എഡിറ്റര്‍
എഡിറ്റര്‍
കാഞ്ച ഐലയയ്‌ക്കെതിരായ വധഭീഷണി; എഴുത്തുകാര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് ഒവൈസി
എഡിറ്റര്‍
Tuesday 12th September 2017 11:43am

ന്യൂദല്‍ഹി: ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയക്കെതിരായ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ എഴുത്തുകാര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസസുദ്ദീന്‍ ഒവൈസി.

ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരെ എഴുതുന്ന ആര്‍ക്കെതിരെയും വധഭീഷണി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ സാഹചര്യത്തില്‍ എഴുത്തുകാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss ദിലീപ് പറഞ്ഞതുപ്രകാരം നാദിര്‍ഷ തനിക്ക് പണം നല്‍കി; വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി


കാഞ്ചാ ഐലയയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണ്. ആര്‍.എസ്.എസിനെതിരെയും ബി.ജെ.പിക്കെതിരെയും എഴുതുന്നവരെ ഭീഷണിപ്പെടുത്തുകയെന്നതാണ് അവരുടെ തന്ത്രം. ഇന്നത്തെ കാലഘട്ടത്തില്‍ കാഞ്ചയെ പോലുള്ള എഴുത്തുകാര്‍ അനിവാര്യമാണ്. ദളിത്, അംബേദ്ക്കറിസ്റ്റ് വിഭാഗങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണെന്നും ഒവൈസി പറഞ്ഞു.

ഗൗരി ലങ്കേഷിന്റേതുള്‍പ്പെടെ എഴുത്തുകാര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ആള്‍ വരെ ഗൗരി ലങ്കേഷിനെതിരെ പറഞ്ഞ കാര്യങ്ങള്‍ നമ്മള്‍ കണ്ടതാണ്.

ബൗദ്ധികമായ ഒരു ആശയസംവാദത്തിന് ഇക്കൂട്ടര്‍ക്ക് ഒരിക്കലും സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം തികച്ചും മോശമായ ഭാഷയില്‍ ഇവര്‍ അധിക്ഷേപിക്കുന്നതെന്നും ആയുധങ്ങള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്നതെന്നും ഒവൈസി പറയുന്നു.

പുസ്തകമിറക്കിയതിന്റെ പേരില്‍ തനിക്കെതിരെ ആര്യ-വൈശ്യ സംഘം വധഭീഷണിമുഴക്കിയിട്ടുണ്ടെന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കാഞ്ച ഇല്യ രംഗത്തെത്തിയിരുന്നു.

ഞായറാഴ്ച മുതല്‍ തന്നെ അപായപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നും തനിക്കെന്തെങ്കിലും സംഭവചിച്ചാല്‍ ‘ദ ഇന്റര്‍നാഷണല്‍ ആര്യ-വൈശ്യ സംഘം’ ആയിരിക്കും ഉത്തരവാദികളെന്നും ഐലയ്യ പറഞ്ഞിരുന്നു.

‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്സ്’ (Samajika smugglurlu komatollu) എന്ന ഐലയ്യയുടെ പുസ്തകത്തെ ചൊല്ലിയാണ് ഭീഷണി ഉയരുന്നത്. ഭീഷണി മുഴക്കുന്നവര്‍ തന്റെ നാവരിയുമെന്ന് പറഞ്ഞതായും കാഞ്ച ഐലയ്യ പറഞ്ഞു. കാഞ്ച ഐലയ്യക്കെതിരെ ദ ഇന്റര്‍നാഷണല്‍ ആര്യ-വൈശ്യ സംഘം തലവന്‍ കെ. രാമകൃഷ്ണ ടി.വി ചാനലിലൂടെ രംഗത്തെത്തിയിരുന്നു.

‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്സ്’ പുസ്തകത്തിന്റെ പേരും മറ്റു ചിലഭാഗങ്ങളും അപകീര്‍ത്തികരമാണെന്ന് ആരോപിച്ചാണ് ഐലയ്യക്കെതിരെ പ്രതിഷേധം.

പുസ്തകമിറക്കിയതിന്റെ പേരില്‍ ആര്യ-വൈശ്യ ഇഖ്യ പ്രവര്‍ത്തകര്‍ കാഞ്ച ഐലയ്യയുടെ കോലം കത്തിക്കുകയും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Advertisement