ഒരു ഫോണ്‍ കോളിനപ്പുറത്ത് സര്‍ക്കാരുണ്ട്; കര്‍ഷകര്‍ക്ക് മുന്നില്‍വെച്ച ഓഫര്‍ ഇപ്പോഴുമുണ്ടെന്ന് നരേന്ദ്ര മോദി
national news
ഒരു ഫോണ്‍ കോളിനപ്പുറത്ത് സര്‍ക്കാരുണ്ട്; കര്‍ഷകര്‍ക്ക് മുന്നില്‍വെച്ച ഓഫര്‍ ഇപ്പോഴുമുണ്ടെന്ന് നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 3:27 pm

ന്യൂദല്‍ഹി: കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഒരു ഫോണ്‍ കോളിനപ്പുറം ഇപ്പോഴുമുണ്ടെന്നും കര്‍ഷകരോട് അദ്ദേഹം തന്നെ ഇക്കാര്യം അറിയിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ അജണ്ട അവതരിപ്പിക്കുന്നതിനായി ശനിയാഴ്ച നടന്ന സര്‍വ്വകക്ഷിയോഗത്തിന്റെ അധ്യക്ഷത വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.

സാധാരണഗതിയില്‍, ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി സര്‍വ്വകക്ഷി യോഗങ്ങള്‍ നടത്താറുണ്ട്.

എല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സംഭാഷണത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. ‘സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഇപ്പോഴും നിലനില്‍ക്കുന്നു. ‘

ഇത് നിങ്ങളെ പിന്തുണക്കുന്നവരെ അറിയിക്കുക. പ്രശ്‌നത്തിന് പരിഹാരം സംഭാഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. നാമെല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,” മോദി പറഞ്ഞു.

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പതിനൊന്നാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നിയമം ഒന്നരവര്‍ഷത്തേക്ക് നടപ്പിലാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ഷകര്‍ തള്ളുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷകര്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തിയ ട്രാക്ടര്‍മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. പലയിടത്തും കര്‍ഷകര്‍ക്ക് കടന്നുപോകാമെന്ന് അറിയിച്ച റോഡുകള്‍ ദല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരില്‍ ഒരു വിഭാഗം ചെങ്കോട്ടയിലേക്ക് എത്തിയതും സംഘര്‍ഷത്തിന് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Our govt just a phone call away, proposal to farmers still stands: PM Modi at all-party meet