ബ്രാഹ്മണ്യാധികാരത്തെ ഒളിച്ചുകടത്തുന്നതാണ് യു.ഡി.എഫിന്റെ ശബരിമല കരട് നിയമം - പി.കെ. സജീവ്
DISCOURSE
ബ്രാഹ്മണ്യാധികാരത്തെ ഒളിച്ചുകടത്തുന്നതാണ് യു.ഡി.എഫിന്റെ ശബരിമല കരട് നിയമം - പി.കെ. സജീവ്
പി.കെ. സജീവ്
Sunday, 7th February 2021, 6:17 pm

അധികാരത്തില്‍ എത്തിയാല്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ നിയമ നിര്‍മാണം നടത്തുമെന്ന് യു.ഡി.എഫ് നേരത്തേ അവകാശപ്പെട്ടിരുന്നു. നിയമത്തിന്റെ കരട് രൂപം യു.ഡി.എഫ് കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയും ചെയ്തു. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നതും അടക്കമുള്ള കരട് നിയമത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

യു.ഡി.എഫിന്റെ കരട് നിയമത്തെക്കുറിച്ച്  ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് ഐക്യ മല അരയ ജനറല്‍ സെക്രട്ടറി പി.കെ സജീവ്. 

യു.ഡി.എഫിന്റെ കരട് നിയമം നടപ്പിലാക്കിക്കഴിഞ്ഞാല്‍ മല അരയ വിഭാഗത്തെ അത് വലിയ രീതിയില്‍ ബാധിക്കും. ആചാരപരമായ കാര്യങ്ങളെല്ലാം തന്ത്രി തീരുമാനിക്കുമെന്നാണ് കരടില്‍ പറയുന്നത്. നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ ഇരിക്കുന്ന സംവിധാനങ്ങളെയാണ് യു.ഡി.എഫ് തിരുത്താനൊരുങ്ങുന്നത്. ആചാരലംഘനങ്ങളുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് പകരം തന്ത്രിയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നതെങ്ങനെയാണ്. ജനാധിപത്യ സമൂഹത്തിലെ വിശ്വാസികളെ വഞ്ചിക്കലാണത്.

പ്രാചീന ചരിത്രം പറയുന്നത് പ്രകാരം മല അരയര്‍ ആണ് ശബരിമലയുടെ യഥാര്‍ത്ഥ അവകാശികള്‍. മല അരയരായ പൂജാരിമാരാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ആ ഉടമസ്ഥാവകാശത്തില്‍ നിന്ന് മല അരയരെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടാണല്ലോ നിലവിലെ സംവിധാനങ്ങള്‍ പോലും പ്രവര്‍ത്തിക്കുന്നത്. ആന്ധ്രയില്‍ നിന്നുള്‍പ്പെടെയുള്ള പരദേശി തന്ത്രിമാരാണ് ശബരിമലയില്‍ ആചാരനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്.

കരട് നിയമത്തില്‍ ശബരിമലയുടെ യഥാര്‍ത്ഥ അവകാശികളായ മല അരയരെകുറിച്ച് പരാമര്‍ശിക്കുന്നു പോലുമില്ല. ചരിത്രത്തെയും ഉടമസ്ഥാവകാശത്തെയും യു.ഡി.എഫ് അംഗീകരിക്കുന്നില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. മല അരയരെ സംബന്ധിച്ച് മാത്രമല്ല ഈഴവസമുദായത്തില്‍പ്പെട്ട ചീരപ്പന്‍ ചിറ വിഭാഗത്തില്‍ പെട്ടവര്‍ക്കും ശബരിമലയില്‍ ഉടമസ്ഥാവകാശങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള വിഭാഗങ്ങളെയെല്ലാം പാടെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് യു.ഡി.എഫ് കരട് നിയമം അവതരിപ്പിച്ചിരിക്കുന്നത്.

ആചാരം ലംഘിച്ചുവെന്നാരോപിച്ച് തന്ത്രി ചൂണ്ടിക്കാട്ടുന്ന വ്യക്തിക്ക് രണ്ടു വര്‍ഷം തടവു വിധിക്കുക എന്ന പ്രക്രിയ ജനാധിപത്യസമൂഹത്തിന് ചേര്‍ന്നതല്ല. അമ്പലങ്ങളില്‍ പട്ടികജാതി വിഭാഗക്കാരായ പൂജാരിമാരെ നിയമിച്ചു തുടങ്ങിയതു തന്നെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ പട്ടികജാതിക്കാരായ പൂജാരിമാരില്‍ നിന്ന് പുണ്യാഹം പോലും സ്വീകരിക്കാത്ത ചില സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിലാണ് തന്ത്രിക്ക് അധികാരം കൊടുക്കുന്ന ഒരു നിയമമുണ്ടാവുന്നത്. തന്ത്രിയുടെ ആചാരങ്ങള്‍ അല്ല മല അരയരുടെ ആചാരങ്ങള്‍. തികച്ചും വ്യത്യസ്തമായ രീതിയിലാണ് മല അരയരുടെ ആചാര അനുഷ്ഠാനങ്ങള്‍ ഉള്ളത്. അങ്ങനെ വരുമ്പോള്‍ തന്ത്രിയുടെ രീതികളെ പിന്തുടരാത്ത പക്ഷം മല അരയര്‍ ശിക്ഷ അനുഭവിക്കേണ്ടവരായി മാറുമല്ലോ.

ദ്രാവിഡ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണാചാരാനുഷ്ഠാനങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്ന നിയമമാണിത്. മല അരയരുടെ പ്രത്യേക തരം പൂജകളും ആചാരങ്ങളുമെല്ലാം തന്ത്രിയുടെ അധികാരങ്ങളില്‍ ഇല്ലാതാവും.

ജനാധിപത്യ രാജ്യത്ത് ക്ഷേത്രങ്ങളെല്ലാം ജനാധിപത്യ പ്രക്രിയക്ക് വിധേയമാകേണ്ട സാഹചര്യത്തില്‍ ഇത്തരം കരടു നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് പ്രതികൂലമായിത്തന്നെ ബാധിക്കും. തന്ത്രിക്ക് കോടതിയുടെ അധികാരമാണ് നിയമം വഴി ലഭിക്കാന്‍ പോവുന്നത്. നിലനില്‍ക്കുന്ന ജുഡീഷ്യറിയ്ക്ക് തന്നെ അപമാനകരമായ രീതിയിലാണ് കരട് നിയമം പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിലെ വിശ്വാസികളെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെയും പിന്നോട്ടടുപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫിന്റേതെന്ന് ഊന്നി പറയാന്‍ കഴിയും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P K Sajeev says about UDF Sabarimala law draft

 

 

പി.കെ. സജീവ്
ഐക്യമല അരയ മഹാസഭ ജനറല്‍ സെക്രട്ടറി