സിനിമയിലും ജീവിതത്തിലും രാഷ്ട്രീയം പറയാതെ നിവൃത്തിയില്ല
Interview
സിനിമയിലും ജീവിതത്തിലും രാഷ്ട്രീയം പറയാതെ നിവൃത്തിയില്ല
ജിതിന്‍ ടി പി
Saturday, 29th June 2019, 12:01 pm

ദി ഹിന്ദുവില്‍ ജൂണ്‍ 28 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ സ്വതന്ത്രപരിഭാഷ

ഒരു ലൈബ്രറിയെ ഓര്‍മ്മിപ്പിക്കും വിധമാണ് പാ രഞ്ജിതിന്റെ ഓഫീസ് റിസപ്ഷന്‍. കോടമ്പാക്കത്തെ സിനിമാ പോസ്റ്ററുകള്‍ നിറഞ്ഞ ഓഫീസുകളില്‍നിന്ന് വ്യത്യസ്തമായി പാ രഞ്ജിത്തിന്റെ ചുമരുകള്‍ അലങ്കരിക്കുന്നത് അംബേദ്കറിന്റെയും പെരിയാറിന്റെയും മാര്‍ക്‌സിന്റെയും പുസ്തകങ്ങളാണ്.ഒരു ലൈബ്രറിയെ ഓര്‍മ്മിപ്പിക്കും വിധമാണ് പാ രഞ്ജിതിന്റെ ഓഫീസ് റിസപ്ഷന്‍. കോടമ്പാക്കത്തെ സിനിമാ പോസ്റ്ററുകള്‍ നിറഞ്ഞ ഓഫീസുകളില്‍നിന്ന് വ്യത്യസ്തമായി പാ രഞ്ജിത്തിന്റെ ചുമരുകള്‍ അലങ്കരിക്കുന്നത് അംബേദ്കറിന്റെയും പെരിയാറിന്റെയും മാര്‍ക്‌സിന്റെയും പുസ്തകങ്ങളാണ്.

മുറിയുടെ ഒരു മൂലയില്‍ കാരംസ് ബോര്‍ഡുണ്ട്. പാ രഞ്ജിതിന്റെ സംവിധാനസഹായികള്‍ നേരമ്പോക്കിനായി ഉപയോഗിക്കുന്നത്. സിനിമാ പോസ്റ്റര്‍ പോയിട്ട് സ്വന്തം ഫോട്ടോ പോലും ആ മുറിയിലില്ല. തമിഴ് സിനിമയിലെ ശബ്ദം എന്നതിലുപരിയായി ജാതീയതയ്‌ക്കെതിരെ ഉയരുന്ന ശബ്ദം എന്ന നിലയില്‍ അദ്ദേഹം മാറുകയാണ്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഭവബഹുലമാണ് പാ രഞ്ജിത്തിന്റെ ജീവിതം. പതിനൊന്നാം നൂറ്റാണ്ടിലെ തമിഴ് ചക്രവര്‍ത്തി രാജ രാജ ചോളനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ചില ആളുകളെ പ്രകോപിപ്പിച്ചു. 

ഞങ്ങള്‍ കണ്ടുമുട്ടുന്നതിന്റെ തലേദിവസമാണ് അദ്ദേഹത്തിന് സോപാധികമായ  ജാമ്യം ലഭിക്കുന്നത്. ഒരു പുതിയ അനുഭവം എന്നായിരുന്നു ഞങ്ങളുടെ സംസാരത്തിന് മുന്‍പായി അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞത്.

രാജ രാജ ചോളനെക്കുറിച്ച് ഇപ്പോള്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാരണം?

