ഇസ്രഈലിന്റെ നിരീക്ഷണ പദവി എടുത്തുകളയണം; ആഫ്രിക്കന്‍ യൂണിയനില്‍ ആവശ്യമുയരുന്നു
World News
ഇസ്രഈലിന്റെ നിരീക്ഷണ പദവി എടുത്തുകളയണം; ആഫ്രിക്കന്‍ യൂണിയനില്‍ ആവശ്യമുയരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th October 2021, 3:08 pm

കേപ്ടൗണ്‍: ആഫ്രിക്കന്‍ യൂണിയനിലെ ഇസ്രഈലിന്റെ നിരീക്ഷണ പദവി (ഒബ്‌സര്‍വര്‍ സ്റ്റാറ്റസ്) എടുത്തു കളയണമെന്ന ആവശ്യം ശക്തമാവുന്നു. ആഫ്രിക്കന്‍ യൂണിയന്‍ ഇസ്രഈലിന്റെ പദവി പിന്‍വലിക്കണമെന്നാണ് യൂണിയന്‍ നേതാക്കളോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടത്.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ പലസ്തീനിയന്‍സ്, അമേരിക്കയിലെ ഡെമോക്രസി ഫോര്‍ അറബ് വേള്‍ഡ് നൗ, ദക്ഷിണാഫ്രിക്കയിലെ ലീഗല്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഇസ്രഈല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും കുറ്റകൃത്യങ്ങളും മാനവരാശിക്കെതിരാണെന്നും ഇത് ആഫ്രിക്കന്‍ യൂണിയന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുമാണ് വിമര്‍ശനമുയരുന്നത്.

പാന്‍ ആഫ്രിക്കന്‍ സംഘടനയായ ആഫ്രിക്കന്‍ യൂണിയനില്‍ അംഗമാകുന്നതിനായി കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇസ്രഈല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മുന്‍പ് നിരീക്ഷണ പദവി ആവശ്യപ്പെട്ടുള്ള ഇസ്രഈലിന്റെ അപേക്ഷ രണ്ട് തവണ യൂണിയന്‍ തള്ളിയിരുന്നു.

ഈ വര്‍ഷം ജൂലൈയിലാണ് ആഫ്രിക്കന്‍ യൂണിയന്‍ കമ്മിഷന്‍ തലവനായ മൗസ ഫകി മഹമത് ഇസ്രഈലിന് യൂണിയനില്‍ നിരീക്ഷണ പദവി അനുവദിച്ചത്. എന്നാല്‍ യൂണിയനിലെ അംഗരാജ്യങ്ങളോട് അഭിപ്രായം ചോദിക്കാതെയായിരുന്നു ഈ തീരുമാനമെടുത്തത്.

ഇതിന് പിന്നാലെ യൂണിയനിലെ 55 അംഗരാജ്യങ്ങളില്‍ പകുതിയിലധികവും തീരുമാനത്തിനെതിരെ രംഗത്തുവന്നു. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ ഇസ്രഈലിന് പദവി നല്‍കുന്നതിനെതിരാണ്.

ഈ സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ പദവി എടുത്ത് കളയാനുള്ള ആവശ്യം കൂടുതല്‍ ശക്തമായിരിക്കുന്നത്. മുന്‍പ് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പരസ്യമായി തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തങ്ങള്‍ അംഗരാജ്യങ്ങളായിരിക്കുമ്പോള്‍ യൂണിയന്റെ ഇത്തരം നടപടികള്‍ അനുവദിക്കില്ല എന്നായിരുന്നു ദക്ഷിണാഫ്രിക്ക പ്രതികരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: organisations have argued to AU leaders to withdraw Israel’s observer status