എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് വിവാദം: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടെന്ന് പി.പി തങ്കച്ചന്‍
എഡിറ്റര്‍
Thursday 7th March 2013 1:08pm

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

Ads By Google

എത്രയും വേഗം തീരുമാനമെടുക്കാനാണ് യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയകാര്യമല്ലെന്നും വ്യക്തിപരമാണെന്നുമാണ് യോഗത്തിന്റെ പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. ഗണേഷ് കുമാറിന്റെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടു എന്നത് സത്യമാണെന്നും എന്നാല്‍ രേഖാമൂലം പരാതി നല്‍കിയതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

മംഗളം പത്രത്തില്‍ വന്ന വാര്‍ത്തയും അതേത്തുടര്‍ന്നുണ്ടായ പി.സി ജോര്‍ജിന്റെ പ്രതികരണത്തെക്കുറിച്ചും ഘടകക്ഷികളും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിച്ചെന്നും എന്നാല്‍ യോഗത്തില്‍ വിഷയം കാര്യമായി ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബാലകൃഷ്ണപ്പിള്ളയുടെ കത്ത് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കും.

മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും പിള്ളയുമായി സംസാരിക്കും. അതിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

അടുത്ത യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയനായ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രാജിവെയ്‌ക്കേണ്ടതില്ലെന്നായിരുന്നു യു.ഡി.എഫ് യോഗത്തിലുണ്ടായ തീരുമാനം. രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യാഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.

ഗണേഷിനെതിരെ ആരോപണമുന്നയിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നെങ്കിലും തല്‍ക്കാലം പ്രശ്‌നപരിഹരത്തിനെന്നോണം ജോര്‍ജ്ജിനെ അനുനയിപ്പിക്കാനായിരുന്നു യോഗത്തിലെ തീരുമാനം.

Advertisement