തങ്ങള്‍ രാജയുടെ ജാതിയില്‍പ്പെട്ടവരാണെന്ന് ചിലര്‍ പറഞ്ഞതിനാലും ഞാന്‍ അന്ന് പ്രസംഗിച്ച സ്ഥലം തഞ്ചാവൂര്‍ ആണെന്നതിനാലുമാണ് രാജ രാജ ചോളനെക്കുറിച്ച് എനിക്ക് പറയേണ്ടിവന്നത്. ഞാന്‍ ഉന്നയിച്ച വിഷയം എന്താണെന്നാല്‍ അദ്ദേഹത്തിന്റെ (രാജ രാജ ചോളന്‍) ഭരണകാലത്ത് എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ഭൂമി കൊടുത്തില്ല എന്നാണ്. കെ.കെ പിള്ള, കെ.എ നീലകണ്ഠ ശാസ്ത്രി, പി.ഒ വേല്‍സാമി, നോബൊരു കരഷിമ തുടങ്ങിയവരുടെ കൃതികള്‍ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ ചോദ്യം ഉന്നയിക്കുന്നത്.

രാജാ രാജ ചോളന്‍ മനോഹരമായ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചുവരുകളിലെ കൊത്തുപണികളില്‍ ബാര്‍ബര്‍മാരുടേയും അലക്കുകാരുടെയും പേരുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതിനെക്കുറിച്ച്?

ആ ക്ഷേത്രവാസ്തുവിദ്യയില്‍ എനിക്കും അത്ഭുതമുണ്ട്. അദ്ദേഹത്തിന്റെ ആ നടപടിയില്‍ എനിക്ക് യാതൊരു വിയോജിപ്പുമില്ല. പക്ഷെ അദ്ദേഹത്തിന്റെ ഭരണകാലത്ത് ജാതി എന്നത് അതിന്റെ മോശം തലത്തില്‍ ഉയര്‍ന്നിരുന്നു. ഓരോ ജാതിയ്ക്കും ഓരോ ശ്മശാനമായിരുന്നു അക്കാലത്ത്. അദ്ദേഹത്തിന് മുന്‍പ് തന്നെ അത് ഉണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷെ അതേറ്റവും കരുത്താര്‍ജ്ജിക്കുന്നത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. അക്കാര്യം ഒരുപാട് പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.

ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സിനിമയിലും ജീവിതത്തിലും രാഷ്ട്രീയം പറയേണ്ടതിന്റെ പ്രാധാന്യമെന്താണ്?

ഞാന്‍ എന്റെ ജീവിതത്തില്‍ നേരിട്ട സംഭവങ്ങളാണ് എന്റെ വര്‍ക്കുകളില്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ എല്ലായിടത്തും എന്നെ ജാതി പിന്തുടര്‍ന്നിട്ടുണ്ട്. ആഘോഷങ്ങളിലും ദുഃഖങ്ങളിലും അത് വിടാതെ പിന്തുടര്‍ന്നു. അതുകൊണ്ടുതന്നെ ഒരു സംവിധായകന്‍ എന്ന നിലയില്‍ ജാതിയെക്കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്. അതല്ലാതെ കലാപരമായ സംതൃപ്തിക്കായി സിനിമയെടുക്കാനാകില്ല.

ഗ്രാമത്തിലെ മരമോ കിണറോ കാണുമ്പോള്‍ ചിലര്‍ക്ക് അവ സുന്ദരമായി തോന്നിയേക്കാം. അതൊന്നും തനിക്കുള്ളതല്ലെന്ന് സമൂഹം പറഞ്ഞത് കാരണം അവ സുന്ദര വസ്തുക്കളായി എനിക്ക് തോന്നിയിട്ടില്ല.

ഒരു ദളിതനായതിനാല്‍ തനിക്ക് മരത്തില്‍ കയറാനോ കിണറ്റിലെ വെള്ളം കുടിക്കാനോ അനുവാദം ഇല്ലായിരുന്നു. എല്ലാവരും ഉപയോഗിച്ചിരുന്ന പലതും എനിക്ക് അന്യമായിരുന്നു. അതുകൊണ്ടുതന്നെ ഒരു മരമോ കിണറോ കണ്ടാല്‍ എനിക്ക് അതിനെ കലാപരമായി സമീപിക്കാന്‍ കഴിയില്ല. ഈ കഥകളാണ് താന്‍ സിനിമയില്‍ പറയുന്നത്.

