പ്രതിസന്ധി ഘട്ടത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് ക്രൂരത; കേന്ദ്രത്തിനെതിരെ പി. ചിദംബരം
national news
പ്രതിസന്ധി ഘട്ടത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചത് ക്രൂരത; കേന്ദ്രത്തിനെതിരെ പി. ചിദംബരം
ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2020, 3:15 pm

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്കിടെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച കേന്ദ്ര നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജ്യം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ നികുതി ഏര്‍പ്പെടുത്തിയ നടപടി ക്രൂരമാണെന്നാണ് ചിദംബരം പറഞ്ഞത്.

‘നിലവിലെ സാമ്പത്തിക കമ്മി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ കടം വാങ്ങണം. മാത്രമല്ല, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുന്ന ഇതുപോലൊരു സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തരുത്,’ ചിദംബരം പറഞ്ഞു.

ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടുമ്പോഴേ നികുതി വര്‍ധിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കൂ എന്നും ഇപ്പോള്‍ ടാക്‌സ് വര്‍ധിപ്പിച്ച നടപടി ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴാണ് കേന്ദ്രം പെട്രോളിന്റേയും ഡീസലിന്റേയും ഏക്‌സൈസ് തീരുവ കുത്തനെ ഉയര്‍ത്തിയത്. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വര്‍ധിപ്പിച്ചത്.

റോഡ് ഇന്‍ഫ്രാ സെസ് ഇനത്തില്‍ മാത്രം പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിന് പുറമെ എക്‌സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ചുരൂപയുമാക്കി.
നികുതി വര്‍ധനയോടെ 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്.

ഇന്ന് മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. തീരുവ വര്‍ധിപ്പിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാല്‍ റീട്ടെയില്‍ മാര്‍ക്കറ്റില്‍ വില വര്‍ധന അനുഭവപ്പെടില്ല. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപ നികുതിയായി കൊടുക്കണം.

ഡീസലിന് ഇത് 31.83 രൂപയാണ്. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.