ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം
Entertainment news
ചിയാന്‍ 61; പാ രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ നായകന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd December 2021, 8:32 pm

തെന്നിന്ത്യയുടെ പ്രിയ താരം ചിയാന്‍ വിക്രത്തിന്റെ അടുത്ത ചിത്രം പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍. ഇരുവരും ഒന്നിക്കാന്‍ പോകുന്നെന്ന തരത്തില്‍ തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ ചിത്രത്തിന്റെ കാര്യം ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്.

വിക്രത്തിന്റെ 61ാമത്തെ സിനിമയായിരിക്കും ഇത്. ചിത്രത്തിന് പേരിട്ടിട്ടില്ല.

ഡിസംബര്‍ അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കെ. ഇ. ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിക്കുന്നത്. ജ്ഞാനവേലിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന 23ാം സിനിമ കൂടിയായിരിക്കും വിക്രം-രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ.

ജ്ഞാനവേലിന്റെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീന്‍ ആണ് സിനിമയുടെ കാര്യം ട്വിറ്റര്‍ പേജ് വഴി പുറത്തുവിട്ടത്. മറ്റ് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരേയും സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.

സംവിധായകന്‍ പാ രഞ്ജിതും ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിക്രവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സംവിധായകന്റെ ട്വീറ്റ്. ”ഇത് ആരംഭിക്കാന്‍ സൂപ്പര്‍ എക്‌സൈറ്റഡ് ആണ്,” രഞ്ജിത് ട്വിറ്ററില്‍ കുറിച്ചു.

കബാലി, മദ്രാസ്, സാര്‍പട്ട പരമ്പരൈ- സിനിമകളുടെ സംവിധായകനായ പാ രഞ്ജിത്തും ചിയാന്‍ വിക്രമും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

നേരത്തെ രഞ്ജിത് കമല്‍ഹാസനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതോടെ വിക്രമുമൊത്തുള്ള സിനിമ ഉപേക്ഷിച്ചതായായിരുന്നു വാര്‍ത്ത പരന്നത്. എന്നാല്‍ വിക്രമുമൊത്തുള്ള സിനിമയ്ക്ക് ശേഷമായിരിക്കും കമല്‍ഹാസനുമൊരുമിച്ചുള്ള സിനിമ ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്ന സിനിമയിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ചിത്രം മഹാന്‍, മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിനൊരുങ്ങി നില്‍ക്കുന്ന മറ്റ് വിക്രം സിനിമകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pa Ranjith-Chiyan Vikram upcoming movie announced