രണ്ടാം മോദിസര്‍ക്കാരിനെതിരായ ആദ്യ തൊഴിലാളി പ്രക്ഷോഭം മറ്റന്നാള്‍; നയിക്കുന്നത് സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും അടക്കം 10 സംഘടനകള്‍
national news
രണ്ടാം മോദിസര്‍ക്കാരിനെതിരായ ആദ്യ തൊഴിലാളി പ്രക്ഷോഭം മറ്റന്നാള്‍; നയിക്കുന്നത് സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും അടക്കം 10 സംഘടനകള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2019, 9:45 pm

ന്യൂദല്‍ഹി: മോദിസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഓഗസ്റ്റ് രണ്ടിന് 10 തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമവുമായി മുന്നോട്ടുകൊണ്ടുപോകുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും അടക്കമുള്ള തൊഴിലാളി സംഘടനകള്‍ മറ്റന്നാള്‍ വന്‍ പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നത്.

തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന രണ്ട് ബില്ലുകള്‍ ലോക്‌സഭയില്‍ നിന്നു പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.സ്., സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, എസ്.ഇ.ഡബ്ലു.എ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ സംഘടനകളാണ് തങ്ങള്‍ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ച കാര്യം ഇന്ന് സംയുക്ത പ്രസ്താവന വഴി അറിയിച്ചത്.

ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ ചട്ടങ്ങളും അന്താരാഷ്ട്ര തൊഴിലാളി നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് കേന്ദ്രനീക്കമെന്നും അത് തൊഴിലാളി വിരുദ്ധ നിയമമാണെന്നും പ്രസ്താവനയില്‍ അവര്‍ ആരോപിച്ചു. ഭരണഘടനയിലെ കണ്‍കറന്റ് ലിസ്റ്റിന്റെ പരിധിയില്‍ വരുന്ന ഇത്തരം കാര്യങ്ങളാണ് ഭരണാഘടനാ വിരുദ്ധമായി ഏകീകരിക്കാന്‍ പോകുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

കോണ്‍ ഓണ്‍ വേജസ് ബില്‍, ഒക്യുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് ബില്‍ എന്നിവ ജൂലൈ 23-നാണ് കേന്ദ്രം ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന, പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളെ മാനിക്കാത്ത, നിക്ഷിപ്ത താത്പര്യത്തിലൂന്നിയുള്ള പ്രവര്‍ത്തിയാണ് ഇതുവഴി കേന്ദ്രം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

നിലവിലുള്ള നിയമപ്രകാരം തൊഴിലാളികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനു സഹായിക്കുന്നവയാണ് ബില്ലുകള്‍. ഈ ആനുകൂല്യങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താനുള്ള നീക്കമാണിത്.- അവര്‍ പറഞ്ഞു.

ദേശീയ തലത്തില്‍ മിനിമം കൂലി നിശ്ചയിക്കുന്നതു തൊഴിലാളി സംഘടനകളുടെ സാന്നിധ്യത്തില്‍ വേണ്ടെന്ന് കേന്ദ്രം നിയമിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നതായും അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പ്രതിമാസം 18,000 രൂപ മിനിമം കൂലിയെന്ന ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശയെ മാനിക്കാതെ കേന്ദ്ര തൊഴില്‍ മന്ത്രി 4,628 രൂപയായി മിനിമം കൂലി നിശ്ചയിച്ചിരുന്നു.