സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം; ബദല്‍ പദ്ധതിയുണ്ടെങ്കില്‍ ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷ നേതാവ്
Kerala News
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം; ബദല്‍ പദ്ധതിയുണ്ടെങ്കില്‍ ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th October 2021, 3:13 pm
"വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നത് ഏകാധിപതികളുടെ പൊതുസ്വഭാവം"

തിരുവനന്തപുരം: കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പദ്ധതി സുതാര്യമല്ലാത്തതു കൊണ്ടാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം കോടി രൂപയുടെ കൂടി ബാധ്യതയുണ്ടാകുമെന്നാണ് നീതി ആയോഗിന്റെ കണ്ടെത്തല്‍. നാഷണല്‍ ഹൈവെ വീതി കൂട്ടാന്‍ പണമില്ലാത്തവര്‍ ഇത്രയും വലിയ തുക എവിടെ നിന്ന് കണ്ടെത്തും? കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വെ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ എന്തിനാണ് സര്‍ക്കാര്‍ ഇത്രയും ധൃതി കാട്ടുന്നത്? 64941 കോടി രൂപ ചെലവ് വരുന്ന പദ്ധതി കേരളത്തെ തെക്ക്- വടക്ക് വന്‍മതിലായി വെട്ടിമുറിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപകടകരമായ വശങ്ങളെക്കുറിച്ച് പഠിക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെപ്പറ്റി നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. എം.കെ. മുനീര്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തന്നെയാണ് നരേന്ദ്ര മോദിയും പറയുന്നത്. ഇത് സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. എതിര്‍ക്കുന്നവര്‍ മുഴുവന്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഇവിടെ വിലപ്പോവില്ല. എന്തിനെയും എതിര്‍ക്കുന്ന സ്വഭാവം എന്ന തൊപ്പി നിങ്ങളുടെ തലയില്‍ വച്ചാല്‍ മതി. എഴുപതുകള്‍ മുതല്‍ ഈ നാടിന്റെ പുരോഗതിയെ നിസാരമായ കാരണങ്ങള്‍ പറഞ്ഞ് അട്ടിമറിച്ച ആളുകള്‍ പുതിയ വികസനത്തിന്റെ സന്ദേശവുമായി പ്രതിപക്ഷത്തെ പഠിപ്പിക്കാന്‍ വരേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പദ്ധതിക്കു വേണ്ടി 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇരുപതിനായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്നതിനൊപ്പം 150 ഹെക്ടറോളം വയലും നികത്തണം. പ്രതിദിനം 46000 പേര്‍ യാത്ര ചെയ്യുമെന്നാണ് പറയുന്നത്.

അങ്ങനെ സംഭവിക്കണമെങ്കില്‍ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ 625 പേരുമായി മൂന്നു തീവണ്ടികള്‍ സര്‍വീസ് നടത്തണം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സൂററ്റ്- മുംബൈ കൊറിഡോറില്‍ പ്രതിദിനം 37500 പേരാണ് യാത്ര ചെയ്യുന്നത്. ഒരു പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ളതല്ല ഈ കണക്കുകൂട്ടല്‍. 15 മുതല്‍ 30 മീറ്റര്‍ വരെ വീതിയില്‍ സില്‍വര്‍ ലൈന്‍ വന്‍മതില്‍ പോലെയാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇത് കേരളത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മില്‍ വേര്‍തിരിക്കുന്ന വന്‍കോട്ടയായി മാറും.

പദ്ധതി നിലവില്‍ വന്നാല്‍ ഉരുള്‍പൊട്ടലിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജനനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പശ്ചിമഘട്ടത്തിലൂടെയല്ല പദ്ധതി കടന്നു പോകുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പദ്ധതിക്ക് ആവശ്യമായ കല്ലും മണ്ണും പശ്ചിമഘട്ടത്തില്‍ നിന്നും എടുക്കേണ്ടിവരും. പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളും പഠിക്കണം. കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ച ശേഷമെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാവൂവെന്ന് പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചു.

ഒട്ടും പ്രായോഗികമല്ലാത്ത ഒരു പദ്ധതിയുടെ ബാധ്യത സംസ്ഥാനത്ത് വരാനിരിക്കുന്ന തലമുറയുടെ തലയിലേക്കു കൂടി കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ പാരിസ്ഥിതികമായ സന്തുലനാവസ്ഥ തകര്‍ക്കുന്ന പദ്ധതി നടപ്പാക്കരുത്. ബദല്‍ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


CONTENT HIGHLIGHTS:  Opposition leader V.D. Satheesan has demanded that the government back down from its decision to implement the Silver Line project