Administrator
Administrator
ഉച്ചിയില്‍ വെച്ച കൈകൊണ്ട് ഉദകക്രിയ
Administrator
Monday 2nd May 2011 1:30pm

എച്ച്. ഷഫീഖ്

നാളിതുവരെ നാം കണ്ട നാടകങ്ങള്‍ക്ക് തിരശീലയിട്ടുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ബിന്‍ലാദനെ വധിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു. ഒട്ടനവധി തവണ ലാദനെ അമേരിക്ക ‘വധിച്ചിട്ടുണ്ട്’.അപ്പോഴൊക്കെ പിറ്റേദിവസം ടി.വിയില്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും അമേരിക്കയോടുള്ള തന്റെ ജിഹാദ് ആഹ്വാനം നടത്തുകയും ചെയ്തിട്ടുമുണ്ട്. ഇത്തവണ തെറ്റുപറ്റാതിരിക്കാന്‍ അമേരിക്ക ലാദന്റെ ഡി.എന്‍.എ പരിശോധന നടത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ലാദന്‍ ഒരു തീരാതലവേദനയായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. പക്ഷെ അത് അമേരിക്കക്കല്ല, മറിച്ച് ലോകമാകമാനം ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കായിരുന്നുവെന്ന് മാത്രം. കാരണം അമേരിക്കയെ ‘അമേരിക്ക’യാക്കിത്തീര്‍ത്തതില്‍ ലാദന്‍ ഘടകത്തിന്റെ പങ്ക് വളരെ വലുതാണ്. ലാദന്‍ എന്ന മിശ്രിതത്തെ അമേരിക്ക കണ്ടെത്തുന്നത് സിവില്‍ എഞ്ചിനീയറിങ് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയിലാണ്. ഇസ്ലാമിക് ജിഹാദ് ഒരുരോഗം പോലെ മസ്തിഷ്‌കത്തില്‍ ബാധിച്ച യുവാവായിരുന്നു അന്ന് ലാദന്‍. ശരീ’അത്ത് നിയമമാണ് മുസ്‌ലീം ലോകത്തിലെ എല്ലാ പ്രശനങ്ങള്‍ക്കും പരിഹാരമെന്ന് പ്രസംഗിച്ചു നടന്ന ലാദനെ അമേരിക്ക അര്‍ത്ഥവും ആയുദ്ധവും ആവശ്യത്തിന് പരിശീലനവും നല്‍കി അഫ്ഗാനിസ്ഥാനിലേക്കയച്ചു.

നജീബുള്ള ഗവണ്‍മെന്റിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി നേരത്തെതന്നെ അമേരിക്ക ലക്ഷക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ച് അബ്ദുള്ള യൂസുഫ് അസ്സമിന്റെ നേതൃത്വത്തില്‍ താലിബാനെ ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ മാധ്യമപ്പട ലാദനെ ഇസ്‌ലാമിക ജിഹാദിന്റെ അപ്പോസ്തലനായി വാഴിക്കുകയായിരുന്നു.

1988ല്‍ അല്‍ഖയ്ദ എന്ന ഭികരസംഘടന ലാദനെ തലവനാക്കിക്കൊണ്ട് പിറന്നുവീഴുമ്പോള്‍ അതിനു ചരടുവലിച്ചിരുന്നത് അമേരിക്കയായിരുന്നു. അതിനു വ്യക്തമായ തെളിവകളായിരുന്നു മുന്‍ അമേരിക്കന്‍ ആര്‍മി സര്‍ജന്റായിരുന്ന അലി മൊഹമ്മദ് ന്യൂയോര്‍ക്ക് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. തുടര്‍ന്ന് 90കളോടെ ലോകത്തുനടക്കുന്ന എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികം നല്‍കുന്ന അമേരിക്കന്‍ ഏജന്‍സിയെന്ന റോള്‍ തകര്‍ത്താടുകയായിരുന്നു അല്‍ഖയ്ദ .

