എഡിറ്റര്‍
എഡിറ്റര്‍
ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലെ മുന്നോക്ക സംവരണം; സംഘപരിവാര്‍ കൂട്ടിലെ ഇടത് മോഹപക്ഷികള്‍, ഒപ്പംകേരളീയ യാഥാര്‍ത്ഥ്യവും
എഡിറ്റര്‍
Sunday 19th November 2017 12:26am

 

സാമൂഹിക നീതിക്കും ജനാധിപത്യത്തിനും സവര്‍ണ ഫാഷിസത്തിനുമെതിരെ അടുത്തകാലത്ത് ഇന്ത്യകണ്ട ഏറ്റവും വലിയ സമരം നടന്നത് ഗുജറാത്തിലെ ഉനയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ഗുജറാത്തില്‍ പട്ടേലുകള്‍ ഒ.ബി.സി സംവരണമാവശ്യപ്പെട്ട് സമരരംഗത്തിറങ്ങി. വലിയ കലാപങ്ങളിലേക്ക് പടര്‍ന്ന സമരം ഒടുവില്‍ സംവരണം നേടിയെടുത്തു. അതിനു മുന്‍പേ ജാട്ടുകളും സംവരണം ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയിരുന്നു.

സാമ്പത്തികവും സാമൂഹികവുമായ വികസിത സമൂഹങ്ങളാണ് സംവരണം നേടിയെടുത്തത്. എന്നാല്‍ സംവരണമാവശ്യപ്പെട്ട്കൊണ്ട് ഒരു പ്രതിഷേധ യോഗമോ ഒരു പ്രകടനമോ എന്തിന് ഒരു ചെറുവിരലനക്കമോ ഇല്ലാതെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിക്കുകയായിരുന്നു നവംബര്‍ 15 ാം തിയതി.

അഴിമതിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് തോമസ് ചാണ്ടിയെന്ന മന്ത്രി രാജിവെച്ചതൊഴികെ യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദവും കേരള നിയമസഭയില്‍ ഉണ്ടായിരുന്നില്ല. സംവരണത്തിനായി ജീവന്‍പോലും ത്യജിക്കേണ്ടി വന്ന ഒരു രാജ്യത്ത് ഒരു ചെറുവിരലനക്കാതെ ലഭിച്ച സംവരണം എന്ത് സാമൂഹ്യമാറ്റങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നത് എന്നന്വേഷിക്കുന്നത് ഉചിതമായിരിക്കും.

ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഭൂരിപക്ഷം ആര്‍ക്ക്

 

ദേവസ്വംബോര്‍ഡ് നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത്ശതമാനം സംവരണം നടപ്പാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേപോലെ പിന്നോക്ക (ഒ.ബി.സി) യുടെ 14ശതമാനം സംവരണം 3 ശതമാനം വര്‍ധിപ്പിച്ച് 17 ശതമാനമാക്കി. മറ്റു പിന്നോക്കക്കാരുടെ 3 ശതമാനം സംവരണം 6 ശതമാനമാക്കി ഉയര്‍ത്തി. എസ്.സി.എസ്.ടി വിഭാഗങ്ങളുടെ പത്ത് ശതമാനം സംവരണം 12 ശതമാനമാക്കി. മറ്റുസര്‍ക്കാര്‍ നിയമനങ്ങള്‍ക്കും മുന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കാന്‍ കേന്ദ്രത്തെ സമീപിക്കും എന്നാണ് നിയമസഭ ബോധിപ്പിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലാണ് ഈ തീരുമാനം ബാധകമാകുന്നത് എന്നതിനാല്‍ എന്ത് തരം പ്രത്യാഘാതങ്ങളാണ് ഇവിടെ സംഭവിക്കുന്നതെന്ന് പരിശോധിക്കാം. ദേവസ്വം ബോര്‍ഡിന് കീഴിലെ തൊഴില്‍വ്യാപ്തിയുള്ള ഒരു മേഖല വിദ്യാഭ്യാസ രംഗമാണ്. കോളേജുകള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഹൈസ്‌കൂള്‍ തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുണ്ട്. ഇപ്പറഞ്ഞ ഇടങ്ങളിലൊന്നും തന്നെ മേല്‍പ്പറഞ്ഞ പോലുള്ള സംവരണം നടപ്പിലാക്കാന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളാണുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജുകളിലെ നിയമനം പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും

 

മേല്‍സൂചിപ്പിച്ച ടേബിള്‍ പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നാല് കോളേജുകളിലെ 182 അധ്യാപകരില്‍ 135 പേരും അതായത് 74.17 ശതമാനവും നായര്‍ വിഭാഗക്കാരാണ്. 8 നമ്പൂതിരി(4.39%) അധ്യാപകര്‍ കൂടിയാകുമ്പോള്‍ മൊത്തം അധ്യാപകരുടെ 78.56 ശതമാനവും മുന്നോക്ക വിഭാഗങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. 2010 ല്‍ അനില്‍ അമര എന്ന ഗവേഷക വിദ്യാര്‍ത്ഥിക്ക് ആര്‍.ടി.ഐ പ്രകാരം ലഭിച്ച കണക്കുകളാണ് മേലുദ്ധരിച്ചത്.

