എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല; തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ട്; കണ്ണൂരില്‍ പാര്‍ട്ടിക്ക് പ്രത്യേക നിലപാടില്ലെന്നും പി. ജയരാജന്‍
എഡിറ്റര്‍
Monday 13th November 2017 11:09am

കണ്ണൂര്‍: സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. എന്നാല്‍ സംസ്ഥാനസമിതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായെന്ന വാര്‍ത്ത അദ്ദേഹം ശരിവെച്ചു.

തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് തന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. അത് ഉള്‍ക്കൊണ്ടു തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പി. ജയരാജന്‍ പറയുന്നു.

കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏത് പാര്‍ട്ടി കമ്മിറ്റിയിലും വിമര്‍ശനം ഉണ്ടാകണം. ഏത് പാര്‍ട്ടിപ്രവര്‍ത്തകനും സ്വയം വിമര്‍ശനത്തിന് തയ്യാറാകണം. വിമര്‍ശനം ഇല്ലെങ്കില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ഇല്ല. വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവയാണെങ്കില്‍ ഉള്‍ക്കൊള്ളും.


Dont Miss മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല; അദ്ദേഹം അഭിനയിച്ചാല്‍ കേരളത്തില്‍ മൈലേജ് കിട്ടുമെന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ല; മോഹന്‍ലാലിന് മറുപടിയുമായി ഡോ. ബിജു


പാര്‍ട്ടിയ്ക്കകത്ത് എന്തെല്ലാമാണ് ചര്‍ച്ച ചെയ്തതെന്ന് മാധ്യമങ്ങളോട് പറയാനാവില്ല. പാര്‍ട്ടിയുടെ സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. തെറ്റായ വാര്‍ത്തകള്‍ നിഷേധിക്കുക തന്നെ വേണം. താനുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന ഗാനങ്ങളും ആല്‍ബങ്ങളുംം തന്നോട് ചോദിച്ചിട്ടല്ല ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ മാത്രമായി പാര്‍ട്ടിക്ക് പ്രത്യേക നിലപാടില്ല. പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂരില്‍ നടക്കുന്നത്. അല്ലാതെ കണ്ണൂരില്‍ മാത്രമായി പ്രത്യേകിച്ച് ഒന്നും നടക്കുന്നില്ല. വിഷയത്തിലുള്ള തന്റെ നിലപാട് ഫേസ്ബുക്കിലൂടെ പറഞ്ഞതാണ്. ഓരോ പ്രവര്‍ത്തകനെതിരെയും വിമര്‍ശനങ്ങള്‍ ഉയരും. അവയില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊള്ളുമെന്നും പി. ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി നടപടിക്കൊരുങ്ങുന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്തപുറത്തുവന്നത്. ജയരാജന്‍ സ്വയം മഹത്വവത്ക്കരിക്കുകയാണെന്നും ഇതിനായി സ്വന്തം ജീവിതം രേഖയും നൃത്തശില്‍പവും തയ്യാറാക്കിയെന്നും സംസ്ഥാന കമ്മിറ്റി വിലിയിരുത്തിയിരുന്നു.

പാര്‍ട്ടിക്ക് അതീതനാവാനുള്ള ജയരാജന്റെ നീക്കം അനുവദിക്കുകയില്ലെന്നും ഇക്കാര്യം കണ്ണൂരിലെ പാര്‍ട്ടിഘടകങ്ങളിലെല്ലാം റിപ്പോര്‍ട്ട് ചെയ്യണമെന്നും സംസ്ഥാന സമിതി വിലയിരുത്തി. ജയരാജനെ അനുകൂലിക്കുന്ന രേഖകള്‍ പരിശോധിച്ചാണ് ജയരാജനെതിരായ നടപടിയെന്നായിരുന്നു റിപ്പോര്‍ട്ട്.

Advertisement