സമാന്തര സിനിമകളിലൂടെ ഇക്കാര്യം താങ്കള്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ കാര്യം സൂപ്പര്‍സ്റ്റാറുകളെ വെച്ച് കൊമേഴ്‌സ്യല്‍ സിനിമയാക്കുമ്പോള്‍ ഉള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്.?

ആട്ടക്കത്തി (2012) മദ്രാസ് (2014) എന്നീ സിനിമകള്‍ കണ്ടിട്ടാണ് രജനിസാര്‍ എന്റെ അടുത്തേക്ക് വന്നതെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ എനിക്കും സ്വീകാര്യമായ വഴിയിലൂടെയാണ് കബാലി (2016), കാലാ (2018) എന്നീ സിനിമകള്‍ ചെയ്തത്.
കൊമേഴ്‌സ്യല്‍ സിനിമയാണ് ഭൂരിപക്ഷം ആളുകളോടും സംവദിക്കുന്നത്. അതുകൊണ്ട് ഞാനിവിടെ നില്‍ക്കുന്നു. പക്ഷെ പ്രേക്ഷകര്‍ സത്യസന്ധമായ കാര്യങ്ങളേയെ അഭിനന്ദിക്കൂ. സിനിമകളിലൂടെ എന്റെ പ്രേക്ഷകരുമായി ആശയവിനിമയത്തിനുള്ള മാര്‍ഗം ഞാന്‍ തുറന്നുകൊടുക്കുന്നു.

രാഷ്ട്രീയമായി നിലകൊള്ളാന്‍ താങ്കളെ പ്രേരിപ്പിച്ച എന്തെങ്കിലും സംഭവമുണ്ടായിരുന്നോ?

അത് എന്റെ ജീവിതശൈലിയുടെ ഭാഗമാണ്. അയല്‍ക്കാരന്റെ കുട്ടി ഒരു ഗ്ലാസ് വെള്ളം എനിക്ക് കൈമാറിയത് മുതല്‍, കടയില്‍ സാധനം വാങ്ങിയ ശേഷം കടക്കാരന്‍ ബാലന്‍സ് തുക കൈയില്‍ തരാതെ കൗണ്ടറില്‍വെക്കുന്നത് മുതല്‍… അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ട്. എന്തുകൊണ്ടാണ് ഞങ്ങള്‍ (ദളിതര്‍) സമൂഹത്തിലെ ഒരുവരായി പരിഗണിക്കപ്പെടാത്തത് എന്ന ചോദ്യമാണ് എന്നെ വേട്ടയാടുന്നത്. മറ്റുള്ളവര്‍ക്ക് അത് നിസാരമായിരിക്കാം, എന്നാല്‍ എന്നെ അത് അലോസരപ്പെടുത്തുന്നുണ്ട്.

കുട്ടിക്കാലത്തെ അവസ്ഥകളെക്കുറിച്ചാണ് താങ്കള്‍ കൂടുതല്‍ സംസാരിച്ചത്. 2019 ല്‍ അതില്‍ നിന്ന് ഒരുപാട് മാറിയിട്ടില്ലേ?

എങ്ങനെ മാറി? വിദ്യാര്‍ത്ഥികളോട് ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ പറഞ്ഞ പ്രധാനാധ്യാപികയെക്കുറിച്ച് ഇപ്പോള്‍ അടുത്താണ് നമ്മള്‍ കേട്ടത്. ഇളവരശന്റെ മരണം ആത്മഹത്യയാണെന്ന വിധി. കാര്യങ്ങള്‍ എല്ലാം മാറിയെന്ന് നമുക്കെങ്ങനെ പറയാനാകും. ഞങ്ങള്‍ക്ക് വയറു സംവരണം പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ നമ്മള്‍ പറയുന്നു പുതിയ ലോകമാണ്- ജാതി മറന്ന് തുല്യരാകാം. നൂറ്റാണ്ടുകളായുള്ള അടിച്ചമര്‍ത്തല്‍ ജനങ്ങളോട് മറക്കാന്‍ പറയുന്നതും അതിക്രമമാണ്. അതിനെക്കുറിച്ച് സംവദിക്കണം, പ്രായ്ശ്ചിത്തം ചെയ്യണം. ഇത് ചെയ്യാത്തിടത്തോളം കാലം എല്ലാം മാറിയെന്ന് പറയാനാകില്ല.