യു.ജി.സി നിയമപ്രകാരം സംവരണം പാലിക്കപ്പെടേണ്ട മേല്‍പ്പറഞ്ഞ നാല് കോളേജുകളില്‍ എസ്.സി.എസ്.ടി മുസ്ലീം, ക്രിസ്ത്യന്‍ അധ്യാപകര്‍ പൂജ്യമാണ്. ഭരണഘടനാനുസൃതമായി തുല്യതയും അവസരസമത്വവും പാലിക്കപ്പെടേണ്ട ഈ സ്ഥാപനങ്ങളിലെ 79 ശതമാനം ഉദ്യോഗങ്ങളും മുന്നോക്ക ഹിന്ദുക്കളാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നത് ഒരു കേരളീയ യാഥാര്‍ത്ഥ്യമാണ്.

എന്‍.എസ്.എസിന്റേയും മുന്നോക്ക മാനേജുമെന്റുകളുടേയും കീഴിലെ സ്‌കൂളുകളിലേയും കോളേജുകളിലേയും 99 ശതമാനം ഉദ്യോഗങ്ങളും കൈവശം വെച്ചിരിക്കുന്നതിന് പുറമെയാണ് ഗവര്‍മെന്റ് എയ്ഡഡ് കോളേജ് എന്നറിയപ്പെടുന്ന ദേവസ്വം ബോര്‍ഡ് കോളേജുകളിലെ ഇത്രയും ഭീമമായ അവസരങ്ങള്‍ കൈയാളുന്നത്. ഇത്രയേറെ അധിക പ്രാതിനിധ്യം അനുഭവിക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്കാണ് പത്ത്ശതമാനം കൂടി സംവരണം പ്രഖ്യാപിക്കപ്പെട്ടത്.
ഈ സര്‍ക്കാര്‍ മേഖലയിലെ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം എത്രയാണെന്ന് പരിശോധിക്കണം.

 

2006 ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച ‘കേരളപഠനം’ എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പ്രകാരം 12.5 ശതമാനം ജനസംഖ്യയുള്ള നായര്‍ വിഭാഗങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ അധികപ്രാതിനിധ്യം +40.5 ആണ്. 1.3 ശതമാനം വരുന്ന മറ്റു മുന്നോക്ക ഹിന്ദുവിന്റെ +56.5 ഉംആണ്. എന്നാല്‍ 22.2 ശതമാനം വരുന്ന ഈഴവരുടേത് 0.02 ഉം. 8.2 ശതമാനം വരുന്ന മറ്റ് പിന്നോക്കക്കാരുടെ പ്രാതിനിധ്യക്കുറവ് -41.0 ആണ്. 9.8 ശതമാനം വരുന്ന പട്ടികജാതിക്കാരുടെ പ്രാതിനിധ്യം -26.6 ഉം പട്ടികവര്‍ഗക്കാരുടേത് -49.5 ഉം ആണെന്നതാണ് വസ്തുത. 40.5 ഉം 56.5 ഉം പ്രാതിനിധ്യക്കൂടുതല്‍ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ സംവരണം കനിഞ്ഞു നല്‍കിയത്. സാമൂഹിക അനീതിയ്ക്കും അസമത്വങ്ങളും കുറച്ചുകൊണ്ടുവരികയല്ല സംവരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണല്ലോ
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ മേഖലയില്‍ സംവരണമാവശ്യപ്പെട്ട് ‘ പട്ടികജാതി ക്ഷേമസമിതി’ ഒരു സമരം നടത്തിയിരുന്നു. അന്നത്തെ പ്രതിപക്ഷ കക്ഷികളുടെ താത്പര്യപ്രകാരമാണ് സമരം നടന്നിരുന്നത്. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ സ്വകാര്യ മേഖലാ സംവരണം സ്ഥാനം പിടിച്ചില്ല. പകരമെന്നോണം ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന വാഗ്ദാനമാണ് പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷം അധികാരത്തില്‍ വന്നെങ്കിലും എന്‍.എസ്.എസിന്റെ താത്പര്യപ്രകാരം ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍.

