ ശ്രീ ഭണ്ഡാരക്കണക്ക് സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥനും വര്‍ക്കലയില്‍ കരുവേലപ്പുരയും ഉണ്ടായിരുന്നു. എന്നാല്‍ ക്ഷേത്ര സേവകരായ പോറ്റിമാര്‍ സ്വത്ത് മോഷ്ടിച്ചടെ ഇത് ക്ഷേത്രത്തിനനകത്തെ അറയിലേക്ക് മാറ്റുകയും മതിലകം പണിയുകയും ചെയ്തു. പിന്നീട് ഡച്ചുകാരുടെ ആക്രമണ സമയത്ത് ഈ നിക്ഷേപമെല്ലാം തന്നെ വര്‍ക്കലയിലേക്ക് കൊണ്ട് പോവുകയും ഇവിടെ ഇന്ന് കാണുന്ന തരത്തിലുള്ള നിലവറയും ലോഹ വാതിലുകളും പണിത് സ്വത്തുക്കള്‍ തിരിച്ച് കൊണ്ട് വരികയും ചെയ്തു.

1750 ജനുവരി 3-ാം തിയ്യതിയാണ് കന്യാകുമാരി മുതല്‍ ചേര്‍ത്തല വരെയുള്ള നാട്ടു രാജ്യങ്ങളെല്ലാം പിടിച്ചടക്കിയ മാര്‍ത്താണ്ഡ വര്‍മ്മ സര്‍വ്വം ശ്രീ പത്മനാഭന് സമര്‍പ്പിച്ചത്. ഇതോട് കൂടി രാജ്യവും ക്ഷേത്രവും ഒന്നായിത്തീര്‍ന്നു. തൃപ്പടി ദാനം എന്ന ഈ ചടങ്ങിലൂടെ രാജാക്കന്മാര്‍ പത്മനാഭ ദാസന്‍മാരായി. അത്‌കൊണ്ട് ക്ഷേത്രത്തിന്റെ സ്വത്ത് എന്ന് പറയുന്നത് രാജ്യത്തിന്റെ സ്വത്താണ്. ഇത്തരം ക്രൂരമായ കൃത്യങ്ങള്‍ ചെയ്തതിന്റെ പ്രായശ്ചിത്വം എന്ന നിലക്കാണ് തൃപ്പടി ദാനമൊക്കെ നടത്തുന്നത്. ഇതെല്ലാം എല്ലാ രാജാക്കന്മാരും നടത്തുന്ന തന്ത്രങ്ങളാണെന്നാണ് വിലയിരുത്തപ്പെടാറ്.

ഇതൊരിക്കലും ബ്രിട്ടീഷുകാര്‍ വരുന്നതു വരെ വിദേശ ശക്തികളാല്‍ കൊള്ളയടിക്കപ്പെട്ടിരുന്നില്ല. ബ്രിട്ടീഷുകാരും രാജാവിന്റെ കൊട്ടാരങ്ങളെ കൊള്ളയടിക്കുകയോ ചെയ്തിട്ടില്ല. അത്‌കൊണ്ട് തുടര്‍ച്ചയായി ഒരു ക്ഷേത്രത്തിനുണ്ടാകുന്ന വരുമാനം അവിടെ തന്നെ നിലനില്‍ക്കുകയും അത് രാജാക്കന്മാര്‍ സംരക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ തിരുവിതാംകൂറിനുണ്ടായിരുന്നു. അന്നത്തെ ഇന്ത്യയിലെ മറ്റൊരു ക്ഷേത്രങ്ങളെക്കുറിച്ചും അത് പറയാന്‍ വയ്യ.

ക്ഷേത്ര പ്രവേശന വിളംബരമാണ് ഭരണ നേട്ടമായി പറയുന്ന മറ്റൊരു കാര്യം. ക്ഷേത്ര പ്രവേശനത്തിന് വേണ്ടി പന്ത്രണ്ട് വര്‍ഷത്തെ സമരം വേണ്ടി വന്നു. ഏറ്റവും നികൃഷ്ടമായ രീതിയിലാണ് വൈക്കം സത്യഗ്രഹത്തെ അടിച്ചമര്‍ത്തുന്നത്. അത്രമേല്‍ ബ്രാഹ്മണ മേധാവിത്വം നിലനിന്ന ബ്രാഹ്മണര്‍ക്ക് വേണ്ടി മാത്രം നിലനിന്ന ഭരണ സമ്പ്രദായമായിരുന്നു തിരുവിതാംകൂര്‍ രാജാക്കന്മാരുടേത്. ലാളിത്യമാണ് രാജകുടുംബത്തിനുമേല്‍ എന്നും ചാര്‍ത്തപ്പെടുന്ന സവിശേഷമെങ്കിലും ദൂര്‍ത്തും അഴിമതിയുമാണ്് അന്ന് രാജകുടുംബത്തിനുമേല്‍ ആരോപിക്കപ്പെടുന്നത്. 1750 ല്‍ ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി നടത്തിയ മര്‍ചപത്തിന് രണ്ട് ലക്ഷം രൂപ ചെലവിട്ടു. 1910ല്‍ രാജപുത്രിയുടെ കെട്ടുകല്ല്യാണത്തിന് ചെലവിട്ടത് ഒരു ലക്ഷം രൂപയാണ്. ഈ രാജാക്കന്മാരാരും ക്ഷത്രിയന്മാരായിരുന്നില്ല, ശൂദ്രരായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ ശൂദ്രനായിരുന്നു. അത്‌കൊണ്ടാണ് ഹിരണ്ണ്യഗര്‍ഭം നടത്തിയത്.

