എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍; ജാഥയ്ക്ക് ജനങ്ങളില്‍ സ്വാധീനം ചെലുത്താനായില്ലെന്നും പി. ജയരാജന്‍
എഡിറ്റര്‍
Friday 6th October 2017 9:19pm


കണ്ണൂര്‍: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അമിത് ഷാ പിന്‍വാങ്ങിയതോടെ ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായെന്ന് ജയരാജന്‍ പറഞ്ഞു. ജാഥ കണ്ണൂരില്‍ പര്യടനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം.


Also Read: യോഗിയെ ട്രോളി പിണറായിയുടെ ട്വീറ്റുകള്‍; ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍


ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജയരാജന്‍ ബി.ജെ.പി ജാഥക്കെതിരെ രംഗത്ത് വന്നത്. ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ച് പോയതെന്നു പറഞ്ഞ ജയരാജന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് ജാഥ കൊഴുപ്പിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാഥയുടെ മറവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടന്നതായും മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളെ ചാക്കിലാക്കാന്‍ ശ്രമിച്ചിരുന്നതായും ജയരാജന്‍ പറയുന്നു. ‘സംഘര്‍ഷമുണ്ടാക്കാന്‍ മംഗലാപുരത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നും ക്രിമിനലുകളെ ഇറക്കുമതി ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിലാക്കാന്‍ കഴിയുമോ എന്ന ശ്രമവും നടത്തിയിരുന്നു. സി.പി.ഐ.എം ശക്തി കേന്ദ്രങ്ങളില്‍ വമ്പിച്ച ചലനമുണ്ടാക്കുമെന്ന പ്രചരണം പൊളിഞ്ഞു.’ അദ്ദേഹം പറയുന്നു.

സംഘപരിവാറിന്റെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് ജാഥ ബഹിഷ്‌കരിച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായി പറഞ്ഞ ജയരാജന്‍ അമിത് ഷായോടൊപ്പം വന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെട്ടെന്നും അക്രമങ്ങള്‍ തുടങ്ങിവെക്കുന്നത് ആര്‍.എസ്.എസ് ആണെന്നും ജനങ്ങള്‍ അതിനെ പ്രതിരോധിക്കുകയാണെന്നുമാണ് അവര്‍ക്കും ബോധ്യമായാതെന്നും കൂട്ടിച്ചേര്‍ത്തു.


Dont Miss: കാസര്‍കോട് തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് സദാചാര കൊലപാതകമെന്ന് പൊലീസ്


‘കേരളത്തിലെ ജാഥ തുടക്കത്തില്‍ തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍ സി.പി.ഐ.എമ്മിനെതിരെ അഖിലേന്ത്യ അടിസ്ഥാനത്തില്‍ പ്രചരണവും അക്രമണവും നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.എസുകാര്‍ പിന്‍വാങ്ങണം.’ എന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘അമിത് ഷാ പിന്‍വാങ്ങിയതോടെ ബി.ജെ.പി ജാഥ കാറ്റുപോയ ബലൂണ്‍ പോലെയായി. ജനങ്ങളില്‍ യാതൊരു പ്രതികരണങ്ങളും സൃഷ്ടിച്ചില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് അമിത് ഷാ തിരിച്ച് പോയതെന്ന് വ്യക്തമാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് ജാഥ കൊഴുപ്പിക്കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങാണ് നടന്നത്. ഇങ്ങനെ ആഴ്ചകള്‍ നീണ്ട പ്രവര്‍ത്തനങ്ങളാണ് നടന്നതെങ്കിലും ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്താനായില്ല.

സംഘര്‍ഷമുണ്ടാക്കാന്‍ മംഗലാപുരത്ത് നിന്നും മറ്റു ജില്ലകളില്‍ നിന്നും ക്രിമിനലുകളെ ഇറക്കുമതി ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിച്ചത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളുകളെ ചാക്കിലാക്കാന്‍ കഴിയുമോ എന്ന ശ്രമവും നടത്തിയിരുന്നു. സി.പി.ഐ.എം ശക്തി കേന്ദ്രങ്ങളില്‍ വമ്പിച്ച ചലനമുണ്ടാക്കുമെന്ന പ്രചരണം പൊളിഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിലാണ് ജാഥ മതിയാക്കി അമിത് ഷാ തിരിച്ച് പോയത്. ഇങ്ങനെ സംഘപരിവാറിന്റെ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് ജാഥ ബഹിഷ്‌കരിച്ച ജനങ്ങളെ ഹാര്‍ദമായി അഭിവാദ്യം ചെയ്യുന്നു. അമിത് ഷായോടൊപ്പം കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥ വസ്തുതകള്‍ ബോധ്യപ്പെട്ടു. അക്രമങ്ങള്‍ തുടങ്ങിവെക്കുന്നത് ആര്‍.എസ്.എസ് ആണെന്നും ജനങ്ങള്‍ അതിനെ പ്രതിരോധിക്കുകയാണെന്നുമാണ് അവര്‍ക്കും ബോധ്യമായാത്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് നേരിട്ട് മനസ്സിലായി.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനാരോഗ്യ സ്ഥാപനങ്ങളും മാത്രമല്ല സി.പി.ഐ.എം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന സഹകരണ ആശുപത്രികളും അവരില്‍ അത്ഭുതമാണുണ്ടാക്കിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബി.ജെ.പി നേതാക്കന്‍മാരും ഇതാണ് പഠിക്കേണ്ടത്.

സി.പി.ഐ.എമ്മിനോടൊപ്പം എന്തുകൊണ്ട് ജനങ്ങള്‍ അണിനിരക്കുന്നുവെന്നും കായിക അക്രമങ്ങള്‍ സംഘടിപ്പിച്ചും, കോടിക്കണക്കിന് രൂപ അഖിലേന്ത്യ നേതൃത്വം നല്‍കിയിട്ടും സംഘപരിവാറിനൊപ്പം എന്തുകൊണ്ട് ജനങ്ങള്‍ അണിനിരക്കുന്നില്ല എന്നും അവര്‍ മനസ്സിലാക്കണം.

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം ശ്രദ്ധേയമാണ്. ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി സ്വാധീനമുണ്ടാക്കാനുള്ള ആര്‍.എസ്.എസ് പദ്ധതിക്ക് തടസ്സം കോണ്‍ഗ്രസ്സല്ല സി.പി.ഐ.എം ആണെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു.

അതുകൊണ്ടാണ് ഡല്‍ഹി ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം സി.പി.ഐ.എം വിരുദ്ധ പ്രചരണത്തിന് ബി.ജെ.പി രംഗത്തിറങ്ങിയത്. ആര്‍.എസ്.എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിനെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിന് യാതൊരു പങ്കുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കേരളത്തിലെ ജാഥ തുടക്കത്തില്‍ തന്നെ പരാജയപ്പെട്ട സാഹചര്യത്തില്‍ സി.പി.ഐ.എമ്മിനെതിരെ അഖിലേന്ത്യ അടിസ്ഥാനത്തില്‍ പ്രചരണവും അക്രമണവും നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.എസുകാര്‍ പിന്‍വാങ്ങണം.’

Advertisement