പി.എസ്.സിയ്ക്ക് വിടുന്നതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ‘ബോര്‍ഡ്’ നിലവില്‍ വരുന്നത്. നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിട്ടാല്‍ മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇടിയുമെന്നും ദേവസ്വംബോര്‍ഡ് തന്നെ അപ്രത്യക്ഷമാവുമെന്ന ഭീതിയിലാവണം സവര്‍ണ ലോബി സര്‍ക്കാരിനെ തന്നെ നിയന്ത്രിച്ച് നിര്‍ത്തിയത്. അതോടൊപ്പം നിയമനങ്ങളില്‍ മുന്നോക്കരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരിന് സാധിച്ചു.

നിലവില്‍ ദേവസ്വം ബോര്‍ഡിലെ 78% ഉദ്യോഗങ്ങളും മുന്നോക്കര്‍ കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥിതിക്ക് ഇനിയെങ്ങനെയാണ് മുന്നോക്കരിലെ പിന്നോക്കര്‍ക്ക് 10 ശതമാനം സംവരണം നടപ്പാക്കുക എന്നതാണ് കാതലായ ചോദ്യം.

government-of-kerala

 

78 എന്നത് 10 ശതമാനം കൂട്ടി 88 ശതമാനം ആക്കുമോ ? ഒ.ബി.സി, എസ്.സി, എസ്.ടി സംവരണം എങ്ങനെ പ്രാവര്‍ത്തികമാകും.

ഈ ചോദ്യങ്ങളെല്ലാം മായ്ച്ചു (erase) കളയുകയും സാങ്കല്‍പികമായ ഒരു ദേവസ്വം ബോര്‍ഡ് ഭാവന ചെയ്യുകയാണെങ്കില്‍ അതെങ്ങനെയായിരിക്കും.

അത്തരം ഒരു സാങ്കല്‍പ്പിക ദേവസ്വം ബോര്‍ഡില്‍ ഇതുവരെ നിയമങ്ങളൊന്നും നടന്നിട്ടില്ലാതെ നൂറ് പോസ്റ്റുകളിലേക്ക് നിയമനം നടക്കുന്നുവെന്നിരിക്കട്ടെ

22.2 ശതമാനം ജനസംഖ്യയുള്ള ഒ.ബി.സിക്ക് 17 ഉം 8.2 ശതമാനമുള്ള മറ്റു പിന്നോക്കക്കാര്‍ക്ക് 6 ഉം 10.2 ശതമാനം എസ്.സി.എസ്.ടിക്ക് 12 ഉം അടക്കം 40ശതമാനം സംവരണീയര്‍ക്ക് ലഭിക്കുന്നത് 35 പോസ്റ്റുകള്‍ മാത്രമാണ്. അതേസമയം 13.8 ശതമാനം ജനസംഖ്യയുള്ള മുന്നോക്ക ഹിന്ദുവിന് 10 ശതമാനം സംവരണമടക്കം ലഭിക്കുന്നത് 65 പോസ്റ്റുകളാണ്. അതായത് മൊത്തം’ ഹിന്ദു’ വിലെ 76 ശതമാനത്തിന് 35 പോസ്റ്റുകളും 13.8 ശതമാനം മുന്നോക്ക ഹിന്ദുവിന് 65 ഉം പോസ്റ്റുകള്‍ ലഭിക്കുന്നു. പിന്നോക്ക, മറ്റ് പിന്നോക്ക, ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് എട്ട് ശതമാനം റിസര്‍വേഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ ഒറ്റയടിക്ക് 10 ശതമാനമാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്.

സംവരണീയരെ സംബന്ധിച്ച് സംവരണ പോസ്റ്റുകളല്ലാതെ ഓപ്പണ്‍ മെറിറ്റ് ഇവിടെ പ്രാവര്‍ത്തികമാകില്ലെന്നത് ദേവസ്വം ബോര്‍ഡിലെ തന്നെ മുന്‍നിയമനങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയല്ലോ?

devaswom board

പ്രബല സമുദായിക വിഭാഗങ്ങള്‍ക്ക് ഭരണഘടനാ വിരുദ്ധമായ സംവരണം നടപ്പാക്കുകയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നതാണ് കേരളീയ ഇടത് പാരമ്പര്യം. അതിന്റെ ഒടുവിലെ ഉദാഹരണമാണ് ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സംവരണം. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഭരണമൊഴിയുന്നതിന് മുന്‍പ് മുന്നോക്കക്കാരിലെ പിന്നോക്കവിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം സംവരണം നടപ്പിലാക്കിയാണ് രംഗം വിട്ടത്.