നോര്‍ത്ത് മദ്രാസ്, മലേഷ്യ, ധാരാവി… അടിച്ചമര്‍ത്തപ്പെട്ട ആളുകളുള്ള സ്ഥലങ്ങളെയാണ് നിങ്ങളുടെ സിനിമകളില്‍ പ്രതിനിധീകരിക്കുന്നത്. സിനിമ ചിത്രീകരിക്കുന്ന സ്ഥലം എത്രത്തോളം പ്രാധാന്യമാണ്?

പശ്ചാത്തലം എല്ലായിടത്തുമുണ്ട്. നിങ്ങള്‍ ഏത് ഗ്രാമത്തില്‍ പോയാലും അവിടെയുള്ള പോസ്റ്ററുകളും കൊടികളും പ്രതിമകളും നോക്കൂ. അവിടത്തെ ആളുകളുടെ കഥ അതില്‍ നിന്ന് വ്യക്തമാകും. എല്ലാ പശ്ചാത്തലത്തിനും അതിന്റേതായ കഥയുണ്ടായിരിക്കും. സിനിമയൊരുക്കുമ്പോള്‍ പശ്ചാത്തലത്തെക്കുറിച്ച് ഞാന്‍ പഠിക്കാറുണ്ട്. കാരണം അത് സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. 50 കുടുംബങ്ങളുള്ള ഒരു ഗ്രാമത്തെ ഒരു ഏരിയല്‍ ഷോട്ടില്‍ കാണുന്നത് സങ്കല്‍പ്പിച്ചുനോക്കൂ. ആ ഒരൊറ്റ ദൃശ്യത്തില്‍ അത് ഒരു കഥ പറയുന്നുണ്ടാകും.

നിങ്ങളുടെ സംഭാഷണങ്ങളെല്ലാം വളരെ ശക്തമാണ്. ‘ഗാന്ധിയുടെ വസ്ത്രം-അംബേദ്കറുടെ കോട്ട്, നിലം എങ്കള്‍ ഉറിമയി’ തുടങ്ങിയവ. അത്‌ ഒരു പ്രസ്താവനയായി നിലനില്‍ക്കുന്നതിനേക്കാള്‍ വെറും പഞ്ച് ലൈനായി ഒതുങ്ങുമെന്ന് ഭയപ്പെടുന്നുണ്ടോ?

ഗാന്ധി-അംബേദ്കര്‍ ലൈന്‍ എഴുതി രജനി സാറിന് മുമ്പില്‍ കൊടുക്കുമ്പോള്‍ അദ്ദേഹം എന്ത് പറയുമെന്നോര്‍ത്ത് ഞാന്‍ അസ്വസ്ഥനായിരുന്നു. ‘സൂപ്പര്‍ സര്‍’ എന്ന് പറഞ്ഞ് അദ്ദേഹം കരയുകയായിരുന്നു. അത് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. അത് ചിത്രീകരിച്ച ശേഷം ഞാനും കരഞ്ഞു. വളരെ വൈകാരികമായിരുന്നു അത്. വളരെ കരുത്തുറ്റ സംഭാഷണം കരുത്തുറ്റ ശബ്ദത്തില്‍ പറഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്.

താങ്കളുടെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ വളരെ കരുത്തുറ്റതാണ്. ഒരു സ്ത്രീകേന്ദ്രീകൃത സിനിമ പ്രതീക്ഷിക്കാമോ?

