തോറ്റെങ്കിലും മറ്റൊരു അപൂര്‍വതയും; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സണ്‍റൈസേഴ്‌സിനുമൊപ്പം ഇനി രാജസ്ഥാന്‍ റോയല്‍സും
IPL
തോറ്റെങ്കിലും മറ്റൊരു അപൂര്‍വതയും; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സണ്‍റൈസേഴ്‌സിനുമൊപ്പം ഇനി രാജസ്ഥാന്‍ റോയല്‍സും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th May 2022, 1:06 pm

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്‍ 2022ന് കൊടിയിറങ്ങിയിരിക്കുകയാണ്. പത്ത് ടീമുകള്‍ മാറ്റുരച്ച ഈ സീസണില്‍ പല അപ്രതീക്ഷിത കാഴ്ചകള്‍ക്കുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത്.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോലുള്ള ടീമുകളുടെ പതനവും, സീസണില്‍ പിറന്ന ആയിരം സിക്‌സറുകളും വാശിയേറിയ റണ്‍ ചേസിംഗുകളും റണ്‍വേട്ടയും വിക്കറ്റ് വേട്ടയും തുടങ്ങി എല്ലാം കൊണ്ടും ക്രിക്കറ്റിന്റെ അണ്‍പ്രഡിക്ടബിലിറ്റി ഒന്നാകെ ആവാഹിച്ച സീസണ്‍ തന്നെയായിരുന്നു ഐ.പി.എല്‍ 2022.

ഇത്തവണ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറാണ്. 17 മത്സരത്തില്‍ നിന്നുമായി നാല് വീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയുമടക്കം 863 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇതിന് പുറമെ ബൗണ്ടറികളുടേയും സിക്‌സറുകളുടേയും എണ്ണത്തിലും ബട്‌ലര്‍ തന്നെയായിരുന്നു മുമ്പന്‍. ഒരു സീസണില്‍ ഏറ്റവുമധികം റണ്ണടിക്കുന്നവരുടെ പട്ടികയില്‍ കോഹ്‌ലിക്ക് പിന്നാലെ രണ്ടാമനാവാനും സീസണിലെ എം.വി.പിയായ ബട്‌ലറിനായി.

ബാറ്റിംഗിന് പുറമെ ബൗളിംഗിലും സമഗ്രാധിപത്യം പുലര്‍ത്തിയത് രാജസ്ഥാന്‍ റോയല്‍സ് തന്നെയായിരുന്നു. രാജസ്ഥാന്റെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് വിക്കറ്റ് വേട്ടയിലെ ഒന്നാമന്‍.

17 മത്സരത്തില്‍ നിന്നും 527 റണ്‍സ് വഴങ്ങി 27 വിക്കറ്റാണ് യുസി പിഴുതെറിഞ്ഞത്. 19.51 ആവറേജില്‍ 7.75 ശരാശരിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് നേട്ടം.

റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും രാജസ്ഥാന്‍ ക്യാമ്പിലെത്തിയതോടെ മറ്റൊരു അപൂര്‍വ നേട്ടം കൂടിയാണ് പിറന്നിരിക്കുന്നത്.

പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും ഒരേ ടീമിലേക്കെത്തിയ അപൂര്‍വതയ്ക്കാണ് ഐ.പി.എല്‍ 2022 സാക്ഷ്യം വഹിച്ചത്. 2008ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതുമുതല്‍ ഇത് മൂന്നാം തവണ മാത്രമാണ് റണ്‍വേട്ടക്കാരനും വിക്കറ്റ് വേട്ടക്കാരനും ഒരേ ടീമില്‍ നിന്നുതന്നെയാവുന്നത്.

2013ലും 2017ലുമാണ് ഇതിന് മുമ്പ് ഇത്തരമൊരു സംഭവമുണ്ടായത്.

2013ല്‍ ചെന്നൈ താരങ്ങളായ മൈക്ക് ഹസിയും ഡ്വെയ്ന്‍ ബ്രാവോയുമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍, 2017ല്‍ സണ്‍റൈസേഴ്‌സ് താരങ്ങളായ വാര്‍ണറും ഭുവനേശ്വര്‍ കുമാറുമായിരുന്നു ഓറഞ്ച് – പര്‍പ്പിള്‍ ക്യാപ്പ് ജേതാക്കള്‍.

773 റണ്‍സോടെയായിരുന്നു ഹസി 2013ലെ മികച്ച് റണ്‍വേട്ടക്കാരനായത്. ഐ.പി.എല്‍ റെക്കോഡായ 32 വിക്കറ്റ് പിഴുതെറിഞ്ഞായിരുന്നു ബ്രാവോ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത്.

ഐ.പി.എല്‍ 2017ല്‍ സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരമായ ഡേവിഡ് വാര്‍ണര്‍ 641 റണ്‍സോടെയാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. ഭുവിയാകട്ടെ, 26 വിക്കറ്റ് വീഴ്ത്തിയാണ് പര്‍പ്പിള്‍ ക്യാപ്പിനുടമയായത്.

ഈ മൂന്ന് സീസണിലും (2013, 2017, 2022) ക്യാപ്പ് ഹോള്‍ഡേഴ്‌സിന്റെ ടീമിന് കപ്പെടുക്കാന്‍ സാധിച്ചിട്ടില്ല എന്നത് മറ്റൊരു സാമ്യതയാണ്. 2013ലും 2017ലും മുംബൈ ഇന്ത്യന്‍സ് ജേതാക്കളായപ്പോള്‍ 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ചാമ്പ്യന്‍മാരായത്.

 

Content Highlight: Orange cap and purple cap to same team for the 3rd time in IPL history