ഇത്തവണ അത് ദേവസ്വം ബോര്‍ഡിലും അടുത്ത തവണ മൊത്തം സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുന്നോക്കസംവരണമാണ് ഇടതുലക്ഷ്യം. സംവരണത്തിന്റെ അന്തസത്ത ചോര്‍ത്തി അതൊരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാക്കി പിന്നോക്കക്കാരുടേയും ന്യൂനപക്ഷങ്ങളുടേയും ദളിത് ആദിവാസികളുടേയും സാമൂഹിക നീതിയേയും അവസര സമത്വത്തേയും രാഷ്ട്രീയാധികാരങ്ങളേയും അട്ടിമറിക്കുന്ന ഒരു ഇടത് യുക്തി ഇതിനിടയില്‍ സങ്കീര്‍ണമാണെന്ന് കാണാം.

കേരളത്തിലെ 13 ശതമാനം മുന്നോക്ക ഹിന്ദുക്കള്‍ക്ക് ഭരണഘടനാ വിരുദ്ധമായ സംവരണം പ്രഖ്യാപിച്ച് അവരുടെ വ്യാജ രക്ഷാകര്‍ത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണഘടന വിഭാവനം ചെയ്ത സാമൂഹിക നീതിയും അവസര സമത്വവും പോലും ലഭ്യമായിട്ടില്ലാത്ത 73 ശതമാനം വരുന്ന ബഹുഭൂരിപക്ഷം പിന്നോക്ക, അതിപിന്നോക്ക, ദളിത് ആദിവാസി വിഭാഗങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ കയ്യൊഴിയുകയാണ് സര്‍ക്കാര്‍.

യു.ജി.സി നിയമപ്രകാരം എയ്ഡഡ് കോളേജുകളില്‍ സംവരണം നടപ്പിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രംഗത്തിറങ്ങിയ എന്‍.എസ്.എസിന്റെ ആവശ്യങ്ങളോടാണ് സര്‍ക്കാര്‍ പ്രതിബദ്ധത കാണിക്കുന്നതെന്നതും ഗൗരവമായി കാണേണ്ടതുണ്ട്.

സംവരണം നിര്‍ത്തലാക്കണമെന്ന ആര്‍.എസ്.എസിന്റേയും, 2024 ഓടെ ന്യൂനപക്ഷ, പിന്നോക്ക, ദളിത്,ആദിവാസി സംവരണം പരിപൂര്‍ണമായും അവസാനിപ്പിക്കുമെന്നും ഇന്ത്യന്‍ ബ്രാഹ്മണര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ഭരണഘടന തന്നെ മാറ്റിയെഴുതണമെന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടയോടാണ് കേരളത്തിലെ ഇടത് പക്ഷ സര്‍ക്കാര്‍ സഖ്യം ചേര്‍ന്നിരിക്കുന്നത്.

 

മുന്നോക്ക സംവരണം ബി.ജെ.പിക്ക് പോലും നടപ്പാക്കാന്‍ കഴിയാത്ത വിപ്ലവപരമായ നടപടിയാണെന്ന് പ്രകീര്‍ത്തിച്ച് രാഹുല്‍ ഈശ്വറിനെപ്പോലുള്ള ഹിന്ദുത്വ ശക്തികള്‍ രംഗത്ത് വരുന്നത് ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്.

സംവരണം നല്‍കുന്നതിലൂടെ ഹിന്ദുത്വ ശക്തികളില്‍ നിന്നും മുന്നോക്കക്കാരെ വളര്‍ത്തിയെടുക്കാം എന്ന മൂഢവിശ്വാസമാകാം ഇടതുസര്‍ക്കാരിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്നാല്‍ 73 ശതമാനം വരുന്ന പിന്നോക്ക ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തെ കണ്ണടച്ച് ഇരുട്ടിലാക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെമ്പാടും ഹിന്ദുത്വ ഫാസിസത്തിനെതിരെ പിന്നോക്കക്കാരും, ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളും മറ്റും അവരുടെ ഭരണഘടനാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അംബേദ്ക്കര്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യുദ്ധസജ്ജരാകുമ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധ നടപടികളുമായി മുന്നോക്ക ഹിന്ദുവിന്റെ വ്യാജ കര്‍തൃത്വമേറ്റെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ സംഘപരിവാര്‍ കൂട്ടിലടയ്ക്കപ്പെടുന്ന മോഹപക്ഷികളായ് തീരുകയാണ്. ഒപ്പം പിന്നോക്ക ജനതയ്ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പും.

Advertisement