സമരങ്ങളില്‍ ബി.ജെ.പിക്കൊപ്പം സഹകരിക്കുന്ന കോണ്‍ഗ്രസ് സി.പി.ഐ.എം സെമിനാറുകളില്‍ നിന്ന് നേതാക്കളെ വിലക്കുന്നു: മുഹമ്മദ് റിയാസ്
Kerala News
സമരങ്ങളില്‍ ബി.ജെ.പിക്കൊപ്പം സഹകരിക്കുന്ന കോണ്‍ഗ്രസ് സി.പി.ഐ.എം സെമിനാറുകളില്‍ നിന്ന് നേതാക്കളെ വിലക്കുന്നു: മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2022, 3:18 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരിനെയും കെ.വി. തോമസിനെയും സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയതില്‍ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ‘വിലക്ക്’ കോണ്‍ഗ്രസിന് ചേര്‍ന്നതോ? എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.

ബി.ജെ.പി ഇതര സര്‍ക്കാരുകളുടെ പ്രതീകമായ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. വരാമെന്ന് വാക്കുതന്ന നേതാക്കളെ എന്തുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം വിലക്കി?
സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കുവാനുള്ള ആശയരൂപീകരണ വേദിയായ സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും റിയാസ് ചോദിച്ചു.

സി.പി.ഐ.എം സെമിനാറുകളില്‍ മുന്‍പ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മതനിരപേക്ഷ സെമിനാറുകളില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. മുന്‍പ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇത്തരം സെമിനാറുകളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുമുണ്ട്.
അപ്പോള്‍ പിന്നെ ഇപ്പോഴത്തെ വിലക്കുകൊണ്ട് കോണ്‍ഗ്രസ് എന്താണ് ഉന്നം വെക്കുന്നതെന്നും റിയാസ് പറഞ്ഞു.

കേരളത്തില്‍ സമീപ കാലത്തായി നടന്ന ചില സമരങ്ങളില്‍ ബി.ജെ.പിയിലെയും യു.ഡി.എഫിലെയും ചില നേതാക്കളെ ഒന്നിച്ച് കാണുന്നുമുണ്ട്. നേരത്തെ പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പിന്‍പറ്റി കൂടുതല്‍ അപകടം ഇതുപക്ഷമാണ് എന്ന് കരുതുന്നവരായി ബി.ജെ.പിക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്ന ഈ യു.ഡി.എഫ് നേതാക്കള്‍ മാറിയോ എന്നും റിയാസ് ചോദിച്ചു.

ബി.ജെ.പിക്കൊപ്പം സമരവേദി പങ്കുവെക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ വിലക്കാന്‍ എന്തേ കോണ്‍ഗ്രസ് നേതൃത്വത്തിന് ശബ്ദമുയരുന്നില്ല?
ഒരു കാര്യം അസന്ദിഗ്ദ്ധമായി പറയാം, ബി.ജെ.പിക്കെതിരെ ഞങ്ങള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്ന ആശയരൂപീകരണ വേദിയായ സെമിനാറില്‍ നിന്ന് ഒരുപക്ഷേ തങ്ങളുടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വത്തിന് വിലക്കാനായേക്കും. പക്ഷേ കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരിലെ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷ മനസ്സുകളെ ഞങ്ങളൊരുക്കുന്ന ആശയരൂപീകരണത്തിന്റെ ഫലമായി വരുന്ന പൊതുമുന്നേറ്റത്തില്‍നിന്ന് വിലക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് ഏറ്റവും അപകടകരമെന്ന് ഈയിടെ പ്രധാനമന്ത്രി പറഞ്ഞത് രാജ്യം ഏറെ ചര്‍ച്ച ചെയ്തതാണ്. വര്‍ഗീയ ശക്തികള്‍ എക്കാലവും ഭയപ്പെടുന്നത് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെയാണ് എന്ന വസ്തുതയും മോദിയുടെ പ്രസ്താവന പറയാതെ പറയുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ സി.പി.ഐ. എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്.

രാഷ്ട്രീയ ഇന്ത്യ ഈ സമ്മേളനത്തെ ഉറ്റുനോക്കുന്നു. 11 ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തുണ്ട്. 55 ശതമാനം വോട്ട് വിഹിതം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കെതിരാണ്. ബി.ജെ.പി ഉയര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ബി.ജെ.പി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചര്‍ച്ച ചെയ്യാനാണ്, ആശയരൂപീകരണത്തിന് എക്കാലവും സഹായകരമാകുന്ന സെമിനാറുകള്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്,’ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  P.A. Muhammad Riyas says about Congress leaders Shashi Tharoor and KV Thoms Forbidding him from attending the seminar as part of the CPIM Party Congress