ഐ.സി.യുവില്‍ കിടക്കുമ്പോഴും കാലുമാറാന്‍ ചാന്‍സുണ്ടോയെന്നാണ് കോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നത്; സഖാക്കളേ നാമിപ്പോഴും ജയത്തിന്റെ പാതയിലാണെന്ന് പി. ജയരാജന്‍
Kerala
ഐ.സി.യുവില്‍ കിടക്കുമ്പോഴും കാലുമാറാന്‍ ചാന്‍സുണ്ടോയെന്നാണ് കോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നത്; സഖാക്കളേ നാമിപ്പോഴും ജയത്തിന്റെ പാതയിലാണെന്ന് പി. ജയരാജന്‍
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 3:49 pm

 

കണ്ണൂര്‍: കര്‍ണാടകയിലേയും ഗോവയിലേയും തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഐ.സി.യുവില്‍ കിടക്കുമ്പോഴും കാലുമാറാന്‍ ചാന്‍സുണ്ടോയെന്നാണ് കോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ ആര്‍.എസ്.എസ് കൊലപ്പെടുത്തിയ ധനരാജിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ജയരാജന്റെ വിമര്‍ശനം.

‘ഒരു കമ്മ്യുണിസ്റ്റുകാരന്‍ മരണം മുന്നില്‍ വരുന്ന സന്ദര്‍ഭത്തിലും ‘ആര്‍.എസ്.എസ് തുലയട്ടെ, വര്‍ഗ്ഗീയത തുലയട്ടെ’ എന്നായിരിക്കും ചിന്തിക്കുക. എന്നാല്‍ ഒരു കോണ്‍ഗ്രസുകാരന്‍ ഐ.സി.യുവില്‍ കിടക്കുന്ന സന്ദര്‍ഭത്തിലും ‘കാല് മാറാന്‍ ചാന്‍സുണ്ടോ, എത്ര കിട്ടും’ എന്നായിരിക്കും ചിന്തിക്കുക. അതാണ് ഗോവയിലേയും കര്‍ണാടകത്തിലെയും കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പിയിലേക്ക് കുതിക്കുന്ന ഏറ്റവും ഒടുവിലെ വാര്‍ത്ത നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.’ അദ്ദേഹം കുറിക്കുന്നു.

ഖദറിട്ട കാവിയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ പറയുന്നു. ‘ഖദറിട്ട കാവിയാണ് കോണ്‍ഗ്രസെന്ന് അവരുടെ ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും അറിയാം. മുസ്‌ലിം ന്യൂനപക്ഷങ്ങളെയും ദളിതുകളെയും കമ്മ്യുണിസ്റ്റുകാരെയും ആക്രമിച്ച ചരിത്രമാണ് അവരുടേത്. ഇന്ത്യ കണ്ട വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ്സ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ‘മോദിപ്പേടിയില്‍’ രാഹുലും കോണ്‍ഗ്രസ്സും നമ്മെ രക്ഷിക്കും എന്ന തെറ്റിദ്ധാരണയില്‍ വീണുപോയ കേരളത്തിലെ വോട്ടര്‍മാര്‍ പൂര്‍ണ്ണമായും നിരാശയിലാണ്.’ ജയരാജന്‍ കുറിക്കുന്നു.

ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആര്‍എസ്എസ് കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ച പയ്യന്നൂരിലെ ഉശിരനായ സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന സ:ധനരാജിന് അഭിവാദനങ്ങള്‍…

സി.പി.ഐ.എമ്മിനെ തകര്‍ക്കാനായുള്ള സംഘപരിവാര ശക്തികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകവും.
ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുമ്പോള്‍ ഫാസിസ്റ്റു സ്വഭാവമുള്ള ശക്തികളുടെ വെല്ലുവിളി കൂടുതല്‍ ആപല്‍ക്കരമായ തീര്‍ന്നിരിക്കുന്നു.

പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരക്കസേരയില്‍ എത്തിയവര്‍ ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കാനാണ് ശ്രമം നടത്തുന്നത്.

ഭരണകൂട സംവിധാനത്തിന്റെ നാനാ തലങ്ങളില്‍ അവര്‍ പിടിമുറുക്കിയിരിക്കുന്നു. ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ മറയ്ക്കുവാനായി സംഘടിതമായ പ്രചാരണ യുദ്ധമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹിറ്റ്‌ലറുടെ യുദ്ധപ്രചാരണ തന്ത്രവുമായി ഇതിന് സാമ്യമുണ്ട്. അതിനാല്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അവരെ കര്‍മ്മോല്‍സുകാരാക്കുക എന്ന ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത്. അതിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമം ആവശ്യമാണ്. ശത്രുവിനോടൊപ്പം എല്ലാ പ്രചാരണ സാമഗ്രികളുമുണ്ട്. അധ്വാനിക്കുന്ന വര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സംഘടിത ശക്തിയാണ് ഇതിനുള്ള മറുമരുന്ന്.

ഖദറിട്ട കാവിയാണ് കോണ്‍ഗ്രസെന്ന് അവരുടെ ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും അറിയാം. മുസ്‌ലിം ന്യൂനപക്ഷങ്ങളെയും ദളിതുകളെയും കമ്മ്യുണിസ്റ്റുകാരെയും ആക്രമിച്ച ചരിത്രമാണ് അവരുടേത്. ഇന്ത്യ കണ്ട വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ പോലും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോണ്‍ഗ്രസ്സ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ‘മോദിപ്പേടിയില്‍’ രാഹുലും കോണ്‍ഗ്രസ്സും നമ്മെ രക്ഷിക്കും എന്ന തെറ്റിദ്ധാരണയില്‍ വീണുപോയ കേരളത്തിലെ വോട്ടര്‍മാര്‍ പൂര്‍ണ്ണമായും നിരാശയിലാണ്.

ഇന്ത്യയില്‍, കേരളത്തില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തിപ്പെടണം എന്ന ചിന്ത ഒന്നുകൂടി ഉറപ്പിക്കാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തണം. ഒരു കമ്മ്യുണിസ്റ്റുകാരന്‍ മരണം മുന്നില്‍ വരുന്ന സന്ദര്‍ഭത്തിലും ‘ആര്‍.എസ്.എസ് തുലയട്ടെ, വര്‍ഗ്ഗീയത തുലയട്ടെ’ എന്നായിരിക്കും ചിന്തിക്കുക. എന്നാല്‍ ഒരു കോണ്‍ഗ്രസുകാരന്‍ ഐ.സി.യുവില്‍ കിടക്കുന്ന സന്ദര്‍ഭത്തിലും ‘കാല് മാറാന്‍ ചാന്‍സുണ്ടോ, എത്ര കിട്ടും’ എന്നായിരിക്കും ചിന്തിക്കുക. അതാണ് ഗോവയിലേയും കര്‍ണാടകത്തിലെയും കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പിയിലേക്ക് കുതിക്കുന്ന ഏറ്റവും ഒടുവിലെ വാര്‍ത്ത നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സാങ്കേതികമായി തോറ്റെങ്കിലും സഖാക്കളേ, നാം ഇപ്പോഴും ജയത്തിന്റെ പാതയിലാണ്.

ധനരാജിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍. സംഘപരിവാര ശക്തികള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.