ഞാന്‍ വളര്‍ന്ന ചുറ്റുപാടില്‍ നിന്നുള്ള സ്ത്രീകള്‍ തൊഴിലാളിവര്‍ഗത്തില്‍ നിന്നായിരുന്നു. എന്നാല്‍ ഞാന്‍ കണ്ട സിനിമയില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരുടെ മുന്നില്‍ വിനീതവിധേയരായി നില്‍ക്കുന്നതായിരുന്നു. ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത കാഴ്ച. ഞാന്‍ എന്റെ രക്ഷിതാക്കളെയും ചുറ്റുമുള്ളവരേയും നിരീക്ഷിക്കാറുണ്ട്. എന്നാല്‍ അത്തരം കഥാപാത്രങ്ങളൊന്നും തമിഴ് സിനിമയില്‍ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് സ്ത്രീകള്‍ക്കായി ഞാന്‍ കരുത്തുറ്റ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്.

സ്ത്രീകള്‍ ശക്തിപ്പെടേണ്ടത് സമൂഹത്തെ നവീകരിക്കാന്‍ അത്യാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. കാരണം ആരോട് എങ്ങനെ പെരുമാറണമെന്നും എന്ത് പറയണമെന്നും കുട്ടികളെ പഠിപ്പിക്കുന്നത് അവരാണ്. സ്ത്രീകേന്ദ്രീകൃതമായ ഒന്ന് രണ്ട് ആശയങ്ങള്‍ മനസിലുണ്ട്. സ്ത്രീകളുടെ കാഴ്ചപ്പാടില്‍ നിന്ന് പറയുന്ന ഒരു ലൗ സ്‌റ്റോറി മനസിലുണ്ട്. വണ്ടര്‍ വുമണ്‍ എന്ന ആശയത്തില്‍ ഒരു സൂപ്പര്‍ഹീറോ കഥ മനസിലുണ്ട്.

കാലായുടെ ക്ലൈമാക്‌സ് നിറത്തിന്റെ സബ്‌ടെക്‌സ്റ്റിലാണ് പറഞ്ഞുപോകുന്നത്. നിങ്ങളുടെ ഒരു നാടകത്തിന്റെ പേര് മഞ്ഞള്‍ എന്നാണ്. ആശയങ്ങളെ നിറങ്ങളിലൂടെ പറയാന്‍  ശ്രമിക്കുന്നു. അത് വിജയകരമാണോ ?

ഞാന്‍ വിജയിക്കുന്നുവെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇന്ത്യന്‍ സാഹചര്യത്തില്‍ നിറത്തിന് വലിയ പങ്കുണ്ട്. ദേശീയ പതാകയെടുക്കാം. ചിലര്‍ കരുതുന്നത് കാവിയും പച്ചയും വെള്ളയും പ്രതിനിധാനം ചെയ്യുന്നത് ഹിന്ദുവിനേയും മുസ്ലീമിനേയും ക്രിസ്ത്യാനിയേയുമാണെന്നാണ്. നീലനിറം എന്നത് തുല്യതയുടെ നിറമാണെന്നാണ് അംബേദ്കര്‍ പറയുന്നത്. ഇതെല്ലാം എനിക്ക് കാലായുടെ ക്ലൈമാക്‌സില്‍ കൊണ്ടുവരണമായിരുന്നു.

അവിടെ ഒരു സംഘട്ടനരംഗം അത്യാവശ്യമായിരുന്നു. പക്ഷെ അത് ഫിലോസഫിക്കലി ഫലിപ്പിക്കണമെന്നും എനിക്കുണ്ടായിരുന്നു. ഈ മൂന്നുനിറങ്ങള്‍ക്കും കീഴില്‍ അവര്‍ ഒരുമിച്ച് വന്നാല്‍ അധികാരശ്രേണിയെ നേരിടാന്‍ കഴിയും. നീലച്ചക്രം ഐക്യത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നത്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.