ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
സംഘപരിവാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; സ്ത്രീകള്‍ക്കെതിരായ ആചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ അഭിമാനിക്കുന്നു:പാ രഞ്ജിത്
ന്യൂസ് ഡെസ്‌ക്
Saturday 12th January 2019 11:38pm

കൊച്ചി: ആര്‍.എസ്.എസും ബി.ജെ.പിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. അതിന് എതിരെ ജനങ്ങളെ ഒന്നിപ്പിക്കേണ്ടത് പ്രധാനവും വെല്ലുവിളി നിറഞ്ഞതുമായ കാര്യമാണെന്നും പാ രഞ്ജിത്ത് പറഞ്ഞു.

ആര്‍ത്തവം അശുദ്ധിയല്ല എന്ന് സന്ദേശവുമായി കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പാ രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ മുഴുവന്‍ സ്ത്രീകളെ സംബന്ധിച്ച പ്രശ്നങ്ങള്‍ അരങ്ങേറുകയാണ്. എല്ലാ മേഖലയില്‍ നിന്നും സ്ത്രീകള്‍ ശക്തമായി മുന്നോട്ട് വരുന്നുണ്ട്. എന്നാലും ജാതിയുടെയും മതത്തിന്റെയും പേരില്‍ പുരുഷാധികാരം ഉറപ്പിക്കുന്നുണ്ട്. അതിനെ എതിര്‍ത്ത് കേരളത്തില്‍ ഒരു സാംസ്‌കാരിക പോരാട്ടം നടക്കുന്നു.

Also Read:  ‘ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന വാദത്തില്‍ കഴമ്പുണ്ട്’ ; ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി രാഹുല്‍ഗാന്ധി

ആര്‍ത്തവം ആയ ഒരു പെണ്‍കുട്ടിയെ വീടിന് പുറത്ത് കുടിലില്‍ താമസിപ്പിച്ച്, ആ കുടിലിന് മേല്‍ മരം വീണ് പെണ്‍കുട്ടി ദാരുണമായി മരിച്ച സംഭവം ഈയടുത്താണ് ഉണ്ടായത്. വിജയ എന്ന് പെണ്‍കുട്ടി മരിച്ച സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ആചാരങ്ങളാണ് എവിടെയും. അതിനെതിരെ ശബ്ദമുയര്‍ത്തുന്നതിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും പാ രഞ്ജിത് പറഞ്ഞു.

ജാതി സമത്വം, ലിംഗ സമത്വം ഇവ അനിവാര്യമാണ്. ഡിജിറ്റലായി ഇന്ത്യ മുന്നേറി എന്ന് പറയുന്ന അവസ്ഥയിലും ആചാരങ്ങള്‍ നമ്മളെ പിന്നോട്ട് കൊണ്ടുപോകുന്നു. ജാതി ചിന്ത ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നമാണ്, ലിംഗ നീതി ഇന്ത്യയ്ക്ക് ഏറ്റവും അനിവാര്യമായതും. അതുകൊണ്ട് നമ്മള്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം- പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ നിന്നുള്ള തങ്ങളുടെ ‘ദ കാസ്റ്റ്ലെസ് കളക്ടീവ്’ എന്ന ബാന്റിന് ഇവിടെ വന്ന് പരിപാടി അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയതിലും അതിയായ സന്തോഷമുണ്ടെന്ന് രഞ്ജിത് പറഞ്ഞു.

ചിത്രം കടപ്പാട്: ന്യൂസ് മിനുട്ട്‌

Advertisement