ചുരമിറങ്ങിയ തീവ്രവാദികളും മുസ്‌ലിം ലീഗിനകത്തുണ്ട് എന്നതിന് തെളിവാണ് ഈ വിധി: കെ.എം ഷാജിയെ അയോഗ്യനാക്കിയ വിഷയത്തില്‍ പി. ജയരാജന്‍
kERALA NEWS
ചുരമിറങ്ങിയ തീവ്രവാദികളും മുസ്‌ലിം ലീഗിനകത്തുണ്ട് എന്നതിന് തെളിവാണ് ഈ വിധി: കെ.എം ഷാജിയെ അയോഗ്യനാക്കിയ വിഷയത്തില്‍ പി. ജയരാജന്‍
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 11:38 am

 

കണ്ണൂര്‍: ചുരമിറങ്ങിയ തീവ്രവാദികളും മുസ്‌ലിം ലീഗിനകത്തുണ്ട് എന്നതിന് തെളിവാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.എസ്.എസ് നേതാവ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്താണ് വികസന മാതൃകയെന്നു പറഞ്ഞ നേതാവാണ് കെ.എം ഷാജി. അദ്ദേഹം ഒരു ഭാഗത്ത് ആര്‍.എസ്.എസിനെ പ്രോത്സാഹിപ്പിക്കുകയാണ്. മറുഭാഗത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നയാളെന്ന് അവകാശപ്പെടുകയും ചെയ്യുകയാണെന്നും ജയരാജന്‍ പറഞ്ഞു.

Also Read:ശബരിമലയില്‍ അക്രമം നടത്തിയ 150 പേരുടെ പുതിയ ആല്‍ബം പുറത്ത് വിട്ടു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

ലീഗ് പ്രവര്‍ത്തകരെല്ലാം വര്‍ഗീയ നിലപാടുള്ളവരല്ല. എന്നാല്‍ മുസ്‌ലിം ലീഗിനുള്ളില്‍ വര്‍ഗീയ നിലപാടുകള്‍ സൂക്ഷിക്കുന്ന ഇത്തരം ഒറ്റപ്പെട്ട തീവ്രവാദികളുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സി.പി.ഐ.എം ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ അതിനാണ് ശ്രമിക്കുന്നത്. എന്നാല്‍ വര്‍ഗീയ നിലപാടില്‍ നിന്നുകൊണ്ട് ഷാജിയെ പോലുള്ളവര്‍ അതിനെ എതിര്‍ക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

Also Read:വോട്ടിനായി വര്‍ഗീയ പ്രചരണം: കെ.എം ഷാജി എം.എല്‍.എ ഹൈക്കോടതി അയോഗ്യനാക്കി

ഇന്നാണ് കെ.എം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. അഴീക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ആറുവര്‍ഷത്തേക്കാണ് അയോഗ്യത.

തെരഞ്ഞെടുപ്പില്‍ വോട്ടുലഭിക്കാനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന നികേഷ് കുമാറിന്റെ ആരോപണം ശരിവെച്ചു കൊണ്ടാണ് കോടതി തീരുമാനം.