എഡിറ്റര്‍
എഡിറ്റര്‍
എല്ലാവര്‍ക്കും ജീവിക്കാനാണെങ്കില്‍ ബി.ജെ.പി ആദ്യം ജാഥ നടത്തേണ്ടത് യു.പിയിലും ഹരിയാനയിലും: പി.ജയരാജന്‍
എഡിറ്റര്‍
Tuesday 29th August 2017 3:22pm


കണ്ണൂര്‍: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ‘ജനരക്ഷ’യാത്രയുടെ പേരില്‍ കേരളത്തിലേക്ക് വരുന്നത് നാടിന്റെ യശസ്സ് തകര്‍ക്കാനാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മതേതരത്വത്തിനും ജനാധിപത്യത്തിനും പേരുകേട്ട കേരളത്തിന്റെ യശസ്സ് തകര്‍ക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ വരുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘കണ്ണൂരില്‍ ഗണേശ ഘോഷയാത്രയുമായി ബന്ധപ്പെട്ടു സംഘര്‍ഷം തുടങ്ങിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പ്പോലും ബി.ജെ.പിക്കാര്‍ക്കു രക്ഷയില്ലെന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമം’ ജയരാജന്‍ പറഞ്ഞു.


Also Read: പിണറായിയും കനയ്യകുമാറും ഒരേ വേദിയിലെത്തുന്നു; പരിപാടി കാഞ്ഞങ്ങാട്


കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അമിത് ഷായുടെ പര്യടനമെന്നു പറഞ്ഞ ജയരാജന്‍ എല്ലാവര്‍ക്കും ജീവിക്കാനാണ് ജാഥ നടത്തുന്നതെങ്കില്‍ യോഗിയുടെ യു.പിയിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണ് ജാഥ നടത്തേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

‘കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അമിത് ഷാ പര്യടനം നടത്തുന്നത്. ‘എല്ലാവര്‍ക്കും ജീവിക്കണം’ എന്നാണ് അവരുടെ ജാഥയുടെ മുദ്രാവാക്യം. എങ്കില്‍ ബി.ജെ.പി ആദ്യം ജാഥ നടത്തേണ്ടത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രാണവായു ലഭിക്കാതെ എഴുപതിലധികം കുഞ്ഞുങ്ങള്‍ പിടഞ്ഞുവീണു മരിച്ചത് ഉത്തര്‍പ്രദേശിലാണ്. കര്‍ഷകരുടെ ആത്മഹത്യ തുടര്‍ക്കഥയായതും സമരം ചെയ്തവരെ വെടിവച്ചു കൊല്ലുന്നതുമായ സംസ്ഥാനമാണ് ശിവരാജ് സിങ് ചൗഹാന്റെ മധ്യപ്രദേശ്.’ അദ്ദേഹം പറഞ്ഞു.


Dont Miss: മുന്‍ മുഖ്യശിക്ഷകിന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ബോംബേറും വെടിവെപ്പും; സംഭവം പൊയിലൂരില്‍


‘മാനഭംഗക്കേസില്‍ സംഘപരിവാറിന്റെ സന്തതസഹചാരിയായ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിനെ കോടതി ശിക്ഷിച്ചപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 38 പേരാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്‌നങ്ങളും ഉള്ളത്.’

‘പിണറായി വിജയന്‍ നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണു സംഘപരിവാര്‍ കാണിക്കുന്നത്. കേരളത്തില്‍ ആര്‍.എസ്.എസുകാരുടെ മനസ്സില്‍ മാത്രമാണു സംഘര്‍ഷ’മെന്നും ജയരാജന്‍ പറഞ്ഞു.

Advertisement