ഇത് ഒരു വശമെങ്കില്‍ മറുവശത്ത് ‘ഭികരതക്കെതിരെയുള്ള യുദ്ധം’ പ്രഖ്യാപിച്ചുകെണ്ട് പാവപ്പെട്ട ലോക രാഷ്ട്രങ്ങളെ ആക്രമിക്കാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു അമേരിക്ക. ഇതിലൂടെ പല സ്വപ്‌നങ്ങളും അമേരിക്ക പൂവണിയിച്ചു. സൈനിക ബലം കാട്ടി ലോക രാഷ്ട്രങ്ങളെക്കൊണ്ട് തങ്ങളുടെ ആധിപത്യം അംഗീകരിപ്പിക്കുകയായിരുന്നു അതില്‍ പ്രധാനം. ഇന്ന് ലോകത്തു നടക്കുന്ന സാമ്പത്തിക സൈനിക കരാറുകളെ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ അമേരിക്കക്ക് കഴിയുന്നത് അത്തരത്തിലൊരു സൈനിക ശക്തിയായി ആ രാഷ്ട്രം മാറിയതുകൊണ്ടാണ്.

മധ്യേഷ്യന്‍ രാഷ്ട്രങ്ങളുടെ ഭൂമികയായിരുന്നു അമേരിക്കയുടെ മറ്റൊരു ലക്ഷ്യം. അവിടത്തെ എണ്ണയും ജലവും ആവോളം കോരിക്കൊണ്ട്‌പോകാന്‍ അവര്‍ക്ക് കഴിഞ്ഞു. പ്രകൃതി സമ്പത്ത് നക്കിത്തുടച്ചു. ഇങ്ങനെ പതിനായിരമായി ചെന്നുപതിക്കുന്ന അസ്ത്രമായിരുന്നു അമേരിക്കയുടെ സ്വന്തം ലാദനും ‘ഭീകരതക്കെതിരെയുള്ള യുദ്ധവും’.

സാമ്രാജ്യത്ത്വത്തിനെതിരെയുള്ള ജനകീയ പോരാട്ടങ്ങളെ മുസ്‌ലിം തീവ്രവാദമെന്ന കള്ളിയിലേക്ക് ഒതുക്കാന്‍ ബിന്‍ലാദന്‍ വലിയ സഹായമാണ് അമേരിക്കക്ക് ചെയ്തുകൊടുത്തത്. ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ ഭീകരവാദികള്‍ക്കൊപ്പം എന്ന് അമേരിക്ക പറഞ്ഞത് അതുകൊണ്ടാണ്. അമേരിക്ക നിര്‍മ്മിച്ച ഈ സിദ്ധാന്തത്തെ ബലപ്പെടുത്താനാണ് നാഗരികതകള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന വാചകം അവര്‍ സൃഷ്ടിച്ചത്. ഭീകരതയെ തോല്‍പ്പിക്കാനായി എന്ത് നെറികേടുകള്‍ക്കും ലോകം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന അമേരിക്കയുടെ കണക്ക്കൂട്ടല്‍ വിജയിക്കുന്നതാണ് പിന്നീട് കണ്ടത്.

വംശ വെറി സൃഷ്ടിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അത്തരം രാജ്യങ്ങളില്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന രാഷ്ട്രീയമായ രോഷത്തെ ഒറ്റപ്പെടുത്തുകയുമായിരുന്നു അമേരിക്കയുടെ ലക്ഷ്യം. എന്തായാലും ഇനി ലോകത്ത് ലാദനില്ല എന്നു വിശ്വസിക്കാം. ആ ഗ്യാപ്പ് പൂര്‍ത്തീകരിക്കാന്‍ ഏതു ലാദനെയാണാവോ സാമ്രാജ്യത്വം കണ്ടുപിടിച്ചിരിക്കുന്നത്?

Advertisement