'പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ?' മോദിയെ വെല്ലുവിളിച്ച് ഒവൈസി
national news
'പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോ?' മോദിയെ വെല്ലുവിളിച്ച് ഒവൈസി
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 8:55 am

തെലങ്കാന: ധൈര്യമുണ്ടെങ്കില്‍ താന്‍ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. അതിന് പ്രധാനമന്ത്രി ഒരിക്കലും തയ്യാറാവില്ലെന്നും ഒവൈസി പറഞ്ഞു.

തെലങ്കാനയിലെ മേദകില്‍ വെച്ചുനടന്ന പൊതുപരിപാടിയില്‍ വെച്ചാണ് ഹൈദരബാദ് എം.പി കൂടിയായ ഒവൈസി മോദിയെ വെല്ലുവിളിച്ചത്. യോഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തെയും ആര്‍.എസ്.എസിനെയും ഒവൈസി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

രാജ്യത്തിന്റെ ദേശീയ പതാകയെ ആര്‍.എസ്.എസ് നിന്ദ്യമായാണ് കണക്കാക്കിയിരുന്നെന്നും ഒവൈസി പ്രസംഗത്തില്‍ പറഞ്ഞു.

‘എനിക്ക് ബി.ജെ.പിയോട് ഒരു കാര്യം ചോദിക്കാനുണ്ട്. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി തെരഞ്ഞെടുത്തപ്പോള്‍, ആര്‍.എസ്.എസ് ഭാരവാഹി ത്രിവര്‍ണ്ണ ദേശീയ പതാക നിന്ദ്യമാണെന്ന് എഴുതിയിരുന്ന കാര്യം സത്യമല്ലേ?’ ഒവൈസി ചോദിച്ചു.

ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം തന്റെ കയ്യില്‍ കൃത്യമായ തെളിവുകളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഒവൈസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച ത്രിവര്‍ണ്ണ റാലിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ ആരോപണങ്ങള്‍ക്കും ഒവൈസി മറുപടി നല്‍കി.

DoolNews Video

‘ഒവൈസിയും കൂട്ടരും ദേശീയ പതാകയെടുത്തത് അവരെ പേടിച്ചിട്ടെന്നായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും പറഞ്ഞത്. നിങ്ങളുടെ ആ ചിന്താഗതിയിലാണ് തെറ്റുപറ്റിയിരിക്കുന്നത്. ഈ രാജ്യവും പതാകയുമെല്ലാം ഞങ്ങളുടേതാണ്. ഇപ്പോള്‍ ത്രിവര്‍ണ്ണ പതാകയുള്ള ഏന്തിയിരുക്കുന്നവരുടെ കൈയ്യിലേ പതാകയുള്ളു മനസ്സില്‍ ഗോഡ്‌സേ ആണ്.’ ഒവൈസി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പൗരത്വ രജിസ്റ്ററുമായും ദേശീയ ജനസംഖ്യാ പട്ടികയുമായും ബന്ധിപ്പിച്ചു മാത്രമേ പൗരത്വ ഭേദഗതി നിയമത്തെ കാണാന്‍ കഴിയൂ എന്ന് പറഞ്ഞ ഒവൈസി എന്‍.പി.ആര്‍ നടപ്പിലായാല്‍ എന്‍.ആര്‍.സിയും പിന്നാലെ വരുമെന്നും പറഞ്ഞു.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സമയത്ത് താനാണ് ആ ബില്‍ കരിനിയമമാണെന്ന് പറഞ്ഞുകൊണ്ട് ബില്ലിന്റെ പകര്‍പ്പ് സഭയില്‍ വെച്ചുതന്നെ കീറിയെറിഞ്ഞതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന നിയമം അംഗീകരിക്കാനാവില്ലെന്നും ഒവൈസി പറഞ്ഞു. എന്‍.ആര്‍.സി നടപ്പിലായാല്‍ മു സ്‌ലിങ്ങളും ആദിവാസികളും ദളിതരുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.