എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: പ്രതിപക്ഷം സഭ വിട്ടു
എഡിറ്റര്‍
Friday 22nd March 2013 12:00pm

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇ.പി ജയരാജന്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ലാത്തിച്ചാര്‍ജിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഈ ആവശ്യം ഉന്നയിച്ചു.  സര്‍വകലാശാലയിലേക്ക് വിദ്യാര്‍ത്ഥികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

18 പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിവൈഎസ്പി അടക്കമുള്ള പൊലീസുകാര്‍ക്ക് കല്ലേറില്‍ പരുക്കേറ്റെന്നും സര്‍ക്കാരിന് ഇരുഭാഗവും കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയും പറഞ്ഞു.

സര്‍ക്കാര്‍ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ടത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാഴാഴ്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.

സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസിന് നേരെ കല്ലെറിഞ്ഞ വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയായിരുന്നു.

Advertisement