വനിതാ അവകാശ സംരക്ഷണ സംഗമത്തിലെ തന്റെ പ്രസംഗം ആര്‍.എസ്.എസ് വളച്ചൊടിച്ചു- വിശദീകരണവുമായി പി.കെ ശ്രീമതി
kERALA NEWS
വനിതാ അവകാശ സംരക്ഷണ സംഗമത്തിലെ തന്റെ പ്രസംഗം ആര്‍.എസ്.എസ് വളച്ചൊടിച്ചു- വിശദീകരണവുമായി പി.കെ ശ്രീമതി
ന്യൂസ് ഡെസ്‌ക്
Wednesday, 10th October 2018, 11:05 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ വനിതാ അവകാശ സംരക്ഷണ സംഗമത്തില്‍ താന്‍ നടത്തിയ പ്രസംഗം ആര്‍.എസ്.എസുകാര്‍ വളച്ചൊടിച്ചുവെന്ന് പി കെ ശ്രീമതി. ഫേസ്ബുക്ക് വീഡിയോയിലൂടെ ഇതിന് വിശദീകരണം നല്‍കി സംസാരിക്കുകയായിരുന്നു അവര്‍.

1987 ല്‍ചിതയില്‍ ചാടി മരിക്കാന്‍ തയ്യാറായ രൂപ് കന്‍വാറിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അന്ന് സതി തുടരാന്‍ ആവശ്യപ്പെട്ട് ഇന്ത്യയില്‍ നടന്ന പ്രക്ഷോഭത്തെ കുറിച്ച് പ്രതിപാദിച്ചതെന്നും ഇതിനെയും പലരും തെറ്റായി വ്യാഖ്യാനിച്ചുവെന്നും പി .കെ ശ്രീമതി വീഡിയോയില്‍ പറഞ്ഞു.

ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള ആചാരങ്ങളെ കുറിച്ചായിരുന്നു താന്‍  പിന്നീട്‌ പറഞ്ഞത്.പണ്ട് കാലത്ത് സ്ത്രീകള്‍ അമ്പലത്തില്‍ പോയി മൂന്ന് തവണ കുളിച്ചു നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെ തൊഴണം എന്നത് നിര്‍ബന്ധമായിരുന്നു. ഇത് സ്ത്രീകള്‍ക്കുണ്ടാക്കിയ പ്രയാസത്തെ കുറിച്ചാണ് താന്‍ സംസാരിച്ചത്. എന്നാല്‍ ചിലര്‍, പ്രത്യേകിച്ചും ആര്‍.എസ്.എസുകാര്‍ ഇത് വികൃതമാക്കി പ്രചരിപ്പിക്കുന്നു എന്ന് പി.കെ ശ്രീമതി  പറയുന്നു.

Also Read:  “ഈഴവ മുഖ്യനെ സവര്‍ണര്‍ക്ക് സഹിക്കുന്നില്ല”; മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

സ്ത്രീകള്‍ അമ്പലത്തില്‍ പോയി കുളിച്ചു തൊഴുന്നത് നനഞ്ഞൊട്ടിയ വസ്ത്രങ്ങളിലൂടെ ശരീരവടിവുകള്‍ കാണിക്കാനായിരുന്നെന്ന് പി കെ ശ്രീമതി പറഞ്ഞെന്നും ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി എന്നും സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

മാറു മറക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് സ്ത്രീകള്‍ അനുഭവിച്ച നിസ്സാഹായതയെ കുറിച്ചും താന്‍ സംസാരിച്ചിരുന്നു. അത്തരം അനാചരങ്ങള്‍ അവസാനിപ്പിക്കണം എന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പി കെ ശ്രീമതി വീഡിയോയില്‍ പറയുന്നു.