ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
തന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ; വിശ്വാസിയായ പൊലീസുകാരും ഉണരണം: അക്രമത്തിന് ആഹ്വാനവുമായി ശ്രീധരന്‍ പിള്ള
ന്യൂസ് ഡെസ്‌ക്
Friday 19th October 2018 1:42pm

 

തിരുവനന്തപുരം: തന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരു നിമിഷം കൊണ്ട് തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ഓരോ വിശ്വാസിയായ പൊലീസുകാരന്റെയും മനസ് ഉണരേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഡി.പി.ഐക്കാരായ ആളുകളെ കൂട്ടിക്കൊണ്ട് അനുഭാവിയായ പൊലീസിനെ തെരഞ്ഞുപിടിച്ചാണ് ശബരിമലയിലേക്ക് യുവതികളെ എത്തിച്ചത്. പൊലീസുകാരുടെ യൂണിഫോം യുവതികള്‍ക്ക് ധരിക്കാന്‍ നല്‍കി. എങ്ങനെയാണ് ഇത് കഴിയുക.

നിയമലംഘനത്തിന്റെ ഘോഷയാത്രയാണ് നടക്കുന്നത്. ആള്‍മാറാട്ടമാണ് നടത്തിയിട്ടുള്ളത്. ആള്‍മാറാട്ടക്കുറ്റത്തിന് ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Also Read:രഹന ഫാത്തിമ പതിമൂന്ന് വര്‍ഷമായി വേദപഠനം നടത്തിവരികയാണ്: ഭര്‍ത്താവ് മനോജ്

പിണറായിയുടെ മറവപ്പട ശബരിമലയെ യുദ്ധക്കളമാക്കുകയാണ്. യുവതിയെ പൊലീസ് വേഷം ധരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. യുവതികളെ ബലം പ്രയോഗിച്ച് കയറ്റണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. സര്‍ക്കാറിന്റെ ഗൂഢ അജണ്ട ഭക്തര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇന്നു രാവിലെ രണ്ടുയുവതികളെ പൊലീസ് സുരക്ഷയില്‍ സന്നിധാനത്തിനു സമീപമുള്ള നടപ്പന്തല്‍ വരെ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് തന്ത്രിയടക്കമുള്ളവര്‍ പ്രതിഷേധവും ഭീഷണിയുമായി രംഗത്തുവന്നതോടെ പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു. സ്ത്രീകള്‍ കയറിയാല്‍ ശ്രീകോവില്‍ അടച്ചിടുമെന്നായിരുന്നു തന്ത്രിയുടെ ഭീഷണി.

Advertisement