അടിമവ്യവസ്ഥയുടെയും ജാതി ചൂഷണത്തിന്റെയും കറുത്ത കാലം കൂടിയായിരുന്നു അത്. 13,6000ത്തോളം അടിമകള്‍ തിരുവിതാംകൂര്‍ രാജ്യത്തുണ്ടായിരുന്നു. പുലയരെപ്പോലുള്ള താഴ്ന്ന ജാതിക്കാര്‍ ഇവിടെ അടിമപ്പണിയെടുത്തിരുന്നു. ജന്മികള്‍ക്ക് വേറെയും അടിമകളുണ്ടായിരുന്നു. ഈ അടിമകള്‍ക്ക് യാതൊരു പ്രതിഫലവും കൊടുക്കാതെ ഭക്ഷണം മാത്രം കൊടുത്താണ് പണിയെടുപ്പിച്ചിരുന്നത്. വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ യാതൊരു പരിപാടികളും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നടപ്പിലാക്കിയിട്ടില്ല. പാരമ്പര്യമായി തിരുവിതാംകൂറിലെ മന്ത്രിമാരായ പോറ്റി കുടുംബത്തെ വീടടക്കം തീവെച്ചു കൊന്നു. പ്രജാതല്‍പരര്‍ എന്നൊക്കെ പറയുമ്പോഴും ഭരണത്തിന്റെ നേട്ടമെല്ലാം ലഭിച്ചത് പരദേശി ബ്രാഹ്മണര്‍ക്കാണ്. ഈഴവര്‍ക്കും മുഹമ്മദീയര്‍ക്കും പിന്നോക്കക്കാര്‍ക്കും തൊഴില്‍ നല്‍കിയില്ല. നികുതി നല്‍കുന്നവന് നീതി ലഭിച്ചില്ല. ജന്മിത്വത്തോടും നാടുവാഴിത്തത്തോടും പോരാടിയാണ് ജനാധിപത്യത്തിന്റെ കാലഘട്ടത്തിലേക്ക് കേരളം എത്തിയത്.

രാജവാഴ്ചയുടെയും അധികാര പ്രയോഗത്തിന്റെയും രക്ത പങ്കിലമായ ചരിത്രമാണ്, അത്‌കൊണ്ടാണ് സ്വത്ത് വിവാദം കേവലം വിശ്വാസ പ്രശ്‌നമാകാത്തത്. ക്ഷേത്ര സ്വത്തില്‍ ഭൂരിഭാഗവും രാജാക്കന്മാരുടെ കാഴ്ചയാകാം. എന്നാല്‍ രാജാക്കന്മാര്‍ക്ക് ഈ സ്വത്ത് എവിടുന്നു ലഭിച്ചുവെന്നതാണ് രാഷ്ട്രീയ പ്രശ്‌നം. ഈ നാട്ടിലെ സാധരണക്കാര്‍ നല്‍കിയ കരമാണത്. അത്തരമൊരു ചരിത്രവത്കരണമാണ് ഈ പ്രശ്‌നത്തിലുണ്ടാകേണ്ടത്. സല്‍ഭരണത്തിന്റെയും നീതിനിര്‍വ്വഹണത്തിന്റെയും രാജകീയ പ്രതീകമായാണ് തിരുവിതാംകൂര്‍ ഭരണത്തെ പലരും വാഴ്ത്തുന്നത്. എന്നാല്‍ ഇതിനൊരു മറുപുറമുണ്ടെന്നാണ് കാലം സാക്ഷി പറയുന്നത്.

നാടുവാഴിത്ത മൂല്ല്യങ്ങളുടെ പ്രീണനമാണ് ഇപ്പോഴത്തെ വിവാദത്തിലൂടെ ഉയര്‍ന്ന് വന്നത്. രാജകുടുംബത്തിന്റെ ദൂര്‍ത്തിനും അഴിമതിക്കുമെതിരെ സ്വദേശാഭിമാനി അടക്കമുള്ള അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം പടവെട്ടി. ദേവപ്രശ്‌നം, രാജകുടുംബം എന്നൊക്കെ പറഞ്ഞ് സാധാരണക്കാരുടെ മനസ്സിനെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇന്നെത്തെ മാധ്യമപ്രവര്‍ത്തകര്‍ കുഴലൂത്ത് നടത്തുകയാണ്.

Advertisement