നിങ്ങളെ കണ്ടു എന്ന് പറയുന്നവരുടെ പേരുകള്‍ പുറത്തു പറയണം; വോട്ട് മറിച്ചെന്ന ആരോപണത്തില്‍ പ്രകാശ് ബാബുവിനെ വെല്ലുവിളിച്ച് പി.എ മുഹമ്മദ് റിയാസ്
D' Election 2019
നിങ്ങളെ കണ്ടു എന്ന് പറയുന്നവരുടെ പേരുകള്‍ പുറത്തു പറയണം; വോട്ട് മറിച്ചെന്ന ആരോപണത്തില്‍ പ്രകാശ് ബാബുവിനെ വെല്ലുവിളിച്ച് പി.എ മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2019, 3:13 pm

കോഴിക്കോട് ബി.ജെ.പിയ്ക്ക് താന്‍ വോട്ട് മറിച്ചു കൊടുത്തുവെന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ ആരോപണത്തിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പി.എ മുഹമ്മദ് റിയാസ്

അല്‍പ്പമെങ്കിലും രാഷ്ട്രീയ മാന്യത ഉണ്ടെങ്കില്‍ വന്നു കണ്ടു എന്ന് പറയുന്നവരുടെ പേരുവിവരം പുറത്ത് വിടാന്‍ പ്രകാശ് ബാബുവിനെ വെല്ലുവിളിക്കുന്നുവെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തികച്ചും വില കുറഞ്ഞതും ദുരപതിഷ്ഠിതവുമായ ഒരു ആക്ഷേപത്തിന് മറുപടി കൊടുക്കേണ്ടതില്ലന്നും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നുമാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഈ നുണ യു.ഡി.എഫ് മാധ്യമങ്ങള്‍ കൂടി തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് നിയമ നടപടി സ്വീകരിക്കാനും അതിനെതിരായി പ്രതികരിക്കാനും തീരുമാനിച്ചതെന്നും റിയാസ് പറയുന്നു.

കോണ്‍ഗ്രസ്സ് ബി.ജെ.പി ഗൂഡാലോചനയുടെയും അവിഹിത -അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണ് ബി.ജെ.പി നേതാവിന്റെ ഈ പ്രസ്താവന. യു.ഡി.എഫ് -ബി.ജെ.പി ബന്ധം കയ്യോടെ വെളിവാക്കപ്പെട്ടതിന്റെ വിറളിയില്‍ നിന്ന് ഉണ്ടായതാണ് ‘ആടിനെ പട്ടിയാക്കുന്ന ‘ ഈ അപവാദ പ്രചാരണമെന്ന് കോഴിക്കോടുകാര്‍ക്ക് മനസിലാകുമെന്നും റിയാസ് പറയുന്നു.

എ. പ്രദീപ്കുമാറിനോടുള്ള വിരോധത്തില്‍ മുഹമ്മദ് റിയാസിന്റെ അനുയായികള്‍ തനിക്ക് വോട്ടു ചെയ്‌തെന്നാണ് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പ്രകാശ്ബാബു പറഞ്ഞിരുന്നത്.

2009-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റിയാസിനെ തോല്‍പിക്കാന്‍ പ്രദീപ്കുമാര്‍ ഉള്‍പ്പെട്ട വിഎസ് പക്ഷം ശ്രമിച്ചു. ഇതിനുള്ള പ്രതികാരമെന്നോണം റിയാസ് അനുകൂലികള്‍ വോട്ടു മറിച്ചെന്നാണ് പ്രകാശ്ബാബു ആരോപണം ഉന്നയിച്ചത്.

ചെലവൂര്‍, നെല്ലിക്കോട്, കരുവശേരി, കുന്നമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ സി.പി.ഐ.എം വോട്ടുകള്‍ ബി.ജെ.പിക്ക് കിട്ടെയെന്നാണ് പ്രകാശ് ബാബു പറഞ്ഞത്. ‘റിയാസുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ എന്നെ നേരിട്ട് വന്നു കണ്ട് സഹായം വാഗ്ദാനം ചെയ്തു. ഞാന്‍ പിന്നീട് അവരെ പോയി കണ്ടു. അവരുടെ വോട്ടുകള്‍ കൃത്യമായി ബിജെപി ചിഹ്നത്തില്‍ വീണിട്ടുണ്ട്’ പ്രകാശ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

