മുഴുവന്‍ സീറ്റും വേണ്ട, കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും മതിയെന്ന് പി. ജെ ജോസഫ്; 'ജോസ് വിഭാഗം ദിശാബോധമില്ലാതെ ഒഴുകുന്ന കൊതുമ്പു വള്ളം'
Kerala News
മുഴുവന്‍ സീറ്റും വേണ്ട, കേരള കോണ്‍ഗ്രസ് മത്സരിച്ച അത്രയും മതിയെന്ന് പി. ജെ ജോസഫ്; 'ജോസ് വിഭാഗം ദിശാബോധമില്ലാതെ ഒഴുകുന്ന കൊതുമ്പു വള്ളം'
ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 1:14 pm

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന് പി. ജെ ജോസഫ്. ജോസ് കെ. മാണി വിഭാഗം പുറത്ത് പോയ സ്ഥിതിയ്ക്ക് മുമ്പ് കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും ജോസഫ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്നും കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച സീറ്റുകളില്‍ യു.ഡി.എഫില്‍ നിന്ന് ജോസഫ് പക്ഷം തന്നെ മത്സരിക്കുന്നതാണ് ഉചിതമെന്നും വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും പി. ജെ ജോസഫ് പറഞ്ഞു. ജോസ് പക്ഷത്ത് നിന്ന് നിരവധി നേതാക്കള്‍ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ദിശാബോധമില്ലാതെ ഒഴുകി നടക്കുന്നുവെന്നും പി. ജെ ജോസഫ് പറഞ്ഞു.

‘ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന കൊതുമ്പു വള്ളമാണ് ജോസ് കെ. മാണി വിഭാഗം. അത് എപ്പോള്‍ വേണമെങ്കിലും മുങ്ങും. ഇവിടെ നിന്ന് മുങ്ങി പാലായിലെത്തിയാല്‍ രക്ഷപ്പെടുമോ എന്ന് അറിയില്ല. റോഷി അഗസ്റ്റിന്‍ ജോസിന്റെ വെറും കുഴലൂത്തുകാരനാണെങ്കിലും അര്‍ത്ഥമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്,’ പി.ജെ ജോസഫ് പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ നേതാക്കള്‍ ഏറെ പേരും ജോസ് കെ. മാണിയെ കൈവിട്ടുവെന്നും കള്ളം പറയുന്ന റോഷി അഗസ്റ്റിന്‍ മാത്രമാണ് കൂടെയുള്ളതെന്നും പി. ജെ ജോസഫ് ആരോപിച്ചു.

അതേസമയം കേരള കോണ്‍ഗ്രസ് എം മത്സരിച്ച എല്ലാ സീറ്റുകളും യു.ഡി.എഫ് പി.ജെ ജോസഫിന് നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ചയാണ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി മുന്നണിമാറ്റം പ്രഖ്യാപിച്ചത്. ‘ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും’ എന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.

യു.ഡി.എഫ് കെ. എം മാണിയെ അപമാനിക്കുകയാണ്. മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നതെന്നും കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P J Joseph says he need full seats competed by Kerala Congress (m)