| Tuesday, 21st May 2013, 9:55 am

ഗണേഷ് മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിക്കും എന്‍.എസ്.എസിനും താത്പര്യമില്ല: പി.സി ജോര്‍ജ്ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവി നല്‍കിയത് ഗണേഷിന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനത്തിന് പകരമാണെന്നും ഗണേഷ് വീണ്ടും മന്ത്രിയാകുന്നതിനെ മുഖ്യമന്ത്രിയോ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോ താല്‍പര്യമെടുക്കില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടെ മുന്നോക്ക ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു കഴിഞ്ഞു. []

ഒരു എം.എല്‍.എ മാത്രമുള്ള കക്ഷിക്ക് ഇനിയൊരു കാബിനറ്റ് റാങ്ക് പദവി കൂടി നല്‍കാന്‍ കഴിയില്ല. അങ്ങനെ നല്‍കിയാല്‍ അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും ഷിബു ബേബി ജോണിന്റെ പാര്‍ട്ടിക്കും അത്തരം പദവി നല്‍കേണ്ടിവരും.

ഗണേഷിന് പകരം കോണ്‍ഗ്രസില്‍ നിന്ന് മന്ത്രി വരണമെന്നാണ് ബാലകൃഷ്ണപിള്ള പറഞ്ഞത്. അതുതന്നെയാണ് വേണ്ടത്. ഗണേഷിന് മന്ത്രിസ്ഥാനത്തിനു വേണ്ടി പിള്ള കാബിനറ്റ് പദവി ഒഴിഞ്ഞാല്‍ അത് അദ്ദേഹത്തെ അപമാനിക്കലാവുമെന്നും ജോര്‍ജ് പറഞ്ഞു.

ഗണേഷ് മന്ത്രിസഭയില്‍ ചേരുന്നത് ധാര്‍മ്മികതയല്ല. ഗണേഷ്‌കുമാര്‍ രാജിവച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും ആ സാഹചര്യത്തില്‍ ഗണേഷ് മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും ജോര്‍ജ് പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന യാമിനി നല്‍കിയ സത്യവാങ്മൂലം കോടതിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഗണേഷ് പാപി തന്നെയാണ്.

കഴിഞ്ഞ മാസം ഏപ്രില്‍ ഒന്നിന് കോടതിയില്‍ യാമിനിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഗണേഷ് ഒന്‍പതിന് താന്‍ നല്‍കിയത് കള്ള സത്യവാങ്മൂലമാണെന്നും യാമിനി പറഞ്ഞതെല്ലാം ശരിയാണെന്നും കാണിച്ച് വീണ്ടും സത്യവാങ്മൂലം നല്‍കിയിരുന്നു.

എന്നാല്‍ യാമിനിയുടെ സത്യവാങ്മൂലം നിലനില്‍ക്കുന്നിടത്തോളം കാലം ഗണേഷിന് മന്ത്രിസഭയില്‍ അംഗമാകുന്നത് ധാര്‍മ്മികമായി ശരിയല്ല.
ഗണേഷിനെ മന്ത്രിമാക്കണമെന്ന് മുഖ്യമന്ത്രിക്കോ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കോ താല്‍പര്യമില്ല. സുകുമാരന്‍ നായരുമായി താന്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പിന്നെ ആര്‍ക്കാണ് താല്‍പര്യമെന്ന് വ്യക്തമല്ലെന്നും ജോര്‍ജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more