എഡിറ്റര്‍
എഡിറ്റര്‍
‘സിനിമ സംവിധായകര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ക്ക് വിലങ്ങിടാനുള്ള നിയമംവരുന്നുണ്ട്, ബി.ജെ.പിയെ പുകഴ്ത്തുന്ന സിനിമയേ അനുവദിക്കൂ’ മെര്‍സല്‍ വിവാദത്തില്‍ ചിദംബരം
എഡിറ്റര്‍
Saturday 21st October 2017 11:14am

ന്യൂദല്‍ഹി: കേന്ദ്ര നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് നായകനായ മെല്‍സര്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന ബി.ജെ.പി ആവശ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായ പി. ചിദംബരം.

ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്ന ഡോക്യുമെന്ററികള്‍ക്കും സിനിമകള്‍ക്കും മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ചിദംബരം പറഞ്ഞു.

സിനിമ സംവിധായകര്‍ ഇനി ശ്രദ്ധിക്കണം. നിങ്ങള്‍ക്കുള്ള നിയമം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങളെ പുകഴ്ത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്ന സിനിമകള്‍ക്ക് മാത്രമേ ഇനി അനുമതി ലഭിക്കൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോപകുന്നത്. – ചിദംബരം പറഞ്ഞു.

ജി.എസ്.ടിയുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു മെര്‍സലിനും നടന്‍ വിജയ്ക്കും എതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നത്.

സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യപ്പെട്ടിരുന്നു. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ വിവിധ നേതാക്കളുടെ പ്രതികരണത്തിനു പുറമെ കേന്ദ്രമന്ത്രിയായ പൊന്‍ രാധാകൃഷ്ണനും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ചിത്രത്തിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും താരങ്ങള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കരുതെന്നുമായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്.

എന്നാല്‍ ഒരുകാരണവശാലും മെര്‍സലിലെ രംഗങ്ങള്‍ വെട്ടിമാറ്റരുതെന്ന് ആവശ്യപ്പെട്ട് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. മെര്‍സല്‍ സെര്‍ട്ടിഫൈ ചെയ്തതാണെന്നും അതുകൊണ്ട് തന്നെ ഇനി വീണ്ടും സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.

സിനിമയ്ക്ക് എതിരായുള്ള ഇത്തരം വിമര്‍ശനങ്ങള്‍ക്ക് യുക്തിപരമായ പ്രതികരണമാണ് ആവശ്യം. വിമര്‍ശനത്തിന് മുന്നില്‍ മൗനം അരുത്.അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുകയുള്ളൂവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

Advertisement