 

റിയാസിന്റെ പ്രതികരണം

ബിജെപി യുടെയും വലതുപക്ഷ മാധ്യമ കൂട്ട് കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടും
-പി എ മുഹമ്മദ് റിയാസ്-

ഇന്നലെയും ഇന്നുമായി ചില യു ഡി എഫ് കക്ഷികളുടെ പാര്‍ട്ടി മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ പത്രങ്ങളും ‘എന്റെ അണികള്‍ ബിജെപി ക്ക് വോട്ട് മറിച്ചുവെന്ന ‘
കല്ലു വെച്ച നുണ എന്ന് ഏതൊരാള്‍ക്കും പ്രാഥമികമായി തന്നെ മനസ്സിലാക്കാനാവുന്ന
തരത്തിലുള്ള ബിജെപി നേതാവിന്റെ അഭിമുഖവും അവകാശവാദവും പ്രസദ്ധീകരിച്ചിട്ടുണ്ട് .

തികച്ചും വില കുറഞ്ഞതും ദുരപതിഷ്ഠിതവുമായ ഒരു ആക്ഷേപത്തിന് മറുപടി കൊടുക്കേണ്ടതില്ലന്നും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണ് ഉചിതം എന്നുമാണ് ആദ്യം കരുതിയത് .

എന്നാല്‍ ആര്‍ക്കും മനസ്സിലാക്കാനാവുന്ന ഈ നുണ,യു ഡി എഫ് മാധ്യമങ്ങള്‍ കൂടി ഇന്ന് തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് നിയമ നടപടി സ്വീകരിക്കാനും അതിനെതിരായി പ്രതികരിക്കാനും തീരുമാനിച്ചത്.

1 ) ‘റിയാസിന്റെ അനുയായികള്‍ ‘എന്ന പരാമര്‍ശം കണ്ടു .ഇടതുപക്ഷ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് ആര്‍ക്കും അനുയായികളില്ല,ഞാനടക്കമുള്ള എല്ലാവരും പ്രസ്ഥാനത്തിന്റെ അനുയായികളും പ്രവര്‍ത്തകരുമാണ്

2 ) കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ പലയിടങ്ങളിലും ബി ജെ പിയുടെ വോട്ട്
യു ഡി എഫ് സ്ഥാനാര്‍ത്ഥി വിലയ്ക്ക് വാങ്ങിയെന്ന യാഥാര്‍ത്ഥ്യം സി പി ഐ (എം) കോഴിക്കോട് ജില്ലാ സിക്രട്ടറി പുറത്ത് പറഞ്ഞപ്പോള്‍ നിങ്ങളിലുണ്ടായ മാനസിക സംഘര്‍ഷം ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

3 )കോണ്‍ഗ്രസ്സ് -ബിജെപി ഗൂഡാലോചനയുടെയും അവിഹിത -അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കി പത്രമാണ് ബിജെപി നേതാവിന്റെ ഈ പ്രസ്താവനയും .യു ഡി എഫ് -ബിജെപി ബന്ധം കയ്യോടെ വെളിവാക്കപ്പെട്ടതിന്റെ വിറളിയില്‍ നിന്ന് ഉണ്ടായതാണ് ‘ആടിനെ പട്ടിയാക്കുന്ന ‘
ഈ അപവാദ പ്രചാരണവും എന്ന്
കോഴിക്കോടുകാര്‍ മനസ്സിലാക്കും

4) അല്‍പ്പമെങ്കിലും രാഷ്ട്രീയ മാന്യത നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളെ വന്നു കണ്ടു എന്ന് പറയുന്നവരുടെ പേരുവിവരം പുറത്ത് വിടാന്‍ നിങ്ങളെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു.
രാഷ്ട്രീയ സത്യസന്ധതയും മാന്യതയും നിങ്ങളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നില്ല .
ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ഏറ്റവും ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന ഒരാള്‍ തന്നെ കഴിഞ്ഞ ദിവസം കേരളത്തെ പറ്റി പറഞ്ഞ നുണ പ്രാചാരണം ഞങ്ങള്‍ കണ്ടതാണ്

നിങ്ങള്‍ എങ്ങിനെയൊക്കെ യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഞങ്ങള്‍ വിജയിക്കുകത്തന്നെ ചെയ്യും എന്ന് ഓര്‍മിപ്പിക